Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ദിഖ്–കെ.പി.എ.സി ലളിത പത്രസമ്മേളനത്തെ വിമർശിച്ച് ട്രോളൻമാർ

wcc-troll

ആക്രമിക്കപ്പെട്ട നടിയ്ക്കെതിരായുള്ള അമ്മയുടെ നിലപാടുകളെ തുറന്നുകാണിച്ച് ഡബ്ല്യൂസിസി നടത്തിയ പത്രസമ്മേളനത്തെ വിമർശിച്ച സിദ്ദിഖിനെതിരെ ട്രോളൻമാർ. സിദ്ദിഖും കെപിഎസി ലളിതയും പത്രസമ്മേളനത്തിൽ ഉന്നയിച്ച ഓരോ പ്രസ്താവനയ്ക്കും നർമത്തിൽ ചാലിച്ചുള്ള മറുപടിയാണ് ട്രോളന്മാർ നൽകുന്നത്. അമ്മയുടെ നിലപാടിലെ പൊള്ളത്തരങ്ങളെ തുറന്നു കാണിക്കുന്ന ഇത്തരം മീമുകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. 

നീതി തേടി അമ്മ സംഘടനയുടെ ഭാരവാഹികളെ കണ്ട ഡബ്ല്യൂസിസി അംഗങ്ങളോട് 'അഞ്ചരക്കോടി എവിടെ' എന്നു ചോദിക്കുന്ന പോസ്റ്റ് പന്തിയിലെ പക്ഷപാതം തുറന്നു കാണിക്കുന്നതാണ്. നടിയെ ആക്രമിച്ച താരത്തിനെതിരെ നടപടി ആവശ്യപ്പെട്ട ഡബ്ല്യൂസിസി അംഗങ്ങളോട് അനുകൂല സമീപനം സ്വീകരിക്കാമെന്നു പറഞ്ഞ്, അവർക്കെതിരെ തന്നെ അച്ചടക്ക നടപടി സ്വീകരിക്കാൻ തയ്യാറെടുക്കുന്ന അമ്മയുടെ തീരുമാനവും ട്രോളന്മാർ വിമർശിക്കുന്നു. ചോക്ലേറ്റ് എന്ന സിനിമയിലെ മീം ഉപയോഗിച്ചാണ് ചളിയന്മാരുടെ വിമർശനം. 

ഡബ്ല്യൂസിസിയുടെ പത്രസമ്മേളനത്തിൽ അനാവശ്യ ചോദ്യങ്ങൾ ഉന്നയിച്ച് നടിമാരെ ആക്രമിച്ച മാധ്യമപ്രവർത്തകർക്കെതിരെയും ട്രോളുകൾ ഇറങ്ങി. ഡബ്ല്യൂസിസിയുടെ പത്രസമ്മേളനത്തിൽ കാണിച്ച ആവേശം അമ്മയുടെ പ്രസിഡന്റായ മോഹൻലാൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ കാണിക്കാത്തതിനുള്ള കാരണം വിശദമായി തന്നെ പോസ്റ്റിലുണ്ട്. ചതിക്കാത്ത ചന്തു എന്ന സിനിമയിലെ മീം ഉപയോഗിച്ചാണ് വിശദീകരണം. അമ്മയുടെ പ്രസിഡന്റ് പറയുന്ന എന്തെങ്കിലും കാര്യങ്ങൾ നിങ്ങൾക്ക് മനസിലാകാറുണ്ടോയെന്നു ചോദിക്കുന്ന സലിം കുമാർ ട്രോളും ആരിലും ചിരിയുണർത്തും. 

അമ്മയുടെ നിലപാടിനെ ന്യായീകരിക്കാൻ സിദ്ദിഖിനൊപ്പം കൂടിയ കെപിഎസി ലളിതയെയും ട്രോളന്മാർ വെറുതെ വിട്ടില്ല. കേണലിനെ ബഹുമാനിക്കാൻ പഠിക്കെടോ എന്ന ഡയലോഗ് ഉപയോഗിച്ചാണ് കെപിഎസി ലളിതയെ ട്രോളുന്നത്.