Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽപം ക്ഷുഭിതനുമാണ് പൃഥ്വി: മോഹൻലാൽ

mohanlal-pritvhi-lucifer

മോഹൻലാൽ രാഷ്ട്രീയക്കാരനായി എത്തുന്ന ബിഗ് ബജറ്റ് സിനിമയാണ് ലൂസിഫർ. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനെ പൃഥ്വിരാജ് എന്ന സംവിധായകനുകീഴില്‍ അവതരിപ്പിക്കുമ്പോള്‍ ‌ മോഹന്‍ലാലിനും ചിലത് പറയാനുണ്ട്. മോഹൻലാലിന്റെ വാക്കുകൾ–‘പഴയ ഒരുപാട് സംഭവങ്ങള്‍ ഈ സിനിമയില്‍ ഉണ്ടാകും. നിങ്ങള്‍ കണ്ട കുറേ സംഭവങ്ങള്‍. പക്ഷേ അതെല്ലാം പുതിയ ശൈലിയില്‍ ഈ സിനിമയില്‍ കാണാം. ഇതൊരു സംവിധായകന്‍റെ സിനിമയാണ്.’

ലൊക്കേഷനിൽ ഷുഭിതനാണ്..മോഹൻലാൽ പറയുന്നു !!

‘ഇരുട്ടിന്റെ രാജകുമാരന്‍ മാത്രമല്ല ലൂസിഫർ. വളരെ പോസിറ്റിവ് ആയ ഒരാള് കൂടിയാണ്. ലൂസിഫര്‍ ദൈവത്തിനു പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തെ എങ്ങനെ നിങ്ങൾ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ സിനിമയും. സ്നേഹത്തോടെ കണ്ടാൽ സ്നേഹമുണ്ടാകും അല്ലാതെയാണെങ്കിൽ മോശക്കാരനും.

‘പൃഥ്വിരാജിന്റെ ചിത്രമാണ് ലൂസിഫര്‍ എന്നതുതന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഇത്രയും തിരക്കുള്ള ഒരാൾ ഇങ്ങനെയൊരു സിനിമ ചെയ്യുന്നു എന്നതാണ് വെല്ലുവിളി. കൊച്ചിലേ മുതലേ എനിക്ക് അറിയാം രാജുവിനെ. സിനിമയെ വളരെ സീരിയസായി കാണുന്ന ആളാണ് അദ്ദേഹം. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളുള്ള സിനിമയാണ് ലൂസിഫർ. നിങ്ങൾ കണ്ട ഒരുപാട് കാര്യങ്ങൾ സിനിമയിലുണ്ടാകാം.’

‘പൃഥ്വി എന്നെ അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. ഒരു സംവിധായകൻ എന്ന് പറയുന്നത് സിനിമയുടെ മേധാവിയാണ്. കമാൻഡിങ് പവര്‍ വേണ്ടി വരും. അതിലേക്ക് ഒക്കെ പൃഥ്വിരാജ് പെട്ടെന്ന് ഇഴുകിചേര്‍ന്നു. എനിക്ക് ചെറുപ്പം മുതലേ അറിയാവുന്നതാണ് പൃഥ്വിരാജിനെ. പോസറ്റീവായും സീരിയസായും സിനിമയെ സമീപിക്കുന്ന ആളാണ്. ഇത്രയും സിനിമകളിൽ അഭിനയിച്ചിട്ടും അതിന്റെ കമാൻഡിങ് ഏറ്റെടുക്കാൻ സാധിച്ചത് തന്നെ വലിയ കാര്യം’.

‘സംവിധായകനാകുമ്പോള്‍ ചിലപ്പോള്‍ ക്ഷുഭിതനാകേണ്ടി വരും. അത് ക്ഷുഭിതനാകാൻ വേണ്ടി ക്ഷുഭിതനാകുന്നതല്ല. എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോഴല്ലേ. ആ കാര്യം കഴിഞ്ഞാല്‍ അത് മറക്കും. അങ്ങനെ കുറച്ചൊക്കെ ക്ഷുഭിതനുമാണ് പൃഥ്വിരാജ്. അച്ഛന്റെ സ്വഭാവം പോലെ.’

‘വലിയൊരു സിനിമയാണ് ലൂസിഫര്‍. മലയാള സിനിമയില്‍ സാധാരണ ഇല്ലാത്തതുപോലെ വലിയ സ്റ്റാര്‍ കാസ്റ്റും ഒക്കെ ഉള്ള ചിത്രമാണ്. ഒരു വലിയ സന്ദേശവും ചിത്രം പറയുന്നുണ്ട്. അങ്ങനെ പറഞ്ഞുപോയാല്‍ ചിലപ്പോള്‍ കഥ മുഴുവൻ പറഞ്ഞുപോകും. വ്യത്യസ്തമായ രീതിയിലാണ് ലൂസിഫറിന്റെ ഷൂട്ടിങ്.’

‘വിവേക് ഒബ്‍റോയിയുമായി വീണ്ടും അഭിനയിക്കുകയുമാണ്. വിവേക് ഒബ്‍റോയി സിനിമയിലേക്ക് വന്നത് അദ്ദേഹത്തിന്റെ റോളിന്റെ പ്രത്യേകത കൊണ്ടുതന്നെയാണ്. ചിത്രം എടുക്കുന്ന രീതിയും വ്യത്യസ്തമാണ് എന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാകണം’.–മോഹൻലാൽ പറഞ്ഞു.

‘25 വർഷം മുമ്പാണ് ഫാസിൽ സാറിനൊപ്പം നോക്കെത്താ ദൂരത്തിൽ അഭിനയിക്കുന്നത്. പൃഥ്വിരാജ് എന്റെ വീട്ടിൽ കയറിവന്ന് ചോദിച്ചതുകൊണ്ടാണ് ലൂസിഫറിൽ അഭിയിക്കുന്നതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. വളരെ ചെറുപ്പം മുതലേ പൃഥ്വിക്ക് ഫാസിൽ സാറിനെ അറിയാം. 35 വർഷം മുമ്പ് എന്റെ ആദ്യ ഷോട്ടും പാച്ചിക്കയുടെ മുന്നിലായിരുന്നു. ഈ സിനിമയിൽ വളരെ നന്നായി തന്നെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്’.–മോഹൻലാൽ പറഞ്ഞു.