Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ ‘മാഡം’ ആക്കി, വേദനിച്ചത് കുടുംബത്തിന്: നമിത പ്രമോദ്

namitha-pramod

സിനിമാരംഗത്തുണ്ടായ ചില പ്രശ്നങ്ങളിൽ തന്റെ പേര് വലിച്ചിഴച്ചത് കുടുംബത്തിന് വേദനയുണ്ടാക്കിയെന്ന് നമിത പ്രമോദ്. ദിലീപേട്ടന്റെ കേസുമായി ബന്ധപ്പെട്ട് ഒരു വാർത്ത ചാനൽ എന്നെ ‘മാഡം’ ആക്കി മാറ്റി. അന്ന് ഞാൻ പ്രിയൻ സാറിന്റെ തമിഴ് സിനിമയിൽ അഭിനയിക്കുകയാണ്. എന്നെ അത് മാനസികമായി ബാധിച്ചില്ല, പക്ഷേ കുടുംബത്തിന് അങ്ങനെ അല്ലായിരുന്നു.’–നമിത വ്യക്തമാക്കി.

‘ഇത്തരം കേസുമായി ബന്ധപ്പെട്ട് സ്വന്തം മകളുടെ പേര് വലിച്ചിഴയ്ക്കുമ്പോൾ അമ്മയ്ക്കും മറ്റുള്ളവർക്കും ഉണ്ടാകുന്ന പേടി ഓർത്തുനോക്കൂ. ഞങ്ങളുടേത് സാധാരണ കുടുംബമാണ്, എന്റെ പ്രായം തന്നെ എത്രയുണ്ട്? ഇങ്ങനെയുള്ള റിപ്പോർട്ടുകള്‍ കൊടുക്കുമ്പോൾ ഈ കാര്യങ്ങളൊക്കെ അവരുമൊന്ന് ചിന്തിക്കണം, കൃത്യതയാണ് പ്രധാനമായും വേണ്ടത്.’

‘സാധാരണ വിവാദങ്ങളെ തള്ളിക്കളയുകയാണ് ചെയ്യാറൊള്ളൂ. എന്നാൽ ഇത്തരം വാർത്തകൾ അങ്ങനെയല്ല. ആരോ പറഞ്ഞാണ് ഈ വാർത്തയെക്കുറിച്ച് ഞാൻ അറിയുന്നത്. ഈ വാർത്തയുടെ സത്യാവസ്ഥ അറിയാൻ മാധ്യമപ്രവർത്തകരും വിളിച്ചു. എന്നാൽ ഇതൊക്കെ വന്നതുപോലെ തന്നെ പെട്ടന്ന് പോകുകയും ചെയ്തു. ആളുകളും അത് അത്ര ചർച്ച ചെയ്തില്ല. എന്റെ പേര് അവിടെ എന്തിന് കൊണ്ടുവന്നുവെന്നതിനെക്കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. അത് കഴിഞ്ഞാൽ മറ്റുകാര്യങ്ങളുമായി ഞാൻ മുന്നോട്ടു പോകും.’ നമിത പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.

ദിലീപിനൊപ്പമുള്ള പുതിയ ചിത്രം പ്രൊഫസർ ഡിങ്കന്റെ വിശേഷങ്ങളും നമിത പങ്കുവച്ചു. മാജിക്കിന്‍റെ പശ്ചാത്തലത്തിലുളള ചിത്രമാണ് പ്രൊഫസർ ഡിങ്കനെന്ന് നമിത പറയുന്നു.അവതാർ പോലുളള സിനിമകൾ തിയറ്ററുകളിൽ അന്തം വിട്ടിരുന്ന് കണ്ടിരുന്ന താൻ പ്രൊഫസർ ഡിങ്കൻ ത്രിഡിയാണെന്ന് റാഫി പറഞ്ഞപ്പോൾ “ത്രി ഡി തന്നെയാണോ?”എന്ന് അത്ഭുതത്തോടെ ചോദിച്ചുവെന്നും നമിത പറയുന്നു. ചിത്രത്തിൽ റാഫി അവതരിപ്പിക്കുന്ന മജീഷ്യന്‍റെ മകളുടെ വേഷമാണ് തനിക്കെന്ന് നമിത വെളിപ്പെടുത്തി.

‘റാഫി ഇക്കയാണ് ചിത്രത്തെക്കുറിച്ച് ആദ്യം എന്നോട് പറയുന്നത്. ഈ സിനിമയുടെ തിരക്കഥയും അദ്ദേഹം തന്നെയാണ്. റോൾ മോഡൽസിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച ആളെന്ന നിലയിൽ കൂടുതലൊന്നും എനിക്ക് ചോദിക്കേണ്ടി വന്നില്ല. മാജിക്കിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ. ശരിക്കും ഫാന്റസിയും മാജിക്കും പ്രമേയമാകുന്ന സിനിമകൾക്ക് ത്രിഡി നന്നായി ചേരും.’

‘ദിലീപേട്ടനും റാഫി ഇക്കയും സിനിമയ്ക്ക് വേണ്ടി മാജിക് പ്രൊഫഷനലായി പഠിച്ചു. എന്റെ കഥാപാത്രത്തിന് അതിന്റെ ആവശ്യമില്ല. വസ്ത്രത്തിലാണ് ഞാൻ ചെയ്യുന്ന കഥാപാത്രം വ്യത്യസ്തമാകുന്നത്.’–നമിത പറഞ്ഞു.