Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊട്ടതെല്ലാം പൊന്നാക്കുന്ന നസ്രിയ മാജിക്!

nazriya-producer

കുസൃതിച്ചിരി കണ്ണിലൊളിപ്പിച്ച ഭാഗ്യദേവതയാണ് നസ്രിയ നസീം. തിരിച്ചുവരവിൽ അഭിനേതാവ്, ഗായിക, നിർമാതാവ് എന്നിങ്ങനെ മൂന്നു റോളുകളിൽ വിജയക്കൊടി പാറിച്ചു നസ്രിയ തലയുയർത്തി നിൽക്കുന്നു. വിവാഹത്തിനു ശേഷം നസ്രിയയോടു പ്രേക്ഷകർക്കു സ്നേഹം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല.

പ്രശസ്തരായ പലരും സിനിമ നിർമിക്കാൻ മടിച്ചു നിൽക്കുന്നിടത്താണ് വമ്പനൊരു പ്രോജക്ട് നസ്രിയ ഏറ്റെടുക്കുന്നത്. കോടികൾ മുതൽമുടക്കുള്ള വമ്പൻ വ്യവസായമാണ് ചലച്ചിത്രമേഖല. അവിടെ വിജയിക്കണമെങ്കിൽ ആത്മധൈര്യം മാത്രം പോരാ, കൃത്യമായ ആസൂത്രണവും വേണം. അഭിനയിക്കാൻ അറിയുന്ന ഒരു പങ്കാളിയും നല്ല സിനിമ നിർമിക്കാനറിയുന്ന ഒരു സഹനിർമാതാവും കൂടെയുള്ളത് നസ്രിയ എന്ന നിർമാതാവിന് അനുകൂലമായ ഘടകങ്ങളാണ്. 'വരത്തൻ' എന്ന പ്രോജക്ടിൽ ഈ ഘടകങ്ങളെല്ലാം കൃത്യമായ അളവിൽ വിജയത്തിനു കാരണവുമായിട്ടുണ്ട്. ഒരു സിനിമ നിർമിച്ചു കളയാമെന്ന ചങ്കൂറ്റത്തേക്കാൾ കൃത്യമായ ആലോചന അതിനു പിന്നിലുണ്ടെന്നു വ്യക്തം.

nazriya-fahad-amal

ചില അഭിമുഖങ്ങളിൽ ഇക്കാര്യം നസ്രിയ തന്നെ വ്യക്തമാക്കുന്നുമുണ്ട്. സിനിമയുടെ വരവുചെലവു കണക്കുകൾക്ക് അപ്പുറം അതിന്റെ പൂർണതയ്ക്കായി ക്രിയാത്മകമായി ഇടപെടുന്ന ഒരു നിർമാതാവാണ് നസ്രിയ.

സ്ത്രീകൾ സിനിമ നിർമിക്കുന്നതു പുതിയ കാര്യമല്ല. എന്നാൽ അഭിനേത്രി എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന ഒരു താരം സിനിമ നിർമിച്ചു വിജയിപ്പിക്കുന്നതിൽ പുതുമയുണ്ട്. പ്രത്യേകിച്ചും ഇരുപതുകളുടെ തുടക്കത്തിൽ നിൽക്കുന്ന നസ്രിയ. മലയാളത്തിൽ സാന്ദ്ര തോമസും സോഫിയ പോളുമാണ് വനിതാ നിർമാതാക്കളായി ചൂണ്ടിക്കാണിക്കാനുള്ളത്.

nazriya-producer-1

പ്രായത്തിൽ ഇവരേക്കാൾ ഏറെ ചെറുതാണെങ്കിലും ഏറ്റെടുത്ത ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുന്നതിൽ നസ്രിയയും കഴിവു തെളിയിച്ചു. ചിത്രീകരണത്തിൽ ക്രിയാത്മകമായി ഇടപെടുകയും സംവദിക്കുകയും ചെയ്യുന്ന ജോലിയായിരുന്നു നിർമാതാവെന്ന നിലയിൽ തന്റേതെന്നു നസ്രിയ പറയുന്നു. താരതമ്യം ചെയ്യുമ്പോൾ അഭിനയം തന്നെയാണ് എളുപ്പമെന്നും നസ്രിയ കൂട്ടിച്ചേർക്കുന്നുണ്ട്.

ബോളിവുഡിൽ ചെറിയ പ്രായത്തിൽത്തന്നെ സിനിമ നിർമിക്കാൻ ചങ്കൂറ്റം കാണിച്ചത് പൂജാ ഭട്ടും ഏക്ത കപൂറും അനുഷ്ക ശർമയുമൊക്കെയാണ്. 1997ൽ പൂജ ഭട്ട് സിനിമ (തമന്ന) നിർമിക്കാൻ തീരുമാനിച്ചപ്പോൾ അവരുടെ പ്രായം വെറും 22 വയസായിരുന്നു. ആ ചിത്രത്തിൽ പൂജ ഭട്ട് അഭിനയിക്കുകയും ചെയ്തിരുന്നു. ഇരുപത്തിയഞ്ചാം വയസ്സിലാണ് അനുഷ്ക നിർമാണരംഗത്തേക്കു വരുന്നത്. എൻഎച്ച് 10, ഫിലൗരി, പരി തുടങ്ങിയ ചിത്രങ്ങളാണ് അനുഷ്ക നിർമിച്ചത്. മൂന്നിലും പ്രധാന വേഷം ചെയ്തതും അനുഷ്ക തന്നെ.

ഇരുപത്തിയാറു വയസ്സിലാണ് ഏക്ത കപൂർ സിനിമ നിർമിക്കാൻ തുടങ്ങിയത്. അതിനു മുൻപ് സീരിയൽ നിർമാണ രംഗത്ത് അവർ കരുത്തു തെളിയിച്ചിരുന്നു. ഇവരുമായി താരതമ്യം ചെയ്യാൻ പാകത്തിൽ മലയാളത്തിൽ നസ്രിയ മാത്രമേയുള്ളൂ.

നായികമാരായി തിളങ്ങിയവർ സിനിമാ നിർമാണത്തിൽ കൈവയ്ക്കുന്നത് മലയാളത്തിൽ ആദ്യമായാണ്; അതും ഇത്ര ചെറിയ പ്രായത്തിൽ. ഇക്കാര്യത്തിൽ നസ്രിയ കയ്യടി അർഹിക്കുന്നു. വിവാഹത്തിനു ശേഷം സിനിമയിൽനിന്നു നസ്രിയ മാറി നിന്നത് നാലു വർഷമാണ്. ബോധപൂർവമായിരുന്നില്ല ഈ ഇടവേളയെങ്കിലും ആരാധകർ ഏറ്റവും അധികം ഇക്കാര്യത്തിൽ കുറ്റപ്പെടുത്തിയത് ഫഹദിനെയായിരുന്നു. 'കൂടെ'യിൽ അഭിനയിച്ചതിനു ശേഷം വീണ്ടും നാലു വർഷം വെറുതെ ഇരിക്കുമെന്നു പേടിച്ചിട്ടായിരിക്കും സിനിമ നിർമിക്കാമോ എന്ന നിർദേശം ഫഹദ് മുന്നോട്ടു വച്ചതെന്ന് തമാശയായി നസ്രിയ ഒരു അഭിമുഖത്തിൽ പങ്കു വച്ചിരുന്നു.

അഭിനയം എന്നതിലൊതുങ്ങാതെ സിനിമയുടെ വിശാലമായ ക്യാൻവാസിലേക്ക് പരീക്ഷണങ്ങളുമായി നസ്രിയ എന്ന പെൺകുട്ടി കടന്നുവരുന്നത് തികച്ചും അഭിനന്ദനീയമായ ചുവടുമാറ്റമാണ്. മലയാള സിനിമയുടെ കുതിപ്പിന് ഊർജ്ജമാകുന്ന സിനിമകൾ നസ്രിയ എന്ന നിർമാതാവിൽനിന്നു പ്രേക്ഷകർ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. അതിനായി വീണ്ടും നാലുവർഷത്തെ കാത്തിരിപ്പു വേണ്ടി വരുമോയെന്നു മാത്രമേ അറിയാനുള്ളൂ.