Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർവതിയുടെ നഷ്ടവും നേട്ടവും

Parvathy

കൂട്ടുകാരിയെ ഒറ്റിക്കൊടുത്ത് സ്വന്തം താൽപര്യം നോക്കി പോകുന്ന സ്വാർഥയായ പെൺകുട്ടി; പാർവതി തിരുവോരത്തിനെക്കുറിച്ചുള്ള ആദ്യസിനിമ ഓർമ ഇതാണ്. റോഷൻ ആൻഡ്രൂസ് ഒരുക്കിയ നോട്ട്ബുക്കിലെ പാർവതി അങ്ങനെയായിരുന്നു. അവൾക്കൊപ്പം നിൽക്കാതെ മാറി നിന്ന ആ ചുരുണ്ടമുടിക്കാരിയോട് മലയാളികൾക്ക് എവിടെയൊക്കെയോ ദേഷ്യം തോന്നിയിരുന്നു. 

പക്ഷെ വെള്ളിത്തിരയ്ക്കപ്പുറമുള്ള യഥാർഥ ജീവിതത്തിൽ പാർവതി ആക്രമണത്തിന് ഇരയായ കൂട്ടുകാരിക്കൊപ്പം മാത്രമാണ് അന്നും ഇന്നും നിന്നത്. പിന്തുണ നൽകാതെ പേടിച്ച് പിൻമാറിയിട്ടേയില്ല. എന്നും നിലപാടുകൾക്കൊപ്പമാണ് പാർവതി തിരുവോരത്ത് എന്ന ജീവിതത്തിൽ അഭിനയം അറിയാത്ത അഭിനേത്രി നിലകൊണ്ടത്. സിനിമയിലെ പുരുഷാധിപത്യത്തെയും താരാധിപത്യത്തെയും പൊതുസമൂഹത്തിന് മുമ്പിൽ തുറന്നു പറയാൻ പാർവതി മടി കാണിച്ചിട്ടില്ല. 

വെള്ളിത്തിരയിലെ കഥാപാത്രങ്ങളുടെ സ്ത്രീവിരുദ്ധതയ്ക്കെതിരെ ധൈര്യമായി തുറന്നുപറഞ്ഞതിനാണ് കടുത്ത സൈബർ ആക്രമണത്തിന് പാർവതി ഇരയായത്. അപ്പോഴും പതറാതെ അസഭ്യം പറഞ്ഞവർക്കെതിരെ പരാതികൊടുക്കാൻ തയാറാകുകയാണ് ചെയ്തത്. ഈ അടുത്ത് ഒരു അഭിമുഖത്തിൽ പാർവതി ഏറെ വിഷമത്തോടെ സംസാരിച്ച ഒരു കാര്യമുണ്ട്, അവസരങ്ങൾ നിഷേധിക്കപ്പെടുന്നു, ഡബ്ല്യുസിസിയിലുള്ളവരോട് സംസാരിക്കുന്നതിന് പോലും വിലക്കുണ്ടെന്ന്.

അവൾക്കൊപ്പം നിന്നതിന്റെ പേരിൽ അവസരങ്ങൾ നിഷേധിക്കപ്പെടുന്നതിനെക്കുറിച്ച് പാർവതിയെപ്പോലെ ഒരു അഭിനേത്രി പരാതിപ്പെട്ടാൽ അതിൽ എന്ത് തെറ്റാണുള്ളത്. അഭിനയപാടവം തെളിയിക്കാത്ത നടിയല്ല പാർവതി. സെറയായി, സൈറയായി, കാഞ്ചനമാലയായി എത്ര അനായാസേനയാണ് പാർവതി അഭിനയം കാഴ്ചവെച്ചത്. ഡബ്ലുസിസിയുടെ ഈ പോരാട്ടത്തിൽ ഏറ്റവും നഷ്ടം സംഭവിക്കുന്നതും പാർവതിക്ക് തന്നെയാണ്. ഈ ഒറ്റപ്പെടൽ അറിയാമായിരുന്നിട്ടും പാർവതി പോരാട്ടത്തിനിറങ്ങി. 

മലയാളസിനിമയിൽ മാത്രമല്ല തമിഴിലും കന്നഡയിലും ഹിന്ദിയിലും വരെ തന്റെ പ്രതിഭ തെളിയിച്ച ഒരാൾക്ക് ഒഴിവാക്കപ്പെടുന്നു എന്ന് പരാതിപ്പെടാൻ അവകാശമില്ലേ? അഭിനയം എന്ന തൊഴിൽ ചെയ്യാൻ സാധിക്കാത്തതിൽ പരിതപിക്കാൻ അർഹതയില്ലേ? കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് ഭാവി പോലും നോക്കാതെ പാർവതി അവൾക്കൊപ്പം നിന്നത്. 

ക്രൂരതയെ അതിജീവിച്ച ഒരു യുവതിയ്ക്കൊപ്പം നിൽക്കുകയും അവൾക്ക് വേണ്ടി സംസാരിക്കുകയും ചെയ്തതിന്റെ പേരിൽ സിനിമയിൽ നിന്നും അപ്രത്യക്ഷ വിലക്ക് കൽപ്പിക്കേണ്ട ആവശ്യമെന്താണ്. അങ്ങനെ ഒഴിവാക്കാൻ സാധിക്കുന്ന ഒരു അഭിനേത്രിയാണോ പാർവതി. ദേശിയ പുരസ്ക്കാരവേദിയിലെത്തിയ ടേക്ക് ഓഫ് എന്ന ഒറ്റ സിനിമയിലെ പ്രകടനം മതി അവരുടെ പ്രതിഭ എത്രമാത്രമാണെന്ന് മനസിലാക്കാൻ.  ‌

അഭിനയിച്ച പല സിനിമകളിലും പലയിടങ്ങളിലും നായകനേക്കാൾ ഒരുപടി മേലെ പാർവതിയുടെ പ്രകടനം എത്തിയിട്ടുമുണ്ട്. മരിയാൻ എന്ന ധനുഷ് ചിത്രത്തെക്കുറിച്ചോർക്കുമ്പോൾ നായകനൊപ്പം നായികയായ പാർവതിയേയും ഓർമവരും. അഭിനയിച്ച ഓരോ സിനിമകളിലും തന്റേതായ അടയാളം പതിപ്പിച്ച പ്രതിഭാശാലിയായ ഒരു അഭിനേത്രിയെ നിലപാടുകളുടെ പേരിൽ അകറ്റുന്നത് കലകൊണ്ട് അതിജീവിക്കുന്ന ഒരു സമൂഹത്തിന് ഗുണകരമാകുകയില്ല. 

മഞ്ജു വാരിയർ, മീര ജാസ്മിൻ, സംയുക്ത വർമ എന്നിവരെപ്പോലെ അഭിനയപ്രകടനം കൊണ്ട് മലയാളികളുടെ മനംകീഴടക്കിയ പാർവതി നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി. ടേക്ക് ഓഫിലെ അഭിനയത്തിന് ദേശീയ അവാർഡിൽ പ്രത്യേക പരാമർശം നേടിയിരുന്നു.

അഞ്ജലി മേനോന്റെ കൂടെ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. മലയാളത്തിൽ മൂന്നു ചിത്രങ്ങളാണ് നടിയുടേതായി അനൗൺസ് ചെയ്തിരിക്കുന്നത്. 

ബോബി–സഞ്ജയ് തിരക്കഥ എഴുതി നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം. സിനിമയിൽ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായി പാർവതി എത്തുന്നു.

എം. മുകുന്ദന്റെ ചെറുകഥയായ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് മറ്റൊരു പ്രോജക്ട്. മുകുന്ദന്റെ തന്നെ തിരക്കഥയിൽ ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നിപ്പ പ്രമേയമാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വൈറസ് മറ്റൊരു ചിത്രം. നിപ്പ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടയിൽ വൈറസ് ബാധിതയായി മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയുടെ വേഷത്തിലാകും പാർവതി എത്തുക.