Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിക്കൊപ്പം അഭിനയിക്കില്ലെന്നു പറഞ്ഞ ആ നടി: ചാലക്കുടിക്കാരൻ ചങ്ങാതിയിലെ ആ രംഗം ഇതാ

Decoding a Scene by Vinayan

കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ ഒരുക്കുന്ന ചാലക്കുടിക്കാരൻ ചങ്ങാതി റിലീസിനൊരുങ്ങുകയാണ്. മണിക്കു ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളും അതിജീവനവുമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. 2002–ൽ പുറത്തിറങ്ങിയ വാൽക്കണ്ണാടി എന്ന ചിത്രത്തിനു പിന്നാലെ, മണി കറുത്തതായതിനാൽ ഒപ്പം അഭിനയിക്കില്ലെന്ന് പ്രമുഖ നടി പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. ഇൗ നടി ഇങ്ങനെ പറഞ്ഞതായി മണി അന്ന് സ്ഥിരീകരിച്ചില്ലെങ്കിലും മണിയോട് അടുത്ത വൃത്തങ്ങൾ ഇക്കാര്യം സത്യമാണെന്ന് അന്നു പറഞ്ഞിരുന്നു.

മണിയുടെ ജീവിതത്തെക്കുറിച്ച് േനരിട്ട് അന്വേഷിച്ച വിനയൻ ഈ സംഭവം സത്യമാണെന്ന് അറിയുകയും അത് സിനിമയിൽ ഉൾപ്പെടുത്തുകയുമായിരുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലെ ആ രംഗത്തെക്കുറിച്ച് സംവിധായകൻ വിനയൻ പറയുന്നിതങ്ങനെ...

vinayan-decoding

‘മണിയെ നായകനാക്കുമ്പോൾ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ലെന്നു പറഞ്ഞ മലയാളത്തിലെ പ്രമുഖ നടന്മാരും നടിമാരുമുണ്ട്. എന്നാൽ മണി വലുതായിക്കഴിഞ്ഞപ്പോൾ ഇവരൊക്കെ മണിയെ ചേർത്തുപിടിക്കുകയും മണിയുടെ ആളാണെന്നു പറയാൻ മത്സരിക്കുകയും ചെയ്തു.

അങ്ങനെ മണിയുടെ കൂടെ അഭിനയിക്കില്ലെന്നു പറഞ്ഞ ഒരു സഹപ്രവർത്തക‌യെ കാണുന്ന രംഗം ചാലക്കുടികാരൻ ചങ്ങാതിയിൽ പുനഃസൃഷ്ടിക്കുന്നുണ്ട്. പണ്ടു സഹായിച്ചിട്ടുള്ള, മണിക്കേറെ ഇഷ്ടപ്പെട്ട മലയാളത്തിലെ പ്രമുഖ അഭിനേത്രി മുന്നിൽ വരുമ്പോൾ മണി അവരോട് സംസാരിക്കുന്നതാണ് ഈ സീൻ.

കൊച്ചിയിലെ പ്രമുഖ ഹോട്ടലിന്റെ റൂഫ് ടോപ്പിലെ സ്വിമ്മിങ് പൂളിന്റെ അരികിൽവച്ചാണ് സീൻ എടുക്കുന്നത്. പ്രകാശ് കുട്ടിയാണ് ഛായാഗ്രാഹകൻ. സീൻ എന്താണെന്ന് പഠിച്ചിട്ട് അതിനനുസരിച്ച് കൃത്യമായി ലൈറ്റ്അപ് ചെയ്യുന്ന ആളാണ് പ്രകാശ് കുട്ടി. ഹൈദരാബാദിൽ നടക്കുന്ന രംഗമായാണ് അത് ചിത്രീകരിച്ചിരിക്കുന്നത്.

അവസാനകാലഘട്ടങ്ങളിൽ മണി അവസരമുണ്ടായിട്ടും സിനിമയിൽ അഭിനയിക്കാൻ പോകില്ലായിരുന്നു. മണിയുടെ കഥാപാത്രം മാനസികസമ്മർദം നേരിടുന്ന അവസ്ഥയിൽ ചിത്രീകരിക്കുന്ന രംഗം കൂടിയാണിത്. കവിത എന്നാണ് ഹണി റോസ് ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്.

തന്റെ കറുപ്പ് നിറത്തെക്കുറിച്ച് മണിക്ക് ചെറിയ കോംപ്ലെക്സ് ഉണ്ടായിരുന്നു. എന്തു കൊണ്ടാണ് അന്ന് തനിക്കൊപ്പം അഭിനയിക്കാതിരുന്നത് എന്ന് മണിയുടെ കഥാപാത്രം കവിത എന്ന കഥാപാത്രത്തോട് ചോദിക്കുന്നതാണ് ആ സീൻ. നടിയെ ഒരുപാട് സഹായിച്ച ആളാണ് മണി. അവരെ തെലുങ്കിലേക്കു പരിഗണിച്ചതും മണി തന്നെയാണ്. പിന്നീട് തെലുങ്കിലെ മുൻനിര നായികയായി ആ നടി മാറി.

നടി തന്നെ അവഗണിച്ചത് മണിയുടെ ഹൃദയത്തിൽ മുള്ളുപോലെ തറച്ചിരുന്നു. അതിന്റെ കാരണം അറിയണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അന്ന് ആ ഹോട്ടലിന്റെ റൂഫ്ടോപ്പിൽ മണി ഇക്കാര്യം നടിയോട് നേരിട്ട് ചോദിക്കുന്നു. ഏകദേശം ഒരു പതിറ്റാണ്ടിനു ശേഷമാണ് മണി ഇക്കാര്യം ചോദിക്കുന്നതെന്നത് മറ്റൊരു പ്രത്യേകത.

സത്യത്തിൽ അന്ന് തന്നെ അവഗണിച്ചത് കളിയാക്കാനായിരുന്നോ അതോ തന്റെ നിറം കൊണ്ടാണോ എന്നാണ് മണി അവരോട് ചോദിക്കുന്നത്. സിനിമയിലെ പ്രധാനരംഗം കൂടിയാണിത്. രാജമണിയുടെയും ഹണിയുടെയും മികച്ച അഭിനയപ്രകടനം കൂടി ഈ രംഗത്തിൽ കാണാം.

ഒരിക്കലും ഇതൊരു ബയോപിക് അല്ല. ഇതിൽ കഥാപാത്രങ്ങളുണ്ട്, ജീവിതമുണ്ട്. മണി ജീവിതത്തിൽ നേരിട്ട അനുഭവങ്ങളുടെ ബാക്കിപത്രമാണ് ഇൗ സിനിമ.’–വിനയൻ പറയുന്നു.