Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റ ദിവസം കൊണ്ട് മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ തമ്പി കണ്ണന്താനം

thampi-kannanthanam-mohanlal

രാജാവിന് മകനുണ്ടായാൽ രാജകുമാരൻ എന്നേ ആരും പറയൂ. എന്നാൽ തമ്പി കണ്ണന്താനം മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്‌തപ്പോൾ രാജാവിന്റെ മകൻ എന്നാണ് പേരിട്ടത്. പേരു കേട്ടപ്പോൾ ചിലർ ചോദിച്ചു ‘കോമഡി പടമാണോ?’ എന്ന്. ‘ഇതെന്തു പേരാണ്’ മറ്റു ചിലർ കളിയാക്കി. എന്നാൽ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും നിലപാടു മാറ്റി. കാരണം 1986 ജൂലൈ 17ന് കൃത്യം 2.30 ന് മലയാളത്തിൽ പുതിയൊരു സൂപ്പർ താരം ജന്മമെടുത്തു; മോഹൻലാൽ. 

റിലീസിങ് ദിവസത്തെ നൂൺഷോ കഴിഞ്ഞപ്പോൾ തന്നെ മോഹൻലാൽ സൂപ്പർ സ്‌റ്റാർ ആയി മാറിക്കഴിഞ്ഞെന്നാണ് തമ്പി കണ്ണന്താനം പറയുന്നത്. കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ഒരു സൂപ്പർ സ്‌റ്റാറിനെ സൃഷ്‌ടിച്ച ചിത്രമാണ് ‘രാജാവിന്റെ മകൻ’. താൻ സംവിധാനം ചെയ്‌ത ചിത്രങ്ങളിൽ തമ്പി കണ്ണന്താനം ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന ചിത്രവും മറ്റൊന്നല്ല.

താൻ സംവിധാനം ചെയ്‌ത മൂന്നു ചിത്രങ്ങൾ പരാജയപ്പെട്ട അവസ്‌ഥയിൽ നിൽക്കുമ്പോഴാണ് തമ്പി കണ്ണന്താനം ഈ ചിത്രം സംവിധാനം ചെയ്‌ത്. 1981ൽ ‘താവളം’, 1982ൽ നസീർ, മധു, ശ്രീവിദ്യ എന്നിവർ അഭിനയിച്ച ‘പാസ്‌പോർട്ട്’, 1985ൽ മമ്മൂട്ടി നായകനായ ‘ആ നേരം അൽപദൂരം’ എന്നീ ചിത്രങ്ങളാണ് ഇതിനു മുൻപ് തമ്പി സംവിധാനം ചെയ്‌തത്. ഇവയൊന്നും വിജയമായിരുന്നില്ലെന്നു തിരിച്ചറിഞ്ഞ് തമ്പി സ്വയം വിമർശനം നടത്തി. സാമ്പത്തികമായി ചിത്രം വിജയിക്കാത്തതിന്റെ കാര്യം സാങ്കേതികമായി എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടല്ല, കഥ നന്നായാലേ ചിത്രം വിജയിക്കൂ എന്നായിരുന്നു തിരിച്ചറിവ്. ആ തിരിച്ചറിവിൽ നിൽക്കുമ്പോഴാണ് ഡെന്നിസ് ജോസഫിനെ കണ്ടത്. അക്കാലത്ത് ഡെന്നിസ് ജോസഫ് തിരക്കുള്ള തിരക്കഥാകൃത്താണ്. ‘ഒരു നല്ല കഥയെഴുതി തരുമോ’ എന്ന് തമ്പി ഡെന്നിസിനോടു ചോദിച്ചു. പല കഥകളും ചർച്ച ചെയ്‌തു. ഒടുവിൽ ഉരുത്തിരിഞ്ഞ കഥയാണ് ‘രാജാവിന്റെ മകന്റേ’ത്. കഥ കേട്ടപ്പോഴേ തമ്പിക്ക് ഒരു മാറ്റം തോന്നി. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ നല്ലത് മോഹൻലാൽ ആണെന്നതുകൊണ്ട് നെഗറ്റീവ് ടച്ചുള്ള നായകനായി മോഹൻലാലിനെ തീരുമാനിക്കുകയായിരുന്നു.

കാര്യമൊക്കെ കൊള്ളാം. പക്ഷേ നിർമാതാവ് എവിടെ എന്നാണു കാതലായ ചോദ്യം. ഈ ചിത്രം നിർമിക്കാൻ തയാറായി ആരും മുന്നോട്ടു വന്നില്ല. കാരണങ്ങൾ പലതാണ്. ഒന്ന് -മോഹൻലാലിനെ ഇങ്ങനെയൊരു നായകനാക്കിയാൽ വിജയിക്കുമോ എന്ന സംശയം. രണ്ട്- തമ്പി കണ്ണന്താനം ഇതിനു മുൻപു സംവിധാനം ചെയ്‌ത ചിത്രങ്ങൾ പരാജയപ്പെട്ടത്. അതുവരെയുണ്ടായിരുന്ന നായകസങ്കൽപത്തിൽ നിന്നു മാറി നിൽക്കുന്ന സിനിമയാണെന്നതും ചിത്രം വിജയിക്കുമോ എന്നു സംശയമുണ്ടാവാൻ കാരണമായിട്ടുണ്ട്.

ഇതെല്ലാം എതിരായി നിന്നപ്പോൾ ‘രാജാവിന്റെ മകൻ’ പിറക്കുമോ ഇല്ലയോ എന്ന സംശയത്തിലായി. പിന്നെ രണ്ടും കൽപിച്ച് തമ്പി കണ്ണന്താനം ഒരു തീരുമാനമെടുത്തു. ചിത്രം സംവിധാനം ചെയ്യുന്നതിനോടൊപ്പം നിർമിക്കുകയും ചെയ്യുക. ആ തീരുമാനം മലയാള സിനിമാ ചരിത്രത്തിൽ വഴിത്തിരിവുണ്ടാക്കി. അതു വരെ അത്രയും വലിയ വേഷം മോഹൻലാൽ ചെയ്‌തിട്ടില്ല. അതുകൊണ്ടാണ് നിർമാതാവാകാൻ തമ്പിക്കൊഴികെ ധൈര്യം വരാതിരുന്നത്. എന്നാൽ ‘മോഹൻലാലിന്റെ കഴിവ് എനിക്ക് അന്നേ അറിയാമായിരുന്നു’ എന്ന് തമ്പി പറയുന്നു.

ചിത്രത്തിൽ മോഹൻലാലിന്റെ നായിക അംബികയായിരുന്നു. അക്കാലത്ത് മോഹൻലാലിനേക്കാൾ താരമൂല്യം അംബികയ്‌ക്കാണ്. കാരണം അംബിക കമൽഹാസനോടൊപ്പം തമിഴിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. അംബികയ്‌ക്ക് ഒന്നേകാൽ ലക്ഷം രൂപ പ്രതിഫലം നൽകണമെന്ന് അംബികയുടെ അമ്മ കല്ലറ സരസമ്മ തമ്പിയോടു പറഞ്ഞു. അഭിനയം തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞ് അംബിക പറഞ്ഞു ‘എനിക്ക് ഒരു ലക്ഷം തന്നാൽ മതി’ എന്ന്. അതിന്റെ നന്ദി ഇപ്പോഴും അംബികയോടുണ്ടെന്ന് തമ്പി പറയുന്നു.

മോഹൻലാലിനോട് എന്തു പ്രതിഫലം വേണമെന്ന് തമ്പി ചോദിച്ചു. ‘‘അണ്ണാ അണ്ണന്റെ സിനിമ. അണ്ണൻ തീരുമാനിക്ക്’’ എന്നു മോഹൻലാൽ. മോഹൻലാലിന് ഒരു ലക്ഷം രൂപയാണു പ്രതിഫലം നൽകിയത്. അംബികയ്‌ക്കു കൊടുത്ത അതേ പ്രതിഫലം. എന്നാൽ ചിത്രം ഇറങ്ങിക്കഴിഞ്ഞ് മോഹൻലാലിന്റെ പ്രതിഫലം പലമടങ്ങു വർധിക്കുന്നതാണു കണ്ടത്. ചിത്രം സൂപ്പർ ഹിറ്റ് ആയതിനൊപ്പം അതിലെ ഡയലോഗുകളും ജനങ്ങൾക്കു കാണാപ്പാഠമായി. ‘‘രാജുമോൻ എന്നോടു ചോദിച്ചു അങ്കിളിന്റെ അച്‌ഛൻ ആരാണന്ന്..’’ എന്ന ഡയലോഗ് ഇന്നും ഉരുവിടുന്നവരുണ്ട്. ചിത്രത്തിന്റെ പേര് ഇട്ടത് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആണ്. ‘മഹാരാജാവിന്റെ മകൻ’ എന്നാണു ഡെന്നിസ് പേരിട്ടത്. ചുവന്ന ഒരു വലിയ സംഹാസനത്തിൽ കിരീടം ധരിച്ച് ഇരിക്കുന്ന രണ്ടു വയസുള്ള കുട്ടിയുടെ ചിത്രത്തിൽ മഹാരാജാവിന്റെ മകൻ എന്നെഴുതുന്ന വിധത്തിലാണ് പോസ്‌റ്റർ ചിന്തിച്ചത്. ആ മഹാ അങ്ങു തട്ടിക്കളഞ്ഞേര് എന്നു തമ്പി പറഞ്ഞപ്പോൾ രാജാവിന്റെ മകൻ ആയി. രാജകുമാരൻ എന്നു പറഞ്ഞാൽ പഞ്ച് കിട്ടില്ല എന്നതു കൊണ്ട് ഒരു വ്യത്യസ്‌തയ്‌ക്കു വേണ്ടി രാജാവിന്റെ മകൻ എന്നാക്കുകയായിരുന്നു.

പതിനാലര ലക്ഷം രൂപയ്‌ക്ക് ‘രാജാവിന്റെ മകൻ’ ഫസ്‌റ്റ് കോപ്പി ആയി. പ്രിന്റ്, പബ്ലിസിറ്റി, വിതരണക്കാരുടെ വിഹിതം തുടങ്ങിയവയെല്ലാം ചേർത്ത് 40 ലക്ഷം രൂപയാണു ചിത്രത്തിന്റെ ചെലവ്. അന്ന് ടിക്കറ്റ് നിരക്ക് കുറവാണ്. എന്നിട്ടും 80-85 ലക്ഷം രൂപ ചിത്രം കലക്‌ട് ചെയ്‌തു.

32 ദിവസം കൊണ്ടു ഷൂട്ട് ചെയ്‌ത ചിത്രമാണിത്. 28 ദിവസം എറണാകുളത്തായിരുന്നു ഷൂട്ടിങ്. മലയാള സിനിമയ്‌ക്ക് പുതിയൊരു ട്രെൻഡ് ഉണ്ടാക്കിയ ചിത്രമായിരുന്നു അതെന്ന് തമ്പി കണ്ണന്താനം ഓർക്കുന്നു. നെഗറ്റീവ് നായകനെയും ജനം സ്വീകരിക്കുമെന്ന അവസ്‌ഥ ഈ ചിത്രത്തോടെ വന്നു. അന്ന് മോഹൻലാലിന് സ്‌റ്റാർ വാല്യു ഇല്ലാതിരുന്നതിനാലാണ് ഈ ചിത്രത്തിന്റെ ഒടുവിൽ മോഹൻലാലിന്റെ കഥാപാത്രത്തെ കൊല്ലാൻ തനിക്കു കഴിഞ്ഞതെന്നു തമ്പി പറയുന്നു. ഇന്നാണെങ്കിൽ അങ്ങനെയൊന്ന് ആലോചിക്കാനേ പറ്റില്ല.

രാജാവിന്റെ മകനു മുൻപു തമ്പി സംവിധാനം ചെയ്‌ത ‘ആ നേരം അൽപദൂരം’ എന്ന ചിത്രത്തിൽ നായകനായ മമ്മൂട്ടിയും മരിക്കുകയാണ്. അക്കാലത്ത് താരങ്ങളില്ലായിരുന്നു നടന്മാരേ ഉള്ളായിരുന്നു. ഏതു കഥാപാത്രത്തിനും എപ്പോൾ വേണമെങ്കിലും മരിക്കാം. ശശികുമാറിന്റെ അസോഷ്യേറ്റ് ഡയറക്‌ടറായി തമ്പി കണ്ണന്താനം ജോലി ചെയ്യുന്ന കാലത്തേ മോഹൻലാലുമായി അടുപ്പമുണ്ട്. ‘മദ്രാസിലെ മോൻ’ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം തമ്പി അഭിനയിക്കുകയും ചെയ്‌തു. (പിന്നീട് ‘നിർണയം’, ‘ദശരഥം’ എന്നീ ചിത്രങ്ങളിലും തമ്പി മോഹൻലാലിനൊപ്പം അഭിനയിച്ചു.) ആ അടുപ്പം ‘രാജാവിന്റെ മകനു’ ശേഷം കൂടുതൽ ദൃഢമായി.

ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ് സീൻ ചിത്രീകരിച്ചത് അന്നുവരെ ചെയ്യാത്ത രീതിയിലാണ്. കാറിൽ വന്നിറങ്ങി മെഷീൻ ഗണ്ണുമായി നായകൻ വെടിവയ്‌ക്കുകയാണ്. ‘‘അതു ചിത്രീകരിക്കാൻ അന്നു മലയാള സിനിമയിൽ ഫെസിലിറ്റി ഇല്ല. ഇത്ര റൗണ്ട് വെടിയുതിർക്കുന്ന ഗൺ (യഥാർഥ തോക്കല്ല) വേണമെന്നു പറഞ്ഞ് മദ്രാസിൽ രാജേന്ദ്രൻ എന്ന വിദഗ്‌ധനെക്കൊണ്ട് ഉണ്ടാക്കിക്കുകയായിരുന്നു.’’

അമ്പലമുകൾ ഗസ്‌റ്റ് ഹൗസിലായിരുന്നു ക്ലൈമാക്‌സ് സീൻ ചിത്രീകരണം. മോഹൻലാലിനെ ചിത്രത്തിലെ പൊലീസുകാർ വെടിവയ്‌ക്കുന്നുണ്ട്. യഥാർഥ വെടിയുണ്ട അല്ലാതിരുന്നിട്ടും വെടികൊണ്ട് മോഹൻലാലിന്റെ കഴുത്തിന്റെ ഭാഗത്ത് പൊള്ളലുണ്ടായി. പൊള്ളൽ വകവയ്‌ക്കാതെ മോഹൻലാൽ അഭിനയിച്ചത് തമ്പി ഓർക്കുന്നു. ആ അർപ്പണബുദ്ധി മോഹൻലാൽ ഇപ്പോഴും തുടരുന്നു. മോഹൻലാലിനെ നായകനാക്കി ‘വഴിയോര കാഴ്‌ചകൾ’, ‘ഭൂമിയിലെ രാജാക്കന്മാർ’, ‘നാടോടി’,‘മാന്ത്രികം’, ‘ഒന്നാമൻ’ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്‌ത തമ്പി കണ്ണന്താനം പറയുന്നു.

ഒരു പേരിലെന്തിരിക്കുന്നു എന്നു ഷേക്‌സ്‌പിയറിനു പറയാം. പക്ഷേ തമ്പി കണ്ണന്താനത്തിനു പറയാനാവില്ല. ‘രാജാവിന്റെ മകൻ’ എന്ന പേര് ചിത്രത്തെ കുറേ സഹായിച്ചിട്ടുണ്ട്. തമ്പിയുടെ മറ്റൊരു ചിത്രത്തിന്റെ പേരിലുമുണ്ടായിരുന്നു രാജാവ്-1987ൽ പുറത്തിറങ്ങിയ ‘ഭൂമിയിലെ രാജാക്കന്മാർ’. ‘ഭൂമിയിലെ രാജാക്കന്മാർ’ക്ക് ഡെന്നിസ് ജോസഫ് ആദ്യമിട്ട പേര് അൽപം കടന്നതായിരുന്നു- ‘യുവമന്ത്രി വിശ്വനാഥമേനോന് എന്തുകൊണ്ട് അരിശം വന്നു’ എന്നായിരുന്നു പേര്. പേരു കേട്ട് അരിശം വന്നിട്ടാണോ എന്നറിയില്ല അതു മാറ്റി ഭൂമിയിലെ രാജാക്കന്മാർ എന്നാക്കി. രാജാവിന്റെ മകനെപ്പറ്റി പറയുമ്പോൾ ഞാനുണ്ടാക്കിയ സിനിമ എന്നതിനു പകരം എന്നിലൂടെ സംഭവിച്ച സിനിമ എന്നാണു തമ്പി പറയുന്നത്. വർഷങ്ങൾ കടന്നുപോയി. ഇപ്പോഴും ആ മകനെ മനസ്സിന്റെ മടിയിലിരുത്തി താലോലിക്കുകയാണ് അദ്ദേഹം.