Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധായകനുമായി വഴക്കിട്ട് പിരിഞ്ഞതല്ല: വാർത്ത സ്ഥിരീകരിച്ച് എം.ടി.

mt-randamoozham

രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് എ.ടി വാസുദേവന്‍ നായര്‍. രണ്ടാമൂഴം സിനിമയില്‍ നിന്ന് പിന്‍മാറിയത് സംവിധായകന്‍ കരാര്‍ ലംഘിച്ചതിനാലെന്ന് എംടി മനോരമ ന്യൂസിനോട് പറഞ്ഞു. മൂന്നുവര്‍ഷത്തിനകം തിരക്കഥ സിനിമയാക്കണമെന്നായിരുന്നു കരാര്‍. നാലുവര്‍ഷമായിട്ടും തുടങ്ങിയില്ല. സംവിധായകനുമായി വഴക്കിട്ട് പിരിഞ്ഞതല്ലെന്നും മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്നകാര്യം ആലോചിക്കുമെന്നും എം.ടി. വിശദീകരിച്ചു.

MT Vasudevan Nair Randamoozham

സംവിധായകന്‍ വി.എ. ശ്രീകുമാർ മേനോനുമായുള്ള കരാ‍ര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് എം.ടി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഇന്ന് ഉച്ച കഴിഞ്ഞ് കോടതി പരിഗണിച്ചേക്കും.

വാർത്തകൾക്ക് പിന്നാലെ രണ്ടാമൂഴം നടക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ പറഞ്ഞു. വികാരനിർഭരമായ ഫെയ്സ്ബുക്ക് കുറിപ്പിലാണ്   ശ്രീകുമാർ മേനോന്റെ ഉറപ്പ് നല്‍കുന്നത്. എംടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് തന്റെ വീഴ്ചയാണെന്നും അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കുമെന്നും ശ്രീകുമാർ മേനോൻ പറയുന്നു. ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാൻ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുൻപും, തിരക്കഥ എന്റെ കൈകളിൽ വച്ച് തരുമ്പോഴും ഞാൻ ആ കാലുകൾ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്– ശ്രീകുമാർ മേനോൻ കുറിച്ചു. 

ഒരുപാട് അന്താരാഷ്‌ട്ര കരാറുകളും, സങ്കീർണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിർമ്മാതാവ് ബി ആർ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദർശിച്ചിരുന്നു.മുൻപ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കിൽ ഫോൺ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനിടയാക്കിയതിൽ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കുമെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറഞ്ഞു.