Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ദിഖിന് മറുപടി; ലളിത ചേച്ചി വേദനിപ്പിച്ചു: പാർവതി

parvarthy-sidhique

ഡബ്ല്യുസിസിയുടെ ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാൻ അമ്മ ശ്രമിക്കുന്നെന്ന് പാർവതി. അമ്മയിൽ‌ത്തന്നെ ഭിന്നതയാണ്. അമ്മയുടെ നിലപാടിൽ പ്രതീക്ഷയില്ല. ഡബ്ല്യുസിസിയുടെ ചോദ്യം ലളിതമാണ്. ദിലീപ് സംഘടനയിൽ ഉണ്ടോ ഇല്ലയോ എന്നാണതെന്നും പാർവതി പറഞ്ഞു. ആരെയും അകറ്റി നിർത്താനോ പറിച്ചെറിയാനോ അല്ല ഡബ്ല്യുസിസിയുടെ ശ്രമം. സൈബർ‌ ആക്രമണത്തെ സിദ്ദീഖ് ന്യായീകരിച്ചത് തെറ്റാണ്.  ഡബ്ല്യുസിസിയുടെ നിലപാടിനെപ്പറ്റ് നടൻ സിദ്ദീഖ് നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു പാർവതി. 

‘ഞങ്ങൾക്ക് വലിയ പ്രതീക്ഷകൾ ഇല്ലെന്ന് വേണം പറയാൻ. ദിലീപ് കുറ്റക്കാരനാണെന്ന് തെളിയാതെ നടപടിയെടുക്കാനാകില്ലെന്നാണ് ഇവർ പറയുന്നത്. അങ്ങനെയെങ്കില്‍ കുറ്റാരോപിതനും ആക്രമിക്കപ്പെട്ട നടിക്കും ഒരേനീതി ലഭിക്കാത്തതെന്തുകൊണ്ടാണ്. ഇപ്പോൾ വ്യക്തിപരമായ വൈരാഗ്യം ആക്കി മാറ്റുകയാണ്. അവർക്കിടയിൽ തന്നെ വ്യക്തത ഇല്ല. അവിടെ പോയി കാത്തുനിൽക്കാൻ ഞങ്ങൾക്ക് സമയമില്ല’.–പാർവതി പറഞ്ഞു.

‘ഒന്നരവർഷമായി ഈ സംഭവം നടന്നിട്ട്. എന്നിട്ട് എന്താണ് അവർ എടുത്ത നടപടി. ഇപ്പോൾ അവർ ഞങ്ങളോട് മാപ്പ് പറയണമെന്നാണ് പറയുന്നത്. അതിനൊക്കെ എന്ത് മറുപടിയാണ് നൽകാനാകുക. അമ്മയിലെ അംഗങ്ങളൊക്കെ വലിയ സീനിയേർസ് ആണ്. സംഘടനയിലെ ബൈലോ പ്രകാരം അറിഞ്ഞിരിക്കേണ്ട കുറിച്ച് കാര്യങ്ങളുണ്ട്. ഇതിൽ ഞങ്ങൾ ചെയ്ത െതറ്റ് എന്താണ്. അതിനുത്തരം കിട്ടാത്തതുകൊണ്ടാണ്, ചോദ്യങ്ങളുമായി പൊതുസമൂഹത്തിന് മുന്നിൽ എത്തിയത്.’–പാർവതി വ്യക്തമാക്കി.

‘ഇപ്പോൾ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞതുപോലെ വിഡിയോയും ഡോക്യുമെന്റ്സും ഞങ്ങളുടെ കയ്യിലും ഉണ്ട്. അമ്മ മോശമായൊരു സംഘടനയാണെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല. ആഷിക്ക് അബുവിനെതിരെ എന്തുകൊണ്ടാണ് പുച്ഛിച്ച് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സർക്കാരിനെ വരെ അവർ പരിഹസിക്കുകയാണ്.’

‘ആഷിക്ക് അബു എടുത്തത് ധീരമായ നിലപാട് തന്നെയായിരുന്നു. സ്ത്രീകൾക്ക് വേണ്ടി ഒരു സെൽ വേണമെന്ന് പറഞ്ഞ ആളെ പരിഹസിക്കുകയാണ് ഇദ്ദേഹം. പിന്നെ എങ്ങനെയാണ് ഇവർ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നത്’.

‘കെ.പി.എ.സി. ലളിത ചേച്ചിയുടെ വാക്കുകൾ എന്നെ വേദനിപ്പിച്ചു. ഞാൻ അവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒരുപാട് ആദരവുള്ള നടിയാണ് അവർ. ഈ കാലഘട്ടത്തിൽ നടിമാർ അല്ലെങ്കിൽ സിനിമയിലെ മറ്റുള്ള സ്ത്രീകൾ കടന്നുപോകുന്ന സാഹചര്യം അറിയാവുന്ന ഒരാളാണ് ഞാൻ. അങ്ങനെയുളളപ്പോൾ ലളിത ചേച്ചിയെ പോലുള്ളവരുടെ പ്രസ്താവന വളരെ വേദനിപ്പിച്ചു.’–പാർവതി പറഞ്ഞു.

‘അമ്മയിലെ എല്ലാ അംഗങ്ങളെയും പരിചയമുള്ളവരാണ്. കൂടെ പ്രവർത്തിച്ചിട്ടുള്ളവരാണ്. അതിൽ ഒരാൾക്കെതിരെയും അല്ല ഞങ്ങളുടെ പോരാട്ടം.’–പാർവതി വ്യക്തമാക്കുന്നു.

ജഗദീഷ് അമ്മയുടെ ഖജാൻജി മാത്രമാണ്. അദ്ദേഹം സംഘടനയുടെ വക്താവല്ല. അമ്മയുടെ നിലപാട് താൻ പറഞ്ഞതാണെന്നും മോഹൻലാലിനോടും ഇടവേള ബാബുവിനോടുമെല്ലാം ആലോചിച്ചാണ് ഇപ്പോഴത്തെ വാര്‍ത്താ സമ്മേളനമെന്നായിരുന്നു സിദ്ദിഖിന്‍റെ പരാമര്‍ശം.

ജഗദീഷിന്‍റെ വാർത്താ കുറിപ്പ് കണ്ടിട്ടില്ല. അതിൽ എന്താണ് അതിൽ പറഞ്ഞതെന്ന് അറിയില്ല. താൻ നടത്തിയത് അമ്മയുടെ ഔദ്യോഗിക വാർത്താസമ്മേളനം ആണെന്നും സിദ്ദിഖ് കൊച്ചിയില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

എന്നാല്‍, അമ്മ പ്രസിഡന്റ് മോഹൻലാലിനോട് ചർച്ച ചെയ്താണ് വാർത്ത കുറിപ്പ് ഇറക്കിയതെന്നും സിദ്ദിഖ് അടക്കമുള്ള ഭാരവാഹികൾക്കും ഇത് അയച്ചു കൊടുത്തിരുന്നുവെന്നുമായിരുന്നു ജഗദീഷിന്‍റെ മറുപടി. താൻ അമ്മ വക്താവ് തന്നെ എന്ന് ജഗദീഷ് വ്യക്തമാക്കി. അച്ചടക്കം ഉള്ള അംഗം എന്ന നിലയിൽ സിദ്ദിഖിന് വ്യക്തിപരമായ മറുപടി നൽകുന്നില്ലെന്നും ജഗദീഷ് പറഞ്ഞിരുന്നു.