Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിന്റെ ഉറക്കം, മമ്മൂട്ടിയുടെ സ്‌നേഹമുള്ള സിംഹം; സൗഹൃദങ്ങളുടെ ക്യാപ്റ്റൻ

lal-captain

മുംബൈയിലെ മിലിട്ടറി ക്യാംപില്‍നിന്നു തുടങ്ങിയ അഭിനയഭ്രമമാണ്‌ പിന്നീടു മലയാള സിനിമയിലെ തലയെടുപ്പുള്ള കഥാപാത്രങ്ങളിലേക്കു ക്യാപ്റ്റൻ രാജുവിനെ എത്തിച്ചത്. മലയാള സിനിമയിലെ ജന്റിൽമാനായ വില്ലൻ- അതായിരുന്നു സിനിമാക്കാർക്കിടയിലെ ക്യാപ്റ്റൻ രാജു.

വെള്ളിത്തിരയില്‍ കര്‍ക്കശക്കാരനും കണിശക്കാരനുമായിരുന്നു ക്യാപ്റ്റന്‍ രാജു. രാജുച്ചായന്‍ എന്നാണ് അദ്ദേഹം സ്വയം സംബോധന ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ വീട്ടുവിശേഷങ്ങള്‍ കേട്ടറിയാത്ത സഹപ്രവര്‍ത്തകരുണ്ടാകില്ല. ഒരു ചാനല്‍ പരിപാടിയില്‍ ക്യാപ്റ്റന്‍ രാജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകൾ– ‘അന്ന് ഒരു മുറിയില്‍ രണ്ടു നടന്മാര്‍ തങ്ങുന്ന കാലമാണ്. ഷൂട്ടിങ് തുടങ്ങുന്നതിനു മുമ്പു തന്നെ ഞാന്‍ രാജുച്ചേട്ടനോടു പറയും- റൂമില്‍ ഞാനുണ്ടേ. അത്രയ്ക്കു വൃത്തിയും വെടിപ്പുമായിരുന്നു അദ്ദേഹത്തിനു ചുറ്റും. അനാവശ്യമായ കമ്പനിയോ കൂട്ടുകെട്ടോ ഒന്നും അദ്ദേഹം പ്രോല്‍സാഹിപ്പിക്കാറുണ്ടായിരുന്നില്ല.’.

അതിനു ക്യാപ്റ്റന്‍ നല്‍കിയ രസകരമായ മറുപടി ഇങ്ങനെയായിരുന്നു.-’മോഹന്‍ലാലിന് എല്ലാ സൗഹൃദങ്ങളും വേണം, എന്നാല്‍ എല്ലാം വൃത്തിയും വെടിപ്പായും ഇരിക്കുകയും വേണം. അതിനാണ് എന്നെ കൂട്ടുപിടിക്കുന്നത്. ലാലിന്റെ പ്രത്യേക രീതിയിലുള്ള ഉറക്കം ഞാനിന്നും ഓര്‍ക്കുന്നുണ്ട്. ഒരു കൊതുകു ശരീരത്തില്‍ വന്നിരുന്നാല്‍ പോലും അറിയും. ഉണരുമ്പോഴും ഷാര്‍പ്പായ ജാഗ്രത. അതാണ് ലാല്‍’.

സൈനികന്റെ കൃത്യനിഷ്ഠതയും കഠിനാധ്വാനവുമായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റെ കൈമുതല്‍. എത്ര വൈകി ഷൂട്ടിങ് അവസാനിച്ചാലും അതിരാവിലെ എത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. മദ്യമടക്കമുള്ള ലഹരികളോടു തീര്‍ത്തും പുറം തിരിഞ്ഞുനിന്ന വ്യക്തി കൂടിയായിരുന്നു ക്യാപ്റ്റൻ.

ആക്‌ഷന്‍ രംഗങ്ങളില്‍ അപാരമായിരുന്നു അദ്ദേഹത്തിന്റെ പൂര്‍ണത. ഇത്രയും റിസ്‌ക്ക് എടുക്കരുതെന്ന് മമ്മൂട്ടി പല തവണ തന്നെ ഓർമിപ്പിച്ചിരുന്നതായി ക്യാപ്റ്റന്‍ ഒരിക്കല്‍ എഴുതിയിരുന്നു.

സ്‌നേഹമുള്ള സിംഹം എന്നായിരുന്നു മമ്മൂട്ടി ദേഷ്യം വരുമ്പോള്‍ ക്യാപ്റ്റനെ വിളിച്ചിരുന്നത്. പൂര്‍ണതയ്ക്കു വേണ്ടിയുള്ള ഈ കഠിന പരിശ്രമത്തില്‍ അദ്ദേഹത്തിനു പലതവണ പരുക്കേറ്റു. ഒരു സിനിമയിലെ ആക്‌ഷന്‍ രംഗം ചിത്രീകരിക്കുമ്പോഴുണ്ടായ അപകടം അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. അഭിനയത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി സ്വന്തം ആരോഗ്യം കൊടുത്ത വ്യക്തിയായിരുന്നു അദ്ദേഹം. എന്നിട്ടും അത് എവിടെയും പറയാനോ മുതലെടുക്കാനോ സഹതാപം പിടിച്ചുപറ്റാനോ അദ്ദേഹം ശ്രമിച്ചില്ല.