Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസാനകാലത്ത് വിളിച്ചപ്പോള്‍ വിനയനോട് മണി പറഞ്ഞത്

vinayan-mani

വിലക്കുകൾ ഉണ്ടായിരുന്ന സമയത്തും താനും മണിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സംവിധായകന്‍ വിനയന്‍. കലാഭവൻ മണി മദ്യപാനത്തിന് അടിമയാണെന്നുള്ള രീതിയിൽ അന്ന് പ്രചരണമുണ്ടായിരുന്നുവെന്നും സിനിമക്കാർ തന്നെയാണ് ഇത് പറഞ്ഞുപരത്തിയതെന്നും വിനയന്‍‌ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ ആരോപിച്ചു.

ഈ പ്രചരണങ്ങൾ കേട്ട സമയത്ത് ഞാൻ മണിയെ വിളിച്ചിട്ട് കൊച്ചിയിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നു. അന്ന് മണി പറഞ്ഞു, ‘സാർ, ഞാൻ കൊച്ചിയിൽ വന്നാൽ അവിടെ എനിക്ക് ഫൈവ് സ്റ്റാർ താമസസൗകര്യവും സ്കോച്ചുമൊക്കെ വാങ്ങിത്തരാൻ ആളുകളുണ്ടാകും. പക്ഷെ എന്റെ സിനിമയിലെ സുഹൃത്തുകളുൾപ്പടെയുള്ളവർ പരിഗണിക്കുന്ന രീതിയോട് എനിക്ക് പൊരുത്തപ്പെടാൻ പറ്റില്ല. 

ഞാൻ ചാലക്കുടിയിൽ പോകും, അവിടെ എന്നോടൊപ്പം മണ്ണുവാരിയും ഓട്ടോ ഓടിച്ചും കഴിഞ്ഞവരുണ്ട്. അവർക്ക് ഞാനൊരു 500 രൂപ കൊടുത്താൽ അവരെന്നെ പുകഴ്ത്തി പറയും. ഞങ്ങളൊരുമിച്ചൊരു ബിയറടിക്കും, പാട്ടുപാടും. അതെനിക്കൊരു സുഖമാണ് സാര്‍..’ എന്നായിരുന്നു മറുപടി. എങ്കിലും തന്റെ വാക്കുകൾ കേട്ട് കലാഭവൻ മണി കൊച്ചിയിലേക്ക് താമസം മാറ്റാൻ ആലോചിച്ചിരുന്നുവെന്നും വിനയൻ പറഞ്ഞു. 

സിനിമയിൽ നിന്ന് അകന്ന്, സുഹൃത്തുക്കളുമായി മദ്യപാനത്തോട് താൽപര്യം കാട്ടി മണി മാറാൻ തുടങ്ങുന്ന സമയവും ‘ചാലക്കുടിക്കാരൻ ചങ്ങാതി’യിൽ കാണിച്ചിട്ടുണ്ട്. ഈ അവസരത്തിൽ ഒരു കഥാപാത്രം മണിയുടെ കഥാപാത്രത്തോട് ചാലക്കുടിയിൽ നിന്നും മാറി കൊച്ചിയിലേക്ക് വരാൻ ആവശ്യപ്പെടുന്നുണ്ട്. ‘ആലോചിക്കാം സർ..’ എന്നുള്ള മറുപടിയിലൂടെ ആ രംഗം അവിടെ അവസാനിക്കുന്നു. എന്നാൽ ജീവിതത്തിൽ ഇതേ സന്ദർഭത്തിൽ മണി പറഞ്ഞത് മറ്റൊരു കാര്യമായിരുന്നു. അത് ആദ്യമായി വെളിപ്പെടുത്തുകയായിരുന്നു വിനയന്‍.