Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പോരാട്ടത്തില്‍ ഞാനുമുണ്ട് : ആഞ്ഞടിച്ച് മഞ്ജു വാരിയർ

manju-nun

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരത്തിനു പിന്തുണയുമായി മഞ്ജു വാരിയരും. ഈ പോരാട്ടത്തില്‍ താനും അണിചേരുന്നുവെന്നും കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്നു ശക്തമായി ആവശ്യപ്പെടുന്നുവെന്നും മഞ്ജു സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

മഞ്ജു വാരിയരുടെ കുറിപ്പു വായിക്കാം–

നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം. പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നു. ഈ പോരാട്ടത്തില്‍ ഞാനും അണിചേരുന്നു. കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. അത് വൈകുന്തോറും വ്രണപ്പെടുന്നത് വലിയൊരു വിശ്വാസസമൂഹത്തിന്റെ വികാരങ്ങളാണ്. വലിയ പാരമ്പര്യമുളള പുണ്യസഭയുടെ വിശ്വാസ്യതയാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നാണ്. അള്‍ത്താരയ്ക്ക് മുന്നിലെന്നോണമാണ് കന്യാസ്ത്രീകളും അവര്‍ക്കൊപ്പമുള്ള പൊതുസമൂഹവും ഇവിടത്തെ നീതിന്യായവ്യവസ്ഥയ്ക്ക് മുന്നില്‍ മുട്ടുകുത്തിനില്കുന്നത്.

നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണുതുറക്കണം. സദൃശവാക്യങ്ങളില്‍ പറയും പോലെ നീതിയും ധര്‍മനിഷ്ഠയുമാണ് ബലിയേക്കാള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമായത്. എവിടെയെങ്കിലും സ്ത്രീയുടെ സുരക്ഷയ്ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഷ്‌കൃതജനത എന്ന നമ്മുടെ അവകാശവാദത്തിനുള്ള തിരിച്ചടിയും നമ്മുടെ തോല്‍വിയും കൂടിയാണ്. അതിന് ജലന്ധറെന്നോ ഷൊര്‍ണൂരെന്നോ ഭേദമില്ല.

നീതി ജലം പോലെ ഒഴുകട്ടെ, നന്മ ഒരിക്കലും നിലയ്ക്കാത്ത അരുവി പോലെയും (ആമോസ് 5:24)