Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞാലി മരയ്ക്കാറിൽ സുനിൽ ഷെട്ടിയും അർജുനും

marakkar

കുഞ്ഞാലിമരയ്ക്കാറുടെ ജീവിതം പ്രമേയമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ വൻതാരനിര. ബോളിവുഡ് താരം സുനിൽ ഷെട്ടി, അർജുൻ, പ്രഭു തുടങ്ങിയ സൂപ്പർതാരങ്ങളാണ് മോഹൻലാലിനൊപ്പം ചിത്രത്തിൽ എത്തുക. 

നവംബര്‍ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്ന സിനിമയിൽ പ്രണവ് മോഹൻലാലും അഭിനയിക്കുന്നുണ്ട്.കുഞ്ഞാലിമരക്കാറിന്റെ ചെറുപ്പകാലമാകും പ്രണവ് അവതരിപ്പിക്കുക. ചിത്രത്തിന്റെ ആദ്യപകുതിയിലാണ് പ്രണവ് എത്തുക. ബാക്കി അഭിനേതാക്കളെക്കുറിച്ച് വരും ദിവസങ്ങളില്‍ വെളിപ്പെടുത്തലുകളുണ്ടാകുമെന്നാണ് സൂചന.

ഇതാദ്യമായല്ല സുനില്‍ ഷെട്ടി പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ കാക്കക്കുയില്‍ എന്ന ചിത്രത്തില്‍ മുമ്പ് സുനില്‍ ഷെട്ടി അഭിനയിച്ചിട്ടുണ്ട്. മരയ്ക്കാറില്‍ സുനില്‍ ഷെട്ടിയും അര്‍ജുനും വളരെ പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരുടേതും സാങ്കല്‍പ്പിക കഥാപാത്രങ്ങളല്ലെന്നും എന്നാല്‍ ചരിത്രത്തില്‍ അധികം പരാമര്‍ശിക്കപ്പെടാതെ പോയ വ്യക്തിത്വങ്ങളാണ് അവരെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കി. 

22 വർഷത്തിന് ശേഷം മോഹൻലാലും പ്രഭുവും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. അതും പ്രിയദർശൻ ചിത്രത്തിലൂടെ തന്നെ. 1996ല്‍ പുറത്തിറങ്ങിയ കാലാപാനി എന്ന ചിത്രത്തിന് ശേഷം പ്രിയദർശന്റെ തന്നെ കുഞ്ഞാലിമരക്കാറിലാണ് പ്രഭുവും മോഹൻലാലും വീണ്ടും ഒന്നിക്കുന്നത്. 

നിലവില്‍ ചിത്രത്തിലേക്ക് മറ്റു അഭിനേതാക്കളെ നിശ്ചയിക്കുന്നതിനുള്ള തിരക്കിലാണ് പ്രിയദര്‍ശന്‍. തമിഴ്‌നാട്ടിലെ രാമേശ്വരം, കര്‍ണ്ണാടകയില്‍ ബാദ്മി, ഹൈദരാബാദ്, വാഗമണ്‍ എന്നിവിടങ്ങളായിരിക്കും പ്രധാനലൊക്കേഷന്‍. മധു , നെടുമുടിവേണു, രഞ്ജി പണിക്കര്‍, സിദ്ദിഖ് എന്നിവര്‍ ചിത്രത്തിലുണ്ടാകും.

മരക്കാർ, അറബിക്കടലിന്റെ സിംഹം എന്നാണ് പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് ചിത്രത്തിന് പേര്. ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ൻമെന്റും ചേർന്നും. നൂറുകോടിയാണ് ബജറ്റ്. പ്രിയദർശന്റെ 95 ാമത്തെ ചിത്രമാണ് മരക്കാർ; ആശീർവാദിന്റെ 25 ാമത്തേതും.