‘വായ് മൂടെടാ പിസി’ കാംപെയ്ൻ; പി.സി. ജോർജിനെതിരെ പാർവതി

പൂഞ്ഞാർ എംഎൽഎ പി.സി. ജോർജിനെതിരെ നടി പാർവതിയും. കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി. ജോർജിനെതിരെ നടത്തുന്ന വായ മൂടടാ പിസി എന്ന ഹാഷ്ടാഗ് കാംപെയ്ന് പിന്തുണയുമായാണ് പാർവതി എത്തിയത്.

കാംപെയ്നിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. പി.സി. ജോര്‍ജിന്റെ വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു. അതേസമയം, നീതിക്ക് വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നുവെന്നും അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും താരം തന്റെ ട്വിറ്ററില്‍ കുറിച്ചു. ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു.

അതിനിടെ ബോളിവുഡിലും പി.സി. ജോർജിനെതിരെ പ്രതിഷേധം ഉയരുകയാണ്. രവീണ്ട ടണ്ടൻ, സ്വര ഭാസ്കർ എന്നിവർ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. എംഎൽഎ പറഞ്ഞത് തീർത്തും അരോചകരമാണെന്നും ഇത് ലജ്ജിപ്പിക്കുന്നുണ്ടെന്നും സ്വര ട്വീറ്റ് ചെയ്തു. മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ദ്രവീകരണം സമൂഹത്തെ മലിനീകരിക്കുന്നതായും ഇത് ഛർദിക്കാനുള്ള ഇട വരുത്തുന്നുവെന്നും നടി സ്വര ഭാസ്കർ ട്വീറ്റ് ചെയ്തു.