Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസരം കുറഞ്ഞു; ഒറ്റപ്പെട്ടു: ഞങ്ങളോട് സംസാരിക്കുന്നതിനും വിലക്ക്: തുറന്നടിച്ച് പാർവതി

Parvathy

അമ്മ സംഘടനയിലെ നേതൃത്വത്തെ പരസ്യമായി വിമർശിച്ചതിന്റെ പേരിൽ സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് പാർവതി. നിങ്ങളുടെ പേര് ഡബ്ല്യുസിസിയുമായി ബന്ധപ്പെടുന്ന നിമിഷം നിങ്ങൾ ഇൻഡസ്ട്രിയിൽ അനഭിമതയാകുന്നു. അവരോടു സംസാരിക്കണ്ട, സഹകരിക്കണ്ട എന്ന രീതിയിലാണ് കാര്യങ്ങൾ, പാർവതി വെളിപ്പെടുത്തി. ഒരു പ്രമുഖ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് പാർവതിയുടെ തുറന്നു പറച്ചിൽ. 

കഴിഞ്ഞ നാലു വർഷങ്ങളായി ഞാൻ അഭിനയിച്ച പല സിനിമകളും ഹിറ്റാണ്. എന്നിട്ടും എനിക്ക് ഇപ്പോൾ നിലവിലുള്ളത് ഒരു ഓഫർ മാത്രമാണ്. എനിക്ക് മറ്റെന്തെങ്കിലും ജീവനോപാധി കണ്ടെത്താനുള്ള സാധ്യതയുണ്ട്. എംബിഎ ചെയ്താല്‍ മതിയായിരുന്നു എന്നാണ് ഇപ്പോള്‍ തന്റെ അമ്മ പറയുന്നത്. എന്നാൽ പല സ്ത്രീകൾക്കും അതിനു കഴിയില്ല. തുറന്നു പറയുന്നവർക്ക് അവസരങ്ങൾ നിഷേധിക്കുന്നത് തെറ്റായ പ്രവണതയാണ്, പാർവതി പറഞ്ഞു. 

സിനിമ എന്ന തൊഴിലിടത്തിലെ ലൈംഗിക അതിക്രമത്തെ ചൂണ്ടിക്കാണിക്കുമ്പോൾ ഈ മേഖലയിലെ മറ്റു സംഘടനകൾ ഇത് അംഗീകരിക്കാൻ തയ്യാറാവുന്നില്ല. ഇവിടെ അങ്ങനെ സംഭവിക്കില്ല എന്നാണ് അവർ പറയുന്നത്. ഇക്കാര്യം ഏതെങ്കിലും ചാനൽ ചർച്ചയിലോ സംവാദത്തിലോ ഉന്നയിച്ചാൽ, കടുത്ത അസഭ്യവർഷമാണ് ഞങ്ങൾക്കു നേരെയുണ്ടാകുന്നത്, പാർവതി പറയുന്നു.  

ദുരനുഭവങ്ങൾ തുറന്നു പറയുന്നവർക്ക് ബോളിവുഡിലെ പോലെ പിന്തുണ മലയാളത്തിൽ ഇല്ലെന്നും പാർവതി ചൂണ്ടിക്കാട്ടി. 'സിനിമാ മേഖലയിൽ നേരിട്ട മോശം അനുഭവങ്ങൾ തുറന്നു പറയാൻ മുന്നോട്ടു വരണമെന്ന് പ്രോത്സാഹിപ്പിക്കുന്ന നിർമാതാക്കളും പ്രൊഡക്​ഷൻ കമ്പനികളുമാണ് ബോളിവുഡിലുള്ളത്. ധൈര്യമായി തുറന്നു പറഞ്ഞോളൂ, നിങ്ങൾക്ക് ജോലി നഷ്ട്പ്പെടില്ല എന്നാണ് അവിടെ പറയുന്നത്. എന്നാൽ, മലയാളത്തിൽ പുരോഗമനചിന്ത വെറും കടലാസിൽ ഒതുങ്ങുകയാണ്,' പാർവതി വ്യക്തമാക്കി. 

ഫാൻസ് അസോസിയേഷന്റെ പേരിൽ ഗുണ്ടാസംഘമാണ് പ്രവർത്തിക്കുന്നത്. ഇവരിൽ നിന്നുള്ള ഓൺലൈൻ തെറിവിളികളും ബലാത്സംഗഭീഷണികളും അസഹനീയമാണ്. എങ്കിലും, സിനിമാമേഖലയിലെ ഇത്തരം പ്രവണതകൾക്കെതിരെ ശബ്ദിക്കുമെന്നും തുറന്നുപറച്ചിലുകൾക്ക് പിന്തുണ നൽകുമെന്നും പാർവതി കൂട്ടിച്ചേർത്തു.