Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരീക്ഷണമായിരുന്നെങ്കിൽ സ്വന്തം പണം മുടക്കണമായിരുന്നു: പൃഥ്വിയോട് ‘രണം’ നിർമാതാവ്

biju-prithviraj

രണം പരാജയമാണെന്ന് പൊതുവേദിയിൽ സമ്മതിച്ച പൃഥ്വിരാജിനെതിരെ ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ബിജു ലോസൺ. തിയറ്ററുകളിൽ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന സിനിമയെക്കുറിച്ച് ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം മുടക്കി അത് നിര്‍മിക്കണമായിരുന്നുവെന്നും ബിജു പറഞ്ഞു.

നേരത്തെ പൃഥ്വിയുടെ പ്രസ്താവനയ്ക്കെതിരെ നടൻ റഹ്മാനും രംഗത്തുവന്നിരുന്നു. റഹ്മാന്‍ ഫെയ്സ്ബുക്കില്‍ നടത്തിയ പ്രതികരണത്തിന് താഴെ നടന്ന ചര്‍ച്ചയിലാണ് ബിജു ലോസണിന്റെ പ്രതികരണം. പൃഥ്വി പറഞ്ഞത് വസ്തുതയാണെന്നും ചിത്രം ഗംഭീരമാണെന്നതില്‍ സംശയമില്ലെന്നും പക്ഷേ പ്രേക്ഷക പ്രതികരണം ശരാശരി ആയിരുന്നുവെന്നും ഒരു പ്രേക്ഷകന്‍ ബിജു ലോസണെ ടാഗ് ചെയ്തുകൊണ്ട് അഭിപ്രായപ്പെടുകയുണ്ടായി. ഈ കമന്റിന് മറുപടി നൽകിയാണ് ബിജു തന്റെ നിലപാട് വ്യക്തമാക്കിയത്.

Interview with Biju Thomas

"ശരിയാണ്. ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം മുടക്കി അത് നിർമിക്കണമായിരുന്നു. അല്ലാതെ നിർമാതാവിന്റെ പണമായിരുന്നില്ല ഉപയോഗിക്കേണ്ടിയിരുന്നത്. സിനിമയ്ക്കു ശരാശരി പ്രതികരണമാണ്. പക്ഷേ തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം ഒരു പൊതുവേദിയില്‍ അങ്ങനെ പറയാന്‍ പാടില്ല." ബിജു പറഞ്ഞു. ബിജു ലോസണിന്റെ ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റും ആനന്ദ് പയ്യന്നൂരിന്റെ യെസ് സിനിമാ കമ്പനിയും ചേര്‍ന്നാണ് രണം നിർമിച്ചത്.

biju-prithviraj-1

ഇതേ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റഹ്മാന്‍ എഴുതിയ കുറിപ്പും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പൃഥ്വിയുടെ പരാമര്‍ശത്തെക്കുറിച്ച് നേരിട്ട് പറയാതെ സൂചനകളിലൂടെയുള്ളതായിരുന്നു റഹ്മാന്റെ പോസ്റ്റ്. തനിക്ക് സകലതും തന്നത് സിനിമയെന്ന രാജാവാണെന്നും ആ രാജാവിന്റെ മകനാണ് താനെന്നും അദ്ദേഹത്തെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍ അത് കുഞ്ഞനുജനാണെങ്കിലും തനിക്ക് നോവുമെന്നുമൊക്കെ റഹ്മാന്‍ കുറിച്ചു. 

താന്‍ ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കില്ലെന്നും അത് അറിഞ്ഞുകൊണ്ട് പലപ്പോഴും പരീക്ഷണങ്ങള്‍ക്ക് തയ്യാറാണെന്നും രണം പോലെയുള്ള സിനിമകള്‍ അക്കൂട്ടത്തില്‍ പെടുന്നതാണെന്നുമൊക്കെയായിരുന്നു പൃഥ്വിയുടെ അഭിപ്രായപ്രകടനം. പൃഥ്വി പറഞ്ഞത് ഇങ്ങനെ–  "എന്റെ ഹൃദയം പറയുന്നത് കുറച്ച് കാര്യങ്ങള്‍ ട്രൈ ചെയ്യണമെന്നാണ്. ചിലപ്പോള്‍ വിജയിക്കും, ചിലപ്പോള്‍ വിജയിക്കില്ല. ‘കൂടെ’ പോലെ ചില സിനിമകള്‍ വിജയമാകും. രണം പോലെ ചില സിനിമകള്‍ വിജയിക്കില്ല. അതെനിക്ക് അറിയാം. പക്ഷേ ട്രൈ ചെയ്യണം. ഒരു പത്തു വര്‍ഷത്തിന് ശേഷം ഞാന്‍ ഇതൊന്നും ട്രൈ ചെയ്തില്ലല്ലോ എന്നോര്‍ത്താല്‍ എനിക്ക് ഭയങ്കര സങ്കടമായിപ്പോകും."