Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കായംകുളം കൊച്ചുണ്ണിയിലെ കേരളം കാത്തിരുന്ന ആ രഹസ്യം പുറത്ത്?

Leaked Phone Call between Mohanlal And Rosshan Andrews

ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെ കേരളം കാത്തിരുന്ന ആ രഹസ്യം പുറത്ത്. സിനിമയുടെ സംവിധായകനായ റോഷൻ ആൻഡ്രൂസും മോഹൻലാലും തമ്മിലുള്ള സംഭാഷണം വാട്ട്സാപ്പിലൂടെ ചോർന്നതോടെയാണ് ആ രഹസ്യവും പുറത്തായത്. ചിത്രത്തിന്റെ ഡബ്ബിങ്ങ് സ്റ്റുഡിയോയിൽ നിന്നുള്ള സംഭാഷണമാണ് പുറത്തായതെന്നാണ് അണിയറപ്രവർത്തകരിൽ നിന്നുള്ള വിവരം.

rosshan-lal-

കായംകുളം കൊച്ചുണ്ണിയുടെ പേരിൽ അമ്പലമുള്ള കാര്യമാണ് റോഷൻ ആൻഡ്രൂസ് മോഹൻലാലിനോട് വിശദീകരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി അടുത്തുള്ള ഏടപ്പാറ മലദേവർ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് കൊച്ചുണ്ണിയാണ്‌. ഇക്കാര്യം മോഹൻലാൽ തന്റെ ശബ്ദത്തിലൂടെ പറയുന്നതാണ് ലീക്ക് ചെയ്ത ഓഡിയോയിൽ കേൾക്കാനാകുന്നത്. ഇതേ അമ്പലത്തിൽ നിന്നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചതെന്നും  റോഷൻ പറയുന്നുണ്ട്.

മോഹൻലാലിന്റെ വാക്കുകൾ–പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി ഗ്രാമത്തിൽ ഏടപ്പാറ മലദേവർ നട ക്ഷേത്രത്തില്‍ ഈ മുസൽമാൻ ഇന്നും കുടികൊള്ളുന്നു. പാവപ്പെട്ടവന്റെ കണ്ണീർ ഒപ്പുന്ന, ജാതിക്കും മതത്തിനും അതീതമായി ദൈവസങ്കൽപമായി കായംകുളം കൊച്ചുണ്ണി.

ചിത്രം അടുത്തമാസം റിലീസിനൊരുങ്ങവെയാണ് ഈ വിവരം ലീക്ക് ആയി പുറത്തുവന്നിരിക്കുന്നത്. 45 കോടിയാണ് മുതൽമുടക്ക്. ഏകദേശം പതിനായിരത്തോളം ജൂനിയർ ആർടിസ്റ്റുകൾ ചിത്രത്തിൽ അഭിനയിച്ചുണ്ട്. 161 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ.

ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തില്‍ അതിഥിതാരമായി മോഹന്‍ലാലുമുണ്ട്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ൻ എന്നിവരാണ് മറ്റുതാരങ്ങൾ. 

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ നിർമാണം ശ്രീ ഗോകുലം മൂവീസ്. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാൻ ആണ് കൊച്ചുണ്ണിയുടെ ക്യാമറ. ബാഹുബലിയുടെ പ്രൊഡക്‌ഷൻ കോ-ഓർഡിനേറ്റ് ചെയ്ത ‘ഫയർ ഫ്ലൈ’ ആകും കൊച്ചുണ്ണിയുടെയും നിർമാണ ഏകോപനം. ബാഹുബലിയുടെയും തലാഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണു കൊച്ചുണ്ണിക്കും ശബ്ദം ഒരുക്കുന്നത്.  ആറ്-ഏഴ് ആക്‌ഷൻ സീനുകളുണ്ട്. ദക്ഷിണാഫ്രിക്കൻ സംഘം ഉൾപ്പടെയുള്ളവരാവും ഇത് ഒരുക്കിയിരിക്കുന്നത്.