Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാപ്റ്റന്‍ രാജുവിന്‍റെ സംസ്കാരം വ്യാഴാഴ്ച

നടന്‍ ക്യാപ്റ്റന്‍ രാജു (68) അരങ്ങൊഴിഞ്ഞു. ഇന്ന് രാവിലെ കൊച്ചി ചമ്പുമുക്കിലെ ഫ്ളാറ്റിലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച സ്വദേശമായ പത്തനംതിട്ട ഓമല്ലൂരില്‍ നടക്കും‍. ഒരിക്കല്‍കൂടി  ഒരുമടങ്ങിവരവ്‍ പ്രതീക്ഷിച്ചിരുന്ന ഉറ്റസുഹൃത്തുക്കളെ ഒറ്റയ്ക്കാക്കി ഇന്ന് രാവിലെ ഏഴരയോടെയാണ് ക്യാപ്റ്റന്‍ രാജു വിടവാങ്ങിയത് . രണ്ടുദിവസം മുമ്പാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി അദ്ദേഹം ഫ്ളാറ്റില്‍ തിരിച്ചെത്തിയത്.

മകന്‍ രവിക്കൊപ്പം കഴിയാന്‍ അമേരിക്കയിലേക്ക് തിരിച്ച ക്യാപ്റ്റന്‍ രാജുവിന്  ജൂണ്‍ 25നാണ് മസ്തിഷ്കാഘാതമുണ്ടായത്. തുടര്‍ന്ന് വിദേശത്ത് ആശുപത്രിയല്‍ അടിയന്തര ചികില്‍സ നല‍്കിയ ശേഷം കൊച്ചിയിലെത്തിച്ചു. തുടര്‍ന്ന് ഒരുമാസത്തോളം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അന്ത്യസമയം ഭാര്യ പ്രമീള ഒപ്പമുണ്ടായിരുന്നു. ക്യാപറ്റന്‍ രാജുവിന്റെ വിയോഗവാര്‍ത്തയറി‍ഞ്ഞ് ആദ്യമെത്തിയത് മമ്മൂട്ടിയാണ് ‌. സിനിമയോട് അത്രയേറെ ആത്മാര്‍ഥത പുലര്‍ത്തിയിരുന്ന ക്യാപ്റ്റന്‍ രാജുവിന്റെ വേര്‍പാട് തീരനാഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ സാമൂഹ്യപ്രവര്‍ത്തനരംഗത്തും സജീവമായിരുന്ന ക്യാപ്റ്റന്റെ വേര്‍പാട് ഉറ്റവര്‍ക്കെല്ലാം വേദനയായി. അമേരിക്കയിലുള്ള മകന്‍ രവി മടങ്ങിയെത്തിയ ശേഷം വ്യഴാഴ്ചയോടെ സ്വദേശമായ പത്തനംതിട്ട ഒാമല്ലൂരില്‍ സംസ്കാരം നടത്താനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. അതുവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കും. 

സ്വഭാവ നടനായും വില്ലനായും ഹാസ്യ താരമായും മലയാളികളുടെ പ്രിയതാരമായി മാറി ക്യാപ്റ്റൻ രാജു. പത്തനംതിട്ട ജില്ലയിലെ ഒാമല്ലൂർ സ്വദേശിയായ രാജു പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്രരംഗത്തെത്തിയത്. 1981ൽ പുറത്തിറങ്ങിയ ‘രക്തം’ ആദ്യ ചിത്രം. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിെഎഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ്, സാമ്രാജ്യം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയവേഷമിട്ടു. ‘ഇതാ ഒരു സ്നേഹ ഗാഥ’, ‘മിസ്റ്റർ പവനായി 99.99’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: പ്രമീള. രവിരാജ് ഏക മകൻ.

1950 ജൂണ്‍ 27-ന് കെ.ജി.ഡാനിയലിന്റെയും അന്നമ്മയുടെയും ഏഴു മക്കളില്‍ ഒരാളായി ജനനം. ഓമല്ലൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ അധ്യാപകരായിരുന്നു മാതാപിതാക്കള്‍. ഓമല്ലൂര്‍ യുപി സ്‌കൂളിലും എന്‍എസ്എസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്നു പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍നിന്നു സുവോളജി ബിരുദം നേടിയ രാജു, 21–ാം വയസില്‍ ഇന്ത്യന്‍ സൈന്യത്തില്‍ കമ്മിഷന്‍ഡ് ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു.

പട്ടാളത്തില്‍നിന്നു വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ 'ലക്ഷ്മി സ്റ്റാര്‍ച്ച്' എന്ന കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്നതിനിടെ പ്രതിഭാ തിയറ്റേഴ്‌സ് ഉള്‍പ്പെടെ മുംബൈയിലെ അമച്വര്‍ നാടക ട്രൂപ്പുകളില്‍ ക്യാപ്റ്റന്‍ രാജു സഹകരിച്ചിരുന്നു. പിന്നീടാണു ചലച്ചിത്രരംഗത്തേയ്ക്കു കടന്നത്.

1981ൽ രക്തം എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തി. എൺപതുകളുടെ കാലത്ത് മലയാളസിനിമയിലെ ശക്തമായ വില്ലൻ സാനിധ്യമായിരുന്നു ക്യാപ്റ്റൻ രാജു. ജോൺ ജാഫർ ജനാർദ്ദനൻ, മോർച്ചറി, അസുരൻ, ചങ്ങാത്തം, പാസ്പോർട്ട്, കൂലി, തിരകൾ, ഉണ്ണിവന്ന ദിവസം, അതിരാത്രം, പാവം ക്രൂരൻ,ആഴി, ഭഗവാൻ, ആവനാഴി, കരിമ്പിൻ പൂവിനക്കരെ, നിമിഷങ്ങൾ, ഒരു വടക്കൻ വീരഗാഥ, നാടോടിക്കാറ്റ്, യാഗാന്നി, മഹാൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, കാബൂളിവാല, തക്ഷശില, പുതുക്കോട്ടയിലെ പുതുമണവാളൻ, അഗ്നിദേവന്‍, ഉദയപുരം സുല്‍ത്താൻ, കേരളവർമ പഴശ്ശിരാജ, താന്തോന്നി എന്നിവ പ്രധാനചിത്രങ്ങൾ.

മമ്മൂട്ടി ചിത്രം മാസ്റ്റർപീസിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ക്യാപ്റ്റൻ രാജുവായി തന്നെയാണ് ചിത്രത്തിൽ അദ്ദേഹം എത്തിയതും.