Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുൺ ഗോപി ചിത്രവുമായി കെ. മധു വീണ്ടും നിർമാണ രംഗത്തേയ്ക്ക്

arun-madhu

പാരമ്പര്യത്തിന്റെ വിജയത്തിളക്കം ആവർത്തിക്കാൻ കരുക്കൾ ഒരുക്കുകയാണ് സംവിധായകൻ കെ.മധു. ഇത്തവണ രണ്ട് ചിത്രങ്ങൾ കെ.മധുവിന്റെ വിശ്വാസബാനറായ 'കൃഷ്ണ കൃപ'യിൽ ഒരുങ്ങും. ഹിറ്റുകളുടെ തുടർച്ച കൊയ്ത 'ഒരു സിബിഐ' പരമ്പരയിൽപെട്ട നാല് ചിത്രങ്ങളും വിജയചിത്രം എന്നതിനൊപ്പം ചില കൂട്ടച്ചേർക്കലുകളും സിനിമാചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. 

ലോക സിനിമാചരിത്രത്തിൽ തന്നെ ഒരേ നായകൻ,സംവിധായകൻ,തിരക്കഥാകൃത്ത്, സംഗീതസംവിധായകൻ എന്നിങ്ങനെ അത്യപൂർവ റിക്കോർഡുകൾ സിബിഐ പരമ്പര ചിത്രത്തിന് മാത്രം സ്വന്തം. മമ്മൂട്ടി - കെ.മധു എസ്.എൻ. സ്വാമി കൂട്ടുകെട്ടിൽ നിന്നും ഉരുത്തിരിഞ്ഞ ഹിറ്റുകളിൽ സേതുരാമയ്യർ സി.ബി.ഐ, നേരറിയാൻ സി.ബി.ഐ എന്നീ ചിത്രങ്ങളുടെ നിർമാണവും സംവിധായകൻ കെ.മധുവിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണ കൃപ എന്ന ബാനറിന്റേതായിരുന്നു. തുടർന്ന് എ.കെ സാജൻ തിരക്കഥ ഒരുക്കിയ നാദിയ കൊല്ലപ്പെട്ട രാത്രിയും.

'കൃഷ്ണ കൃപ' ഈ വർഷം നിർമാണ പ്രവർത്തനം തുടങ്ങി വച്ച ആദ്യ ചിത്രത്തിന്റെ സംവിധായകനെയും തിരക്കഥാകൃത്തിനെയും കെ.മധു കണ്ടെത്തിയത് സ്വന്തം ശിഷ്യഗണത്തിൽ നിന്നു തന്നെ. രാമലീല എന്ന കന്നിച്ചിത്രത്തിലൂടെ ഹിറ്റ് കരസ്ഥമാക്കിയ അരുൺ ഗോപിയാണ് ആദ്യ ചിത്രത്തിന്റെ സംവിധായകൻ. മലയാളത്തിലെ വിലപിടിപ്പുളള തിരക്കഥാകൃത്തായ ഉദയകൃഷ്ണയുടെതാണ് തിരക്കഥ.

 മികച്ച സംവിധായകനെന്ന് പേരെടുത്ത എം.പത്മകുമാറാണ് കൃഷ്ണ കൃപയുടെ രണ്ടാം ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ റോബിൻ തിരുമലയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വൻ താരനിരയോടെ എത്തുന്ന രണ്ടു ചിത്രങ്ങളുടെയും ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. 

ഇരു ചിത്രങ്ങളുടെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും റോബിൻ തിരുമലയാണ്.  പ്രസാദ് കണ്ണൻ മീഡിയാ കണ്ടന്റ് കൺസൾട്ടന്റായി പ്രവർത്തിക്കുന്നു. തെലുങ്ക് സൂപ്പർതാരം റാണ ദഗുപതിയെ നായകനാക്കി  ആധുനിക തിരുവിതാംകൂറിന്റെ ശിൽപ്പിയായ മാർത്താണ്ഡവർമ്മ മഹാരാജാവിനെക്കുറിച്ചുള്ള "അനിഴം തിരുന്നാൾ മാർത്താണ്ഡ വർമ്മ ദ് കിംഗ് ഓഫ് ട്രാവൻകൂർ'' എന്ന ചിത്രത്തിന്റെ അവസാന മിനുക്കുപണിക്കായ് കാനഡയിലാണ് ഇപ്പോൾ സംവിധായകൻ കെ.മധു. വമ്പൻ ചിത്രങ്ങളുടെ കാഴ്ച വസന്തമൊരുക്കുകയാണ് കെ.മധുവിന്റെയും റോബിൻ തിരുമലയുടെയും ലക്ഷ്യം.