Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പപ്പ അല്ല ഇതു അപ്പ’: മാർത്താണ്ഡൻ പറയുന്നു

marthandan-joji മാർത്താണ്ഡൻ, ജോജി തോമസ്

പാവാട എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത മാർത്താണ്ഡനും വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന്റെ രചയിതാവ് ജോജി തോമസും ഇൗ രണ്ടു ചിത്രങ്ങൾക്കു ശേഷം ഒന്നിച്ച് ഒരുക്കുന്ന സിനിമയാണ് ‘ജോണി ജോണി യേസ് അപ്പാ’. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറും മറ്റും ജനപ്രീതിയാർജിച്ച് മുന്നേറുമ്പോൾ സംവിധായകൻ മാർത്താണ്ഡന് പറയാനുള്ളത് ഇതാണ്. 

‘ഇത് കുടുംബങ്ങൾക്കും കുട്ടികൾക്കും യുവാക്കൾക്കുമുള്ള സിനിമയാണ്. കാരണം ചിരിയാണ് ഇതിനകത്ത് പ്രധാനമായുമുള്ളത്. അതിനോടൊപ്പം  വികാരപരമായ രംഗങ്ങൾ കൂടി ചേർത്ത് വളരെ മനോഹരമായിട്ടാണ് സിനിമ ഒരുക്കാൻ ശ്രമിച്ചിട്ടുള്ളത്. ജോണി ജോണി യെസ് അപ്പാ എന്നാണ് പടത്തിന്റെ പേര്. ജോണി ജോണി യെസ് പപ്പാ എന്ന് കൊച്ചു കുട്ടികൾ പാടുന്നതാണ്. പക്ഷേ ചിത്രത്തിന്റെ പേര് ജോണി ജോണി യെസ് അപ്പാ എന്നാണ്. എല്ലാവരും പപ്പാ എന്നാണ് പറയുന്നത്. പപ്പയ്ക്കുള്ളിലെ അപ്പ എന്താണെന്നുള്ളതാണ് ചിത്രം.’ മാർത്താണ്ഡൻ പറയുന്നു.  

Johny Johny Yes Appa Official Trailer | Kunchacko Boban | G Marthandan | Vaishaka Cynyma

‘ജോണി എന്ന കഥാപാത്രമാണ് ചാക്കോച്ചൻ ചെയ്യുന്നത്. ഇത് മൂന്നു സഹോദരങ്ങളുടെ കഥയാണ്. മൂന്ന് ചേട്ടാനിയന്മാരുടെ കഥയാണ്.  വിജയരാഘവൻ അച്ഛനായും ഗീത ചേച്ചി അമ്മയായിട്ടും അഭിനയിക്കുന്നു. ഗീത ചേച്ചി നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചു വരുന്ന ചിത്രമാണ്. ടിനി ടോം ആണ് മൂത്ത സഹോദരനായ പീറ്റർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.’ 

‘രണ്ടാമത്തെ സഹോദരനായ ജോണി ചാക്കോച്ചനും ഇളയ സഹോദരൻ ഫിലിപ്പായി ഷറഫുദ്ദീനും എത്തുന്നു. ഇതൊരു കുടുംബ ചിത്രമാണെങ്കിലും യുവാക്കളെ കൂടി കണക്കിലെടുത്താണ് ഇത് ഒരുക്കിയിരിക്കുന്നത്. വിദ്യാഭ്യാസം കഴിഞ്ഞ് വീട്ടിൽ കുത്തിയിരുന്ന് അച്ഛന്റെയും അമ്മയുടെയും ചിലവിൽ കഴിയുക, അതിനു വേണ്ടി ചില മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നതൊക്കെയാണ് ഷറഫുദ്ദീന്റെ കഥാപാത്രത്തിന്റെ പ്രത്യേകതകൾ. ഭാസ്കർ ദ റാസ്കലിനു ശേഷം സനൂപും ബേബി അനികയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു കോമ്പിനേഷനിൽ ആണ് അവർ വരുന്നത്.’ മാർത്താണ്ഡൻ പറയുന്നു. 

‘പാവാട ചെയ്ത് കഴിഞ്ഞ് രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ആണ് ഈ സിനിമ ചെയ്യുന്നത്. പാവാട നൂറ് ദിവസം ഓടിയ സിനിമയാണ്. അങ്ങനെ വരുമ്പോൾ സംവിധായകന് പ്രേക്ഷകരിലുള്ള ഉത്തരവാദിത്തം കൂടുകയാണ്.  അപ്പോൾ അടുത്ത പടം ചെയ്യുമ്പോൾ പ്രേക്ഷകർക്ക് നമ്മളിൽ ഒരുപാട് പ്രതീക്ഷ കാണും. മുൻചിത്രത്തെ അടിസ്ഥാനമാക്കിയാണ് പ്രേക്ഷകർ വരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം പെട്ടെന്നൊരു സിനിമ തട്ടിക്കൂട്ടിയാൽ എന്റെ ലൈഫിനെയും ബാധിക്കും  പ്രേക്ഷകരോട് ഒരു ചതി ചെയ്യുന്നതിന് തുല്യമാണ്’. 

‘അതുകൊണ്ടാണ് ഞാനും ജോജിയും നല്ലൊരു സബ്ജക്ടിനു വേണ്ടി കാത്തിരുന്നത്. ഗ്യാപ്പ് വന്നതല്ല. ഏറ്റവും നല്ല ഒരു തിരക്കഥയ്ക്കു വേണ്ടിയുള്ള കാത്തിരുപ്പായിരുന്നു. ഞങ്ങൾ പല രീതിയിൽ ചർച്ച ചെയ്തും മാറ്റി എഴുതിയും നന്നായി ഹോം വർക്ക് ചെയ്ത ഒരു ചിത്രമാണ് ജോണി ജോണി യെസ് അപ്പാ. അതിനു വേണ്ടിയുള്ള ഒരു ഇടവേള  കാലതാമസമെന്ന് നിങ്ങൾക്കു തോന്നുമായിരിക്കും പക്ഷേ കാലതാമസമെന്ന് ഞങ്ങൾക്ക് തോന്നിയിട്ടില്ല.’ മാർത്താണ്ഡൻ കൂട്ടിച്ചേർത്തു.