Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഈ ചിത്രം തിയറ്ററില്‍ വരുമ്പോള്‍ അതു കാണാനുള്ള ചങ്കുറപ്പില്ല’

mani-vinayan

കലാഭവൻ മണിയുടെ ജീവിതകഥ ആസ്പദമാക്കി സംവിധായകൻ വിനയൻ ഒരുക്കുന്ന ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ഭാഗമാകാൻ കഴിഞ്ഞതിന്റെ അനുഭവം പങ്കുവച്ച് സഹോദരനും നർത്തകനുമായ ആർ.എൽ.വി.രാമകൃഷ്ണന്‍. ചിത്രത്തിൽ മണിയുടെ പ്രശസ്തമായ 'ചാലക്കുടി ചന്തയ്ക്കുപോയപ്പോൾ' എന്നു തുടങ്ങുന്ന നാടൻ പാട്ട് പാടിയിരിക്കുന്നത് രാമകൃഷ്ണനാണ്. പാട്ട് പാടിയതും ചിത്രീകരണത്തിൽ പങ്കാളിയായതുമൊക്കെ ചേർന്ന കണ്ണീർക്കുറിപ്പാണ് രാമകൃഷ്ണന്റേത്. ലൊക്കേഷനിൽ വിനയനും മണിയായി വേഷമിടുന്ന  രാജാമണിക്കുമൊപ്പമുള്ള ചിത്രവും ഒപ്പമുണ്ട്. സിനിമയുടെ ലൊക്കേഷനിൽ എത്തിയപ്പോൾ എടുത്ത ഫോട്ടോ വിനയൻ സർ ഇന്ന് അയച്ചു തന്നതാണ് എന്ന് തുടങ്ങുന്ന കുറിപ്പാണ് രാമകൃഷ്ണന്റേത്.

പലരും തന്നോട് ചോദിച്ചിരുന്നു വിനയൻ സാർ പടത്തിലേക്ക് വിളിച്ചില്ലേ എന്ന്. ഈ ചിത്രത്തിൽ തന്റെ വേഷം ചെയ്യാൻ വിനയൻ സാർ  ക്ഷണിച്ചിരുന്നു. പക്ഷെ ഞങ്ങൾ ജീവിച്ച ജീവിതത്തിൽ ഇനി അഭിനയിക്കാൻ വയ്യ എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നുവെന്ന് രാമകൃഷ്ണൻ പറയുന്നു.

രാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം–

ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ലൊക്കേഷനിൽ ചെന്നപ്പോൾ എടുത്ത ഫോട്ടോ വിനയൻ സാർ ഇന്ന് വാട്സാപ്പിൽ അയച്ചു തന്നു. പലരും എന്നോടു ചോദിച്ചിരുന്നു വിനയൻ സാർ പടത്തിലേക്ക് വിളിച്ചില്ലേ എന്ന്. ഈ ചിത്രത്തിൽ എന്റെ വേഷം ചെയ്യാൻ വിനയൻ സാർ എന്നെ ക്ഷണിച്ചിരുന്നു. പക്ഷെ ഞങ്ങൾ ജീവിച്ച ജീവിതത്തിൽ ഇനി അഭിനയിക്കാൻ വയ്യ എന്ന് പറഞ്ഞ് ഞാനൊഴിയുകയായിരുന്നു.

മണി ചേട്ടൻ പാടിയ ചാലക്കുടി ചന്തയ്ക്ക് പോയപ്പോൾ എന്ന പാട്ട് പഴയ റെക്കോഡിങ്ങ് ആയതിനാൽ അതിന്റെ പുതിയ റീമിക്സിങിൽ പാടാൻ ക്ഷണിച്ചു . വളരെ പേടിയുണ്ടായിരുന്നു ഈ ഉദ്യമം ഏറ്റെടുക്കാൻ. വിനയൻ സാറും മാരുതി കാസറ്റ്സ് സതീഷേട്ടനും വളരെ ധൈര്യം തന്നു. തൃശൂരിലായിരുന്നു റെക്കോഡിങ്ങ്. 4വരി പാടി ആദ്യം അയച്ചുകൊടുത്തു. 

കുറച്ചു കഴിഞ്ഞ് സാർ വിളിച്ചു പറഞ്ഞു ധൈര്യമായിട്ട് മുഴുവനും പാടിയിട്ട് പോയാ മതിയെന്ന്. മണി ചേട്ടനോളം ഞാൻ എത്തില്ല എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. എങ്കിലും വിനയൻ സാർ എന്നെ വിട്ടില്ല. എന്റെ സഹോദരന്റെ ഗുരു അങ്ങനെ എനിക്കും ഗുരുവായി അതും ഞാനൊട്ടും പ്രതീക്ഷിക്കാത്ത മേഖലയിൽ... വിനയൻ സാർ കുട്ടി..... എന്ന് വിളിക്കുമ്പോൾ നമ്മുടെ എല്ലാ വിഷമവും പോകും. 

ചേട്ടന്റെ വിയോഗശേഷം ഒരു കുടുംബാഗം എന്ന പോലെ സാർ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ഡബ്ബിങ് സമയത്ത് സാർ വിളിച്ചു കുട്ടി.... നീയൊന്ന് എറണാകുളത്തേക്ക് വരണം. ഞാൻ കാര്യം അറിയാതെ എറണാകുളത്തേക്ക് ചെന്നു. അവിടെ ചെന്ന് ഒരു സീൻ കാണിച്ചു തന്നിട്ട് പറഞ്ഞു ചേട്ടൻ പാടിയ "മേലേ പടിഞ്ഞാറു സൂര്യൻ " എന്ന പാട്ടിന്റെ ഒരു വരി പാടണമെന്ന് .ആ സീൻ കണ്ടപ്പോൾ എന്റെ ചങ്ക് തകർന്ന് പോയി. പാടി മുഴുപ്പിക്കാതെ, തൊണ്ടയിടറി റെക്കോഡിങ് സ്യൂട്ടിൽ നിന്ന് പുറത്ത് വന്ന് പൊട്ടി കരഞ്ഞു.വിനയൻ സാർ വന്ന് കെട്ടി പിടിച്ച് സമാധാനിപ്പിച്ചു.

മണി ചേട്ടന് കൊടുക്കുന്ന ഒരു ആദരമാണ് ഈ സിനിമ. "എനിക്ക് അവന് കൊടുക്കാൻ പറ്റുന്ന വലിയ ഒരു ആദരം"സാർ വികാരത്തോടെ പറഞ്ഞു.ഒരു പക്ഷെ ചരിത്രത്തിലാദ്യമായിരിക്കും ഒരു ഗുരു ശിഷ്യനെ ആദരിക്കുന്നത്. എന്റെ ചേട്ടന് ജീവസുറ്റ കഥാപാത്രങ്ങൾ നൽകി കലാഭവൻ മണിയെ ഇന്ത്യയിലെ കഴിവുറ്റ നടന്മാർക്കൊപ്പം എത്തിച്ച പ്രിയ ഗുരു, സംവിധായകൻ, അതിലുമപ്പുറം ഇപ്പോൾ ഞങ്ങൾക്ക് കൂടപിറപ്പിന്റെ സ്നേഹം കൂടി തരുന്ന മനുഷ്യ സ്നേഹി എന്തു പറഞ്ഞാലും മതിവരില്ല. ഈ ചിത്രം തിയറ്ററിൽ വരുമ്പോൾ ഞങ്ങൾക്ക് അതു കാണാനുള്ള ചങ്കുറപ്പില്ല .. എങ്കിലും ഒരു ഗുരു ശിഷ്യന് നൽകുന്ന ആദരവ് ചരിത്രത്തിന്റെ ഭാഗമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

രാമകൃഷ്ണന്റെ പോസ്റ്റ് വിനയനും പങ്കുവച്ചിരുന്നു. 'ചാലക്കുടിക്കാരന്‍ ചങ്ങാതി' മണിക്കുള്ള ആദരവായി തന്നെയാണ് ഒരുക്കിയിട്ടുള്ളതെന്നും താന്‍ ഒത്തിരി സ്‌നേഹിക്കുകയും.. കലാജീവിതത്തില്‍ ഒരുമിച്ച് ഒരുപാടു സഞ്ചരിക്കുകയും ചെയ്ത കലാഭവന്‍ മണിയുടെ അനുജന് മലയാളികള്‍ക്ക് ഒരുപാട് സര്‍ഗസംഭാവനകള്‍ ചെയ്യാനുള്ള കരുത്തുണ്ടാകട്ടേ എന്നും വിനയന്‍ കുറിച്ചു.

വിനയന്റെ കുറിപ്പ് വായിക്കാം–

മണിയുടെ അനുജൻ ആർ.എൽ.വി രാമകൃഷ്ണൻ എഴുതിയ വാക്കുകൾ വായിച്ചപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു.. പരസ്പരം ബഹുമാനിക്കുകയും, സ്നേഹിക്കുകയും, ആദരിക്കേണ്ടവരെ ആദരിക്കുകയും, പ്രതികരിക്കേണ്ട സമയത്ത് സത്യസന്ധമായി, നിർഭയം പ്രതികരിക്കുകയും ഒക്കെ ചെയ്യുമ്പോളുള്ള മനസ്സിൻെറ സുഖം ഒന്നു വേറെ തന്നെയാണ്..!

"ചാലക്കുടിക്കാരൻ ചങ്ങാതി" മണിക്കുള്ള ആദരവായി തന്നെയാണ് ഒരുക്കിയിട്ടുള്ളത്.. ഒപ്പം സത്യസന്ധമായ ചില വിശകലനങ്ങളും.. ചിത്രത്തിലെ "ചാലക്കുടിച്ചന്തക്കു പോകുമ്പോൾ" എന്ന ഗാനം റീമിക്സ് ചെയ്തപ്പോൾ അതു പാടാനായി രാമകൃഷ്ണനെ നിർബന്ധിച്ചതു ഞാൻ തന്നെയാണ്..ശരിയാകുമോ എന്ന് രാമകൃഷ്ണന് ഭയമായിരുന്നു. ചിത്രത്തിന്റെ റിലീസിനു മുൻപു തന്നെ യൂ ട്യൂബിൽ റിലീസുചെയ്ത ഗാനം ഇപ്പോൾ സൂപ്പർ ഹിറ്റായിരിക്കയാണ്. രാമകൃഷ്ണന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...

ഞാൻ ഒത്തിരി സ്നേഹിക്കുകയും.. കലാജീവിതത്തിൽ ഒരുമിച്ച് ഒരുപാടു സഞ്ചരിക്കുകയും ചെയ്ത കലാഭവൻ മണിയുടെ അനുജന് മലയാളികൾക്കു ഒരുപാട് സർഗസംഭാവനകൾ ചെയ്യാനുള്ള കരുത്തുണ്ടാകട്ടേ എന്നാശംസിക്കുന്നു..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.