Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാമൂഴം സിനിമയാക്കുന്നതിന് വിലക്ക്

mt

എം.ടിയുടെ രണ്ടാമൂഴം തിരക്കഥ സിനിമയാക്കുന്നതിന് വിലക്ക്. കോഴിക്കോട് മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്. സംവിധായകൻ ശ്രീകുമാര്‍ മേനോന് നൽകിയ രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി ഹർജി നൽകിയിരുന്നു. സംവിധായകൻ ശ്രീകുമാർ മേനോനും നിർമാണകമ്പനിക്കും കോടതി നോട്ടീസ് അയച്ചു. കേസ് 25ന് വീണ്ടും പരിഗണിക്കും. 

ചിത്രീകരണം അനന്തമായി നീളുന്നതാണ‌ു എംടിയെ പിന്തിരിപ്പിച്ചത്. സംവിധായകൻ വി.എ.ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട‌ാണ് എംടി കോടതിയെ സമീപിച്ചത്. തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകാമെന്നും ഹർജിയിൽ പറയുന്നു.

വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ഒടുവിലാണു രണ്ടാമൂഴം എന്ന മാസ്റ്റർപീസ് നോവൽ എംടി എഴുതിയത്. അത്രയും തന്നെ സമയമെടുത്താണു തിരക്കഥ ഒരുക്കിയതും. എന്നാൽ തന്റെ ആത്മാർത്ഥതയുടെ ഒരു അംശം പോലും അണിയറ പ്രവർത്തകരിൽനിന്ന് ഉണ്ടായില്ലെന്ന തോന്നലാണു എംടിയെ പിൻമാറ്റത്തിനു പ്രേരിപ്പിച്ചതെന്നറിയുന്നു.

എംടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് തന്റെ  വീഴ്ചയാണെന്നും അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കുമെന്നും ശ്രീകുമാർ മേനോൻ പ്രതികരിച്ചിരുന്നു. എം.ടി. സാറിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ടെന്നും. ആ ആഗ്രഹം താൻ നിറവേറ്റുമെന്നുമായിരുന്നു ശ്രീകുമാർ മേനോന്റെ പ്രതികരണം.

4 വർഷം മുമ്പാണ‌ു ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത‌്. തുടർന്ന‌ു മലയാളം, ഇംഗ്ലിഷ‌് തിരക്കഥകൾ നൽകി. മൂന്നുവർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കരാർ പ്രകാരം ചിത്രീകരണം തുടങ്ങിയില്ല. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും എംടി ആരോപിക്കുന്നു. ചിത്രത്തിൽ ഭീമന്റെ റോളിൽ മോഹൻലാലിനെയാണു പ്രഖ്യാപിച്ചത്. ‘മഹാഭാരത‌്’ എന്ന പേരിൽ 2 ഭാഗങ്ങളായി 1000 കോടി രൂപ ചെലവിലൊരുക്കുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ‌ു കരുതിയിരുന്നത‌്.