Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം സംവിധാനം ചെയ്യാൻ ആഗ്രഹിച്ച സിനിമ ലൂസിഫർ അല്ല: പൃഥ്വിരാജ്

prithviraj-lucifer-director

ആദ്യമായി സംവിധാനം ചെയ്യാൻ ആഗ്രഹിച്ച സിനിമ ‘സിറ്റി ഓഫ് ഗോഡ്’ ആയിരുന്നെന്ന് പൃഥ്വിരാജ്.  സിനിമാലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ലൂസിഫര്‍ എന്ന ചിത്രത്തിന്റെ പ്രതീക്ഷകള്‍ പങ്കുവച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

ആക്​ഷന്‍ പറഞ്ഞ് തന്റെ കന്നിസംവിധാനസംരംഭത്തിന് പൃഥ്വിരാജ് തുടക്കംകുറിച്ചിട്ട് ദിവസങ്ങളായി. തിരുവനന്തപുരത്തടക്കം തിരക്കേറിയ ഷൂട്ടിങ് കഴിഞ്ഞാണ് ലൂസിഫറിന്റെ അണിയറപ്രവര്‍ത്തകര്‍ കൊച്ചിയിലെത്തിയത്.നടന്മാരായ മോഹന്‍ലാലും , വിവേക് ഒബ്റോയിയും , സംവിധായകന്‍ പൃഥ്വിരാജും അടക്കമുള്ളവര്‍ കൊച്ചിയില്‍ ചിത്രത്തെക്കുറിച്ച് വിശദീകരിച്ചു.  നടന്റെ റോളില്‍നിന്ന് സംവിധായകന്റെ റോളിലേക്കെത്തുമ്പോള്‍ പൃഥ്വിരാജിന് പറയാനുള്ളത്.–

ലൂസിഫറിന് പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി പൃഥ്വി

‘2016 മുതൽ ഞാൻ ഈ സിനിമയുടെ തയാറെടുപ്പിലായിരുന്നു. സിനിമയെക്കുറിച്ച് ഒരുപാട് പറയാൻ കഴിയില്ല. അത് സ്ക്രീനിൽ നിന്നും കണ്ടറിയണം. പല തലങ്ങളിൽ പ്രേക്ഷകരിലെത്തുന്ന സിനിമയായിരിക്കും ലൂസിഫർ.’

‘ഞാൻ ആദ്യം സംവിധാനം െചയ്യാൻ ഉദ്ദേശിച്ച സിനിമ സിറ്റി ഓഫ് ഗോഡ് ആണ്. അത് പിന്നീട് ലിജോ ജോസ് വളരെ മനോഹരമായി ചെയ്തു. ഞാൻ മനസ്സിൽ കണ്ടതിനേക്കാൾ നന്നായി ലിജോ ചെയ്തു. ഡോ. ബിജുവിന്റെ വീട്ടിലേയ്ക്കുള്ള വഴി മറ്റൊരു ഭാഷയിൽ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. പിന്നീട് മറ്റൊരു സിനിമ കൂടി ആലോചിച്ചു. ഹിന്ദിയിൽ ഇറങ്ങിയ ബജ്രംഗി ഭായിജാന്റെ കഥാതന്തുവിനോട് സാദൃശ്യം ഉണ്ടായിരുന്നതിനാൽ അതും ഉപേക്ഷിച്ചു.’  

ലൂസിഫർ പ്രസ് മീറ്റ് ലൈവ്

‘ലൂസിഫർ വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്. ടിയാന്റെ സെറ്റിൽ വച്ചാണ് ലൂസിഫർ ജനിക്കുന്നത്. ലൂസിഫർ എന്ന ടൈറ്റിൽ ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല. രാജേഷ് പിള്ളയെന്ന എന്റെ സുഹൃത്ത് മറ്റൊരു കഥയിൽ ലാലേട്ടനെവച്ച് ചെയ്യാൻ ഇരുന്ന സിനിമയുടേതായിരുന്നു. അതും നല്ല കഥയാണ്. രണ്ടും രണ്ട് കഥയാണ്. ഇപ്പോൾ രണ്ട് കഥകളും അറിയാവുന്നത് കൊണ്ട്, ഈ ടൈറ്റിൽ ഈ സിനിമയ്ക്കാണ് കൂടുതൽ അനുയോജ്യമെന്ന് എനിക്ക് തോന്നുന്നു.

‘തിരുവനന്തപുരം, വാഗമൺ, വണ്ടിപ്പെരിയാർ, എറണാകുളം, ബംഗലൂരു, ദുബായ്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ് ലൊക്കേഷൻ. സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നതുപോലെ സ്റ്റീഫൻ നെടുമ്പള്ളി എന്നാണ് ലാലേട്ടന്റെ കഥാപാത്രത്തിന്റെ പേര്. ലൂസിഫറിലെ ഒരു കഥാപാത്രത്തെയും പൂര്‍ണമായും കറുപ്പ് അല്ലെങ്കില്‍ വെളുപ്പ് എന്ന് പറയാനാകില്ല. എല്ലാ കഥാപാത്രങ്ങളും ആ രണ്ട് നിറങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്നവരാണെന്നാണ് എന്‍റെ വിശ്വാസം. അങ്ങനെയാണ് വിവേക് ഒബ്റോയ്‍യുടെ കഥാപാത്രവും."

കഥ ആലോചിച്ചപ്പോള്‍ത്തന്നെ മനസ്സിലുണ്ടായിരുന്ന ആളാണ് വിവേക് എന്നും ഫോണിലൂടെയാണ് അദ്ദേഹത്തോട് കഥ പറഞ്ഞതെന്നും പൃഥ്വിരാജ്  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

"ടിയാന്‍റെ സമയത്ത് ഹൈദരാബാദില്‍ വച്ച് ലൂസിഫറിന്‍റെ ആദ്യ ആലോചനകള്‍ നടക്കുമ്പോള്‍ത്തന്നെ വിവേക് ഞങ്ങളുടെ മനസിലുണ്ടായിരുന്നു. ഞാനും മുരളിയും അന്ന് സംസാരിച്ചത് ഓര്‍ക്കുന്നു. വിവേക് ഒബ്റോയ്‍യുടെ ലുക്ക് ഉള്ള ഒരാള്‍ എന്നാണ് ഞങ്ങള്‍ ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. വിവേകിന് മലയാളസിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടാവുമോ എന്നൊന്നും അന്ന് അറിയില്ലായിരുന്നു. 

‘9 എന്ന സിനിമയുടെ ഷൂട്ടിങിനായി മണാലിയില്‍ ഉള്ളപ്പോഴാണ് വിവേകിനെ ഫോണില്‍ വിളിക്കുന്നത്. വളരെ താല്‍പര്യത്തോടെയാണ് അന്ന് പ്രതികരിച്ചത്. ഫോണിലൂടെയാണ് കഥ പറഞ്ഞത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നു ആ ഫോണ്‍കോളിന്. ഈ സിനിമയുടെ കഥ പറഞ്ഞ് ഫലിപ്പിക്കാന്‍ പ്രയാസമാണ്. അത് സിനിമ കാണുമ്പോള്‍ മനസിലാവും. പല ട്രാക്കുകളിലൂടെയൊക്കെ മുന്നോട്ടുപോകുന്ന കഥയാണ്. പക്ഷേ എനിക്ക് പറ്റുന്നത് പോലെ ഞാന്‍ കഥ പറഞ്ഞു. ഞാന്‍ പറഞ്ഞത് കൃത്യമായി അദ്ദേഹം മനസ്സിലാക്കിയതില്‍ സന്തോഷം തോന്നി. ആ ഫോണ്‍കോളില്‍ത്തന്നെ എന്നോട് അദ്ദേഹം പറഞ്ഞു, ഈ കഥാപാത്രവും സിനിമയും എന്തായാലും താന്‍ ചെയ്യുമെന്ന്. അവിടെനിന്ന് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ അത് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് വിവേകിനെ ഞാന്‍ കാണുന്നത് ലൂസിഫറിന്‍റെ സെറ്റിലാണ്. സ്ക്രിപ്റ്റ് വായിക്കുമ്പോൾ മനസ്സില്‍ നമ്മൾ സിനിമ കാണുമല്ലോ, ദൈവം സഹായിച്ച് വളരെ നല്ലപോലെ തന്നെ സിനിമ മുന്നോട്ട് പോകുന്നുണ്ട്.

‘വളരെ ഭാഗ്യം ചെയ്ത പുതുമുഖ സംവിധായകനാണ് ഞാൻ. ഇത്രയും വലിയ താരനിരയ്ക്കൊപ്പം സംവിധാനം ചെയ്യാൻ സാധിക്കുക. അത് വലിയ കാര്യമാണ്. അതിൽ പൂർണബോധവനാണ് ഞാൻ. നടനായിരിക്കുമ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട്, സിനിമ എന്നത് കൂട്ടുത്തരവാദിത്വമാണ്. എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമാണ് സിനിമ നന്നാകുയുള്ളൂ. എന്റെ അസോഷ്യേറ്റ്സിനും ക്യാമറമാനും കലാസംവിധായകനും അവരുടെ സഹായികൾക്കും എല്ലാം ഈ സിനിമയെക്കുറിച്ച് പൂർണമായും അറിയാം. എന്താണ് ഇനി ചിത്രീകരിക്കേണ്ടതെന്നും അവർ മനസ്സിലാക്കിയിട്ടുണ്ട്. 

‘ഈ അറിവ് എല്ലാവർക്കും ഉണ്ടായതിനാൽ പിന്നീട് െസറ്റിൽ വന്ന്  കാര്യങ്ങൾ പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഇങ്ങനെയൊരു ടീം കിട്ടിയതിലും ഭാഗ്യം. ചേട്ടനായതുകൊണ്ടല്ല ഇന്ദ്രജിത്ത് ഇതിൽ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രത്തില്‍ മറ്റൊരു പകരക്കാനില്ല. ഈ തിരക്കഥ വായിക്കുമ്പോൾ തന്നെ ഇന്ദ്രജിത്ത് ആയിരുന്നു ആ കഥാപാത്രമായി മനസ്സിൽ വന്നത്’. –പൃഥ്വിരാജ് പറഞ്ഞവസാനിപ്പിക്കുന്നു."

സംഭാഷണങ്ങള്‍ പഠിച്ചെടുക്കേണ്ട വിഷമതയൊഴിച്ചാല്‍ നടന്‍ വിവേക് ഒബ്റോയ്ക്ക് മലയാളസിനിമയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. ‘പതിനാറ് വര്‍ഷമായി 45ഓളം സിനിമകളുടെ ഭാഗമായി. കരിയറില്‍ ഏറ്റവും ആകര്‍ഷണീയമായി തോന്നിയ തിരക്കഥയാണ് ലൂസിഫറിന്റേത്. പൃഥ്വിരാജ് ഫോണില്‍ വിളിച്ചാണ് കഥ പറയുന്നത്. സിനിമയെ കുറിച്ച് മനസ്സിലാക്കിയപ്പോള്‍ എനിക്കും അതിന്റെ ഭാഗമാകണം എന്ന് ഞാൻ അങ്ങോട്ടാണ് പറഞ്ഞത്. അതിന് ചില കാരണങ്ങളുണ്ട്.’

‘ഒന്ന് മലയാളം ആണെന്നതുതന്നെയാണ്. വളരെ മികച്ച അഭിനയമുഹൂര്‍ത്തങ്ങളുമുണ്ട്.  കേരളത്തിന്റെ സംസ്കാരവും കലകളുമൊക്കെ ഭയങ്കര ഇഷ്‍ടമാണ് എനിക്ക്. ശബരിമലയില്‍ പത്ത് പതിനെട്ട് വര്‍ഷമായി വരുന്നതാണ്. മുമ്പും കുറേ പേര്‍ മലയാളത്തില്‍ അഭിനയിക്കുന്നില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ ഡയലോഗ് പഠിക്കാൻ ഭയങ്കര ബുദ്ധിമുട്ടി. ദൈര്‍ഘ്യമേറിയ ഡയലോഗ് ആണ് എഴുതി തന്നത്. അംഗീകരിക്കാതിരിക്കുന്നത് എന്നൊക്കെ പറഞ്ഞു പഠിക്കാൻ ബുദ്ധിമുട്ടി.  എത്ര അക്ഷരങ്ങളാണ് ഡയലോഗില്‍.. പൃഥ്വിരാജ് ആയിരുന്നു എന്റെ ട്രാൻസിലേറ്ററും. ഓരോ വാക്കിന്റെയും ഉച്ചാരണവും അതിന്റെ ഹിന്ദി അര്‍ഥവും പറഞ്ഞുപഠിപ്പിച്ചു. വെറുതെ ഡയലോഗ് പറയുന്നതുപോലെ അഭിനയിക്കാൻ താല്‍പ്പര്യമില്ലായിരുന്നു. അതുകൊണ്ട് ഡയലോഗ് മുഴുവനായി തന്നെ പറഞ്ഞു’.

‘സ്വാഭാവികമായും ലൂസിഫറില്‍ അഭിനയിക്കാൻ മോഹൻലാലും ഒരു പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ കൂടെ രണ്ടാമതും അഭിനയിക്കാൻ അവസരം കിട്ടുന്നുവെന്നതും ലൂസിഫറില്‍ അഭിനയിക്കാനുള്ള കാരണമാണ്- വിവേക് ഒബ്റോയ് പറയുന്നു.

‘ടിയാൻ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ലൂസിഫറിനെപ്പറ്റി പറയുന്നത്. എന്റെ തിരക്കഥകൾ രാജുവിന് ഇഷ്ടമാണ്. സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹവും പണ്ട് പറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രമേയം ഇഷ്ടമായതോടെ അത് ഈ ചിത്രമാകുകയായിരുന്നു. മറ്റൊരു സിനിമകളിലും അഭിനയിക്കാൻ പോകാതെ അത്രയും സമയം എടുത്ത് എഴുതിയ തിരക്കഥയാണ് ലൂസിഫർ. എന്റെ ആത്മാവും ഈ സിനിമയ്ക്കൊപ്പമുണ്ട്.’–മുരളി ഗോപി പറഞ്ഞു.