Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഷിക്കിന്റെ ‘വൈറസി’ൽ നിന്നും കാളിദാസ് പിന്മാറി

kalidas-virus

നിപ്പ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസി'ൽ നിന്നും കാളിദാസ് ജയറാം പിൻമാറിയെന്നും പകരം ശ്രീനാഥ് ഭാസിയാണ് ആ കഥാപാത്രം ചെയ്യുകയെന്നും വാർത്തകൾ‌ പുറത്തുവന്നിരുന്നു. ‌മറുപടിയുമായി കാളിദാസ് തന്നെ രംഗത്തു വന്നിരിക്കുന്നു. 

ചിത്രത്തിൽ നിന്നും പിൻമാറിയെന്നും ഇതേക്കുറിച്ച് കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും കാളിദാസ് ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. 

രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിരയാണ് നിപ്പക്കാലത്തെ തിരശ്ശീലയിലെത്തിക്കുന്ന സിനിമയില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. 

ആഷിഖ് അബുവിന്റെ നിര്‍മ്മാണ കമ്പനിയായ ഒപിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വരത്തന് തിരക്കഥയൊരുക്കിയ സുഹാസ്, ഷര്‍ഫു എന്നിവര്‍ക്കൊപ്പം കെഎല്‍ 10 പത്ത് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച, സുഡാനി ഫ്രം നൈജീരിയയുടെ സഹ രചയിതാവായിരുന്ന മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് വൈറസിന്റെ രചന നിര്‍വ്വഹിക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കാളിദാസ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് താരം പിന്മാറിയതെന്നും കേൾക്കുന്നു. മിഥുൻ മാനുവലിന്റെ പുതിയ ചിത്രം അർജന്റീന ഫാൻസ്, അൽഫോൻസ് പുത്രന്റെ പ്രോജക്ട്, മഞ്ജു വാരിയർ എത്തുന്ന സന്തോഷ് ശിവന്റെ സിനിമ എന്നിവയാണ് കാളിദാസന്റെ മറ്റു പ്രോജക്ടുകൾ.