Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോനിഷ, മറ്റൊരു രാത്രിയാത്രയുടെ നഷ്ടം: ആ നിമിഷത്തെക്കുറിച്ച് ശ്രീദേവി ഉണ്ണി

sreedevi-unni-1

പകരംവെയ്ക്കാൻ കഴിയാത്തവരാണ് ഓരോ ദുരന്തത്തിലൂടെയും നമ്മെ വിട്ടു പോകുന്നത്. ഇതു പോലൊരു രാത്രിയാത്രയുടെ നഷ്ടമായിരുന്നു നടി മോനിഷ. വളരെ ചെറുപ്പത്തിലെ ആ യുവനടിയുടെ മരണം കവർന്ന അപകടത്തെ മോനിഷയുടെ അമ്മ ഒാർമിക്കുന്നത് ഇങ്ങനെയാണ്. 

‘രാവിലത്തെ ഫ്ലൈറ്റ് കിട്ടാൻ വേണ്ടി തിരുവനന്തപുരത്തുനിന്നും പോകുകയായിരുന്നു. വരുമ്പോഴൊന്നും വലിയ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. റോഡും നല്ല റോഡാണ്. ഇരുപത്തിയഞ്ച് വർഷം മുമ്പാണ്.

എന്നാൽ മുന്നിൽ നിന്നും വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് ഡ്രൈവറുടെ മുഖത്തേയ്ക്ക് അടിച്ചുകൊണ്ടിരിക്കുകയാണ്. ആ സമയത്ത് ഞാൻ ഉറങ്ങിയിരുന്നില്ല, അത് ശ്രദ്ധിക്കുകയും ചെയ്തു. ഡ്രൈവർ ഉറങ്ങാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഉറങ്ങാതെ സംസാരിച്ചുകൊണ്ടിരുന്നത്. മകൾ ഉറങ്ങുകയായിരുന്നു.

ആവർത്തിക്കുന്ന പുലര്‍കാലഅപകടങ്ങള്‍; നഷ്ടപ്പെടുന്നത് പ്രിയപ്പെട്ടവരെ

തമിഴ് സിനിമകൾ ചെയ്യുന്ന സമയത്ത് നിരവധി തവണ രാത്രി യാത്രകൾ ചെയ്തിട്ടുണ്ട്. ഉറക്കം വരുന്നുണ്ടെന്ന് ഡ്രൈവർ പറഞ്ഞാൽ കാർ ഒതുക്കി വിശ്രമിച്ച േശഷമേ യാത്ര തുടരാറൊള്ളൂ. 

അന്ന് അത് സംഭവിച്ചത് ആ സ്ഥലത്തിന്റെ കൂടെ പ്രത്യേകതയാണ്. അതൊരു സ്ഥിരം അപകടമേഖലയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കുന്നത്. അതൊരു ജംക്​ഷനായിരുന്നു, അവിടെ ഇൻഡിക്കേറ്ററും കാണാൻ സാധിക്കുന്നില്ലായിരുന്നു. അത്ര സംവിധാനം അവിടെ ഇല്ലായിരുന്നു.

ഏത് ഡ്രൈവർക്കും കുറച്ചൊന്ന് സ്പീഡ് എടുക്കണമെന്ന് തോന്നുന്ന റോഡ് ആണ് ചേർത്തലയിലെ അന്നത്തെ റോഡ്. അത് മനസ്സിലാക്കിയാണ് ഞാൻ ഉറങ്ങാതെ സംസാരിച്ചുകൊണ്ടിരുന്നത്. സമയം ഏതാണ് ആറുമണി. നല്ല മഞ്ഞുണ്ടായിരുന്നു. സൈഡിൽ നിന്നും കയറി വന്ന ബസിന്റെ ലൈറ്റ് പോലും ഞാൻ കാണുന്നുണ്ട്. പെട്ടന്ന് ബസ് നേരെ പോകുന്ന ഞങ്ങളുടെ കാറിനെ ഇടിക്കുകയായിരുന്നു.  

എനിക്ക് തോന്നുന്നത് അദ്ദേഹം കുറച്ച് സമയം ഉറങ്ങിപ്പോയിട്ടുണ്ടാകാം. എനിക്ക് അറിയില്ല. അതിന് മുമ്പ് വരെ ഞങ്ങൾ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. അയാൾ ഉറങ്ങിയെന്ന് എനിക്ക് തോന്നിയേ ഇല്ല.  ഉണർന്നിരുന്ന ഞാൻ പോലും അറിയുന്നില്ല എന്താണ് സംഭവിച്ചതെന്ന്. അത്ര പെട്ടന്നാണ് അപകടം നടക്കുന്നത്. ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് പോകുന്നു. കാർ പിന്നോട്ട് മറിയുന്നു.

അവിടെയൊരു ഇൻഡിക്കേഷൻ ഇല്ലാതിരുന്നതാണ് ആ അപകടം നടക്കാൻ കാരണം. നമുക്കൊട്ടും പരിചയമില്ലാത്ത കവലയായിരുന്നു അത്. ആ സമയത്ത് ഓടിവന്നത് നാട്ടുകാരാണ്. ആശുപത്രിയുടെ മുമ്പിലാണ് അപകടം നടക്കുന്നത്. ഒരു ശബ്ദം മാത്രമാണ് ഞാൻ കേട്ടത്. പുലർച്ചെ സമയം ആയതുകൊണ്ടാണ് നാട്ടുകാരെല്ലാം ഓടിയെത്തിയത്, അവർ ആ സമയത്തുവന്നതുകൊണ്ടാണ് അപകടവിവരം എല്ലാവരെയും പെട്ടന്നുതന്നെ അറിയിക്കാൻ കഴിഞ്ഞത്.

അന്ന് അംബാസിഡർ കാറുകളാണ് കൂടുതലും. ഓട്ടോമാറ്റിക്ക് അല്ല, ബ്രേക്ക് ചവിട്ടിയാൽ പോലും നിൽക്കില്ല. പുലർച്ചെ സമയത്താണ് കൂടുതലായും അപകടം നടക്കുന്നത്. ഒന്നുകണ്ണുചിമ്മിയാൽ പോയി. ദിവസം മുഴുവൻ ഡ്രൈവ് ചെയ്ത് ക്ഷീണിച്ചിരിക്കുന്ന ഡ്രൈവർമാരാകും സിനിമാ െസറ്റിലൊക്കെ രാത്രി സമയത്ത് വണ്ടി ഓടിക്കുക. നമുക്ക് അന്ന് ഇതൊന്നും അറിയില്ല.

മഞ്ഞുകാലമാണ്, പുറത്തെ തണുപ്പ്, നേരം പുലർന്നുവരുന്നു, വാഹനങ്ങളുടെ വേഗത്തിലുള്ള വരവ്. കൂടാതെ നമ്മളെ കൃത്യസമയത്ത് എയര്‍പോട്ടിൽ എത്തിക്കണം എന്നുള്ള വിചാരം. ഇതൊക്കെ അപകടത്തിന് കാരണങ്ങളാകാം. 

വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുപോലുള്ള അപകടങ്ങള്‍ കൂടുന്നതു കാണുമ്പോൾ വല്ലാത്തൊരു വേദന തോന്നുന്നു. ഞാൻ ഇപ്പോൾ രാത്രികാലങ്ങളിൽ സഞ്ചരിക്കാറില്ല.  പുലർച്ചെയുള്ള സഞ്ചാരം ഒഴിവാക്കുക. ഒഴിവാക്കത്തതാണെങ്കിൽ പുറപ്പെടാം. എന്നാൽ ലക്ഷ്യത്തിലേയ്ക്ക് പറക്കരുത്. അത് പിന്നീടൊരു തീരാനഷ്ടമായി മാറും.’–ശ്രീദേവി ഉണ്ണി പറഞ്ഞു.

മനോരമ ന്യൂസിലെ ചര്‍ച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീദേവി ഉണ്ണി.