Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണക്കിന് 50-ൽ 13; പഴയ ഉത്തരക്കടലാസുമായി സുരഭി

surabhi-maths

വീട് വൃത്തിയാക്കുന്നതിനിടയിൽ പഴയ  ഉത്തരക്കടലാസുകൾ പൊടിതട്ടിയെടുത്ത് ആ ഓർമകള്‍ പങ്കുവച്ച് നടി സുരഭി ലക്ഷ്മി. സുരഭിയുടെ ഫെയ്സ്ബുക്ക് ലൈവ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പഴയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ നിന്ന് ലഭിച്ച പരീക്ഷാ പേപ്പറുകളാണ് സുരഭി ലൈവിലൂടെ പുറത്തു കാണിക്കുന്നത്. മാത്രമല്ല പത്താം ക്ലാസിൽ തനിക്ക് ലഭിച്ച കണക്കിന്റെ മാർക്കും കഷ്ടിച്ച് ജയിച്ചതും നടി വെളിപ്പെടുത്തുന്നു.

15 വർഷങ്ങൾക്ക് മുമ്പുള്ള ഉത്തരക്കടലാസുകളാണ് സുരഭി സൂക്ഷിച്ചു വച്ചിരിക്കുന്നത്. കണക്ക്, ഇംഗ്ലീഷ്, ബയോളജി,മലയാളം, ജ്യോഗ്രഫി, ഹിന്ദി തുടങ്ങി എല്ലാ വിഷയങ്ങളുടെ ഉത്തരക്കടലാസുകളും മാർക്കും സുരഭി വിശകലനം ചെയ്യുന്നുണ്ട്. ഇതിൽ കണക്കിന്റെ മാർക്ക് വെളിപ്പെടുത്തിയതാണ് രസകരം. 50–ൽ 13 മാർക്കാണ് ഉത്തരക്കടലാസിൽ ലഭിച്ചിരിക്കുന്നത്. ഇതേ മാർക്ക് തന്നെയായിരുന്നു എസ്എസ്എൽസിക്ക് വാങ്ങിയതെന്ന് സുരഭി പറയുന്നു. 

13–ഉം 12–ഉം മാർക്ക് വാങ്ങി എങ്ങനെയോ രക്ഷപെട്ടുവെന്ന് സുരഭി പറയുന്നു. ഹിന്ദിയുടെ ഉത്തരക്കടലാസിൽ 50ൽ 32 മാർക്ക് കണ്ട് ഹിന്ദിക്ക് താൻ അത്ര മോശമല്ലായിരുന്നെന്നും എന്നാൽ കയ്യക്ഷരം നന്നാക്കാമായിരുന്നെന്നും പറയുന്നുണ്ട്. എന്തായാലും ആരും ഒന്ന് മടിക്കുന്ന കാര്യമാണ് വളരെ രസകരമായി സുരഭി പങ്കുവച്ചിരിക്കുന്നത്.

'കണക്ക് അന്നും ഇന്നും കണക്ക് തന്നെ' എന്ന തലക്കെട്ടോടെ സുരഭി പങ്കുവച്ച ഈ വിഡിയോ നിരവധിപേരാണ് കണ്ടിരിക്കുന്നത്. സ്വന്തം ഉത്തരപേപ്പർ ഇത്ര ധൈര്യത്തിൽ പങ്കുവച്ച സുരഭിയെ അഭിനന്ദിച്ചിരിക്കുകയാണ് പലരും. അന്ന് ശരാശരി വിദ്യാർത്ഥിനി ആയത് നന്നായെന്നും അതു കൊണ്ട് ഒരു ദേശീയ അവാർഡ് ജേതാവിനെ മലയാളത്തിന് കിട്ടി, അല്ലെങ്കിൽ വല്ല ഡോക്ടറോ എൻജിനീയറോ ആയി ആരും അറിയാതെ പോയെനേ എന്നുമാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.