Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനെ പുറത്താക്കാൻ സർക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല: എ.കെ. ബാലൻ

dileep-balan

ദിലീപിനെ രാജിവെപ്പിച്ച ‘അമ്മ’യുടെ നടപടി സർക്കാര്‍ അടിച്ചേൽപിച്ചതല്ലെന്ന് മന്ത്രി എ.കെ. ബാലൻ. സിനിമാ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും ഇക്കാര്യത്തില്‍ അമ്മയും ഡബ്ല്യുസിസിയും സഹകരിച്ച് പ്രവര്‍ത്തിക്കണം എന്നാണ് സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയെന്നും എ.കെ. ബാലൻ പറഞ്ഞു.

മന്ത്രി എ.കെ ബാലന്റെ കുറിപ്പ് വായിക്കാം–

സിനിമാ മേഖലയിലെ താരസംഘടനയായ അമ്മയ്ക്കും ഈ മേഖലയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യുസിസിക്കും സമവായത്തിലെത്തുന്നതിന് ഇപ്പോള്‍ ഒരു തടസ്സവുമില്ല. ഇക്കാര്യത്തില്‍ അമ്മയുടെ പ്രസിഡന്‍റ് ശ്രീ. മോഹന്‍ലാല്‍ എടുക്കുന്ന സമീപനത്തെ നല്ല വിശ്വാസത്തില്‍ കാണാം.

ഡബ്ല്യുസിസി ഉന്നയിച്ച പ്രധാനപ്പെട്ട മൂന്ന് പ്രശ്നങ്ങളില്‍ ഫലപ്രദമായ തീരുമാനം ഉണ്ടാകണമെന്നും അതില്‍ ഇടപെടണമെന്നും മോഹന്‍ലാലിനെ നേരില്‍ കണ്ട അവസരത്തില്‍ ഞാന്‍ ഓർമപ്പെടുത്തിയിരുന്നു. ദിലീപിനെ അമ്മയില്‍ നിന്നും ഒഴിവാക്കുക, ഈ രംഗത്തെ സ്ത്രീപ്രശ്നം പരിഹരിക്കുന്നതിനും ഇടപെടുന്നതിനും ഒരു ഇന്‍റേണല്‍ കംപ്ലയിന്‍റ് കമ്മിറ്റി രുപീകരിക്കുക, ആക്രമിക്കപ്പെട്ട നടിയുടെ കേസ്സ് ഫലപ്രദമായി കോടതിയില്‍ നടത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുക ഇതായിരുന്നു ഡബ്ല്യുസിസി ഉന്നയിച്ച പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങള്‍. ഇക്കാര്യത്തില്‍ മോഹന്‍ലാല്‍ തന്നെ ഇടപെട്ട് ശക്തമായ തീരുമാനങ്ങള്‍ എടുത്തു.

ദിലീപിനെ അമ്മയില്‍ നിന്നും ഒഴിവാക്കിയതും കെപിഎസി ലളിത, കുക്കൂപരമേശ്വരന്‍, പൊന്നമ്മ ബാബു എന്നിവര്‍ അംഗങ്ങളായി ഇന്‍റേര്‍ണല്‍ കംപ്ലയിന്‍റ് കമ്മിറ്റി രുപീകരിച്ചതും ഇതിന്‍റെ ഭാഗമായിരുന്നു. അമ്മ ഒരു തൊഴില്‍ദാതാവല്ല. എന്നിട്ടുകൂടി ഇന്‍റേണല്‍ കംപ്ലെയിന്‍റ് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസ് ഫലപ്രദമായി നടത്തുന്നതിനും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിനും ഫലപ്രദമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. അതുകൊണ്ടാണ് കുറ്റവാളികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചതും അവര്‍ അന്വേഷണം നടത്തി ചാര്‍ജ്ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ചതും. ഇനി സര്‍ക്കാര്‍ തന്നെ നേരിട്ട് കേസ് ഫലപ്രദമായി നടത്തുന്ന നടപടിയും സ്വീകരിക്കും.

തൊഴിലിടങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിന് 2013 ലെ സെക്ഷ്വല്‍ ഹറാസ്മെന്‍റ് ഓഫ് വുമണ്‍ അറ്റ് വര്‍ക്ക് പ്ലേസ് ആക്റ്റിന്‍റെ അടിസ്ഥാനത്തില്‍ നിയമപരമായി രൂപീകരിക്കേണ്ടതാണ് ഇന്‍റേണല്‍ കംപ്ലയിന്‍റ് കമ്മിറ്റി. ഇത് രൂപീകരിക്കാത്ത മേഖലകളിലൊന്നാണ് സിനിമാവ്യവസായം. ഇത് ചൂണ്ടിക്കാണിച്ച് ഡബ്ല്യുസിസി ഭാരവാഹി പത്മപ്രിയ ഹൈക്കോടതിയില്‍ ഒരു റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സിനിമാ മേഖലയിലും ഇന്‍റേണല്‍ കംപ്ലയിന്‍റ് കമ്മിറ്റി രൂപീകരിക്കുന്നതിന് ബഹു. ഹൈക്കോടതി നിര്‍ദ്ദേശം കൊടുക്കണമെന്നാണ് റിട്ടില്‍ ആവശ്യപ്പെടുന്നത്. ഇതിനോട് സര്‍ക്കാരിന് പൂര്‍ണ യോജിപ്പാണുള്ളത്.

കോടതിയില്‍ ഇതിന് സഹായകരമായ നിലപാട് തന്നെയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. മാത്രവുമല്ല, ഡബ്ല്യുസിസി രൂപീകരണവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ഡബ്ല്യുസിസി ഭാരവാഹികള്‍ നേരിട്ട് കണ്ട അവസരത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് ഒരു കമ്മീഷനെ നിയമിക്കുന്ന കാര്യം ഉറപ്പുനല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍. ഈ കമ്മീഷന്‍റെ പരിഗണനയില്‍ ഉള്ള ഒരു വിഷയം കൂടിയാണ് റിട്ട് പെറ്റീഷന്‍റെ ഉള്ളടക്കം. ഇന്‍റേണല്‍ കംപ്ലെയിന്‍റ് കമ്മിറ്റി ഒരു സ്റ്റാറ്റ്യൂട്ടറി കമ്മറ്റിയാണ്. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ബാധ്യതപ്പെട്ട ഒരു കമ്മിറ്റിയാണ്. അമ്മ നിയോഗിച്ച ഇന്‍റേണല്‍ കംപ്ലെയിന്‍റ് കമ്മിറ്റിയും നിയമപ്രകാരം രൂപീകരിക്കുന്ന സ്റ്റാറ്റ്യൂട്ടറി കമ്മിറ്റിയും ഈ രംഗത്ത് ഉണ്ടാവുകയാണ്. ഇതിനോട് തൊഴില്‍ദാതാക്കളായ ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷനും ഫിലിം ചേംബറും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

ഈ സാഹചര്യത്തില്‍ പഴയ കാര്യങ്ങള്‍ ചികഞ്ഞ് നിലവിലെ നല്ല അന്തരീക്ഷത്തെ മോശമാക്കുന്നതിന് ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മോഹന്‍ലാല്‍ തന്നെ തന്‍റെ വിഷമം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അമ്മ തന്നെ മാതൃകാപരമായ ഇടപെടല്‍ ഇപ്പോള്‍ നടത്തുകയാണ്. എന്നാല്‍ ഇത് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചതാണ് എന്ന രൂപത്തില്‍ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വരുന്നുണ്ട്. അതിലൊന്നാണ് ദിലീപിനെ പുറത്താക്കണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു എന്ന തെറ്റായ വാര്‍ത്ത. അമ്മ തന്നെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഏതെങ്കിലും ഒരു ഭാഗംപിടിച്ച് പ്രത്യേക താല്‍പര്യം ഇക്കാര്യത്തില്‍ കാട്ടിയിട്ടില്ല.

ആയിരക്കണക്കിന് പേര്‍ തൊഴിലെടുക്കുന്ന ഒരു മേഖല മാത്രമല്ല, ഒരു സാംസ്കാരിക രംഗം കൂടിയാണ് നമ്മുടെ സിനിമ മേഖല. അതുകൊണ്ട് തന്നെ കേരളത്തിന്‍റെ സിനിമാവ്യവസായം അപമാനിക്കപ്പെടുകയും പ്രതിസന്ധിയിലാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. ഈ മേഖലയെ തകര്‍ക്കാന്‍ ആരും ശ്രമിക്കുകയും അരുത്. ഇക്കാര്യത്തില്‍ അമ്മയും ഡബ്ല്യുസിസിയും സഹകരിച്ച് പ്രവര്‍ത്തിക്കണം എന്നാണ് സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന.

ഇതാണ് ഇന്നലെ ഞാന്‍ നാദാപുരത്ത് നടത്തിയ പത്രസമ്മേളനത്തിന്‍റെ ഉള്ളടക്കം.