രണ്ട് ബാഹുബലി ചേർന്നാൽ 2.0; ബജറ്റ് 544 കോടി

2point-zero-budget
SHARE

ഇന്ത്യൻ സിനിമാപ്രേക്ഷകരെ വിസ്മയിപ്പിച്ച് ശങ്കറിന്റെ ബ്രഹ്മാണ്ഡചിത്രം 2.0യുടെ ആദ്യടീസർ പുറത്തിറങ്ങിയിരിക്കുന്നു. ഇന്റർനെറ്റിൽ റിലീസ് ചെയ്ത് വെറും മൂന്നുമണിക്കൂറുകൾകൊണ്ട് 27 ലക്ഷം ആളുകളാണ് ടീസർ കണ്ടത്. ഇതുവരെ രണ്ടരലക്ഷം ലൈക്സും ഇരുപതിനായിരം ഡിസ്‌ലൈക്സും ലഭിച്ചു. സിനിമയുടെ തമിഴ്, തെലുങ്ക് , ഹിന്ദി ടീസറുകളാണ് റിലീസ് ചെയ്തിരിക്കുന്നത്.

2.0 Tamil Movie Teaser

എന്നാൽ ടീസര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ടീസറിലെ ഗ്രാഫിക്സ് രംഗങ്ങളുടെ മികവുകുറവാണ് വിമർശനങ്ങൾക്ക് പ്രധാനകാരണം. എന്നാൽ ത്രിഡി ചിത്രമായതിനാലാണ് 2ഡി കാഴ്ചയിൽ മികവു കുറ​ഞ്ഞുകാണുന്നതെന്ന് സിനിമാ വിദഗ്ധർ പറയുന്നു.

542 കോടി രൂപ മുതല്‍ മുടക്കിലാണ് 2.0 ഒരുക്കിയിരിക്കുന്നത്‌. ലോകത്തൊട്ടാകെയുള്ള മൂവായിരത്തോളം വരുന്ന സാങ്കേതിക വിദഗ്ധര്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഹോളിവുഡ് സിനിമകളുടെ നിലവാരത്തോട് 2.0 കിടപിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

ഇന്ത്യയിലെ ആദ്യത്തെ 75 മില്യൻ ഡോളർ വിഎഫ്എക്സ് വണ്ടർ എന്നാണ് ഹോളിവുഡിെല വൈറൈറ്റി മാസിക ചിത്രത്തെ വിശേഷിപ്പിച്ചത്. രാജമൗലിയുടെ ബാഹുബലി രണ്ടുഭാഗങ്ങളുടെ മുതൽമുടക്ക് നോക്കിയാലും 2.0യുടെ ഒപ്പമെത്തില്ല. എന്തിന് ഹോളിവുഡിലെ വമ്പൻ സിനിമകൾ പോലും ബജറ്റിന്റെ കാര്യത്തിൽ ഈ ശങ്കർ ചിത്രത്തിന്റെ പുറകിലാണ്.

സൂപ്പർഹീറോ ഫിലിംസിലെ ഏറ്റവും ചെലവ് കുറഞ്ഞ ഡെഡ്പൂളിന്റെ (2016) ബജറ്റ് 58 മില്യൻ ആണ്. ചിത്രം വാരിയതോ 783 മില്യനും. 2018ലെ കണക്ക് വെച്ച് നോക്കിയാലും ചിത്രത്തിന് 60 മില്യനിൽ കൂടുതൽ മുടക്ക് ഉണ്ടാകുകയില്ല.

2017ല്‍ റിലീസ് ചെയ്ത ഇറ്റ് എന്ന ഹൊറർ ചിത്രം 35 മില്യന്‍ ബജറ്റിലാണ് നിർമിച്ചത്. ചിത്രം 700 മില്യൻ വാരി.

കോൺജറിങ് യൂണിവേർസലിലെ മൂന്നുചിത്രങ്ങൾക്കും മുടക്കിയത് 82 മില്യൻ ഡോളറാണ്. ദ് നൺ (22 മില്യൻ), കോൺ‍ജറിങ് 2 (40 മില്യൻ), കോൺജറിങ് (20 മില്യൻ).

Enthiran - Trailer

2.0 എന്ന ചിത്രത്തിന് വെല്ലുവിളിയാകുന്നതും ഇതിന്റെ മുതൽമുടക്ക് തന്നെയാണ്. ലോകമൊട്ടാകെ 10,000 സ്ക്രീനുകളിൽ ചിത്രം റിലീസിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇതുകൂടാതെ മറ്റു പതിമൂന്നു ഭാഷകളിൽ ചിത്രം മൊഴിമാറ്റിയെത്തുന്നുണ്ട്.

ഇന്ത്യൻ റിലീസിന് ശേഷമാകും വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുകയുള്ളൂ. ഹിന്ദിയിൽ കരൺ ജോഹറാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. 

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കുന്നത്. 

രജനി നായകനാകുന്ന യന്തിരൻ 2വിൽ അക്ഷയ് കുമാർ ആണ് വില്ലൻ വേഷത്തിലെത്തുന്നത്. 2010ൽ പുറത്തിറങ്ങിയ യന്തിരന്റെ തുടർച്ചയാണ് 2.0. രജനി ഡബിൾ റോളിലാണ് എത്തുന്നത്. സുധാൻഷു പാണ്ഡെ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, റിയാസ് ഖാൻ എന്നിവരാണ് മറ്റുതാരങ്ങൾ.

രജനിക്ക് അക്ഷയ് കുമാർ വില്ലനായി എത്തുന്നു എന്നതാണ് യന്തിരൻ 2വിന്റെ പ്രധാന ആകർഷണ ഘടകം. ഒരു ബോളിവുഡ് സൂപ്പർതാരം രജനിക്ക് വില്ലനായി എത്തുന്നത് തന്നെ ആദ്യം. 450 കോടി മുതൽമുടക്കുമായി എത്തുന്ന ചിത്രത്തിൽ ആമി ജാക്സൺ ആണ് നായിക. നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു

മുത്തുരാജ് ആണ് കലാസംവിധാനം. യന്തിരന്റെ ആദ്യഭാഗത്തിൽ സാബു സിറിൽ ആയിരുന്നു ആർട് ഡയറക്ഷൻ. ആന്റണിയാണ് എഡിറ്റിങ്. വിഷ്വൽ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹൻ കൈകാര്യം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.

ത്രീഡിയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്സ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്സ് കമ്പനിയായ ലെഗസി ഇഫക്റ്റ്സ് ആണ് സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ട്രാൻസ്ഫോർമേഴ്സ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച ആക്ഷൻ ഡയറ്കടർ കെന്നീ ബേറ്റ്സ് ആണ് യന്തിരൻ 2വിന്റെ ആക്‌ഷൻ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. വിഎഫ്എക്സ് ലൈഫ് ഓഫ് പൈ ടീമായ ജോൺ ഹഗ്സ്, വാൾട്. നവംബർ 29ന് ചിത്രം തിയറ്ററുകളിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA