Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോദിച്ചു വാങ്ങിയതോ ദാനമോ ആ രാജി ?

amma-wcc-dileep

കാക്കക്കുയിൽ എന്ന ചിത്രത്തിൽ ജഗദീഷും കൊച്ചിൻ ഹനീഫയും അനശ്വരമാക്കിയ ഒരു രംഗമുണ്ട്. ലോക്കറിന്റെ താക്കോൽ മരുന്നു ഡപ്പിയിൽ നിന്നു മറ്റെവിടെയെങ്കിലും ഒളിപ്പിക്കാൻ പറയുന്ന രംഗം. ഏതാണ്ട് സമാനമായ കാഴ്ചകളാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമയിലും അരങ്ങേറുന്നത്. അമ്മ സംഘടനയിൽ നിന്നുള്ള ദിലീപിന്റെ രാജിയാണ് വിഷയം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദിലീപ് സ്വമേധയാ രാജി വച്ചതാണെന്ന് പത്രസമ്മേളനത്തിൽ അമ്മയുടെ സെക്രട്ടറി സിദ്ദിഖ് പറയുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കഥ മാറി. അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ താൻ ആവശ്യപ്പെട്ടിട്ടാണ് ദിലീപ് രാജിക്കത്ത് നൽകിയതെന്ന് മോഹൻലാൽ. എന്നാൽ കൂടുതൽ വിവാദങ്ങളുണ്ടാകാതിരിക്കാൻ സ്വയം മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചതാണെന്ന് ദിലീപ് പറയുന്നു. സത്യത്തിൽ ഈ രാജി ചോദിച്ചു വാങ്ങിയതാണോ അതോ ദാനം ചെയ്തതാണോ? ഉത്തരം ഇപ്പോഴും അവ്യക്തം. 

ദിലീപിന്റെ രാജി

അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള ഏറ്റമുട്ടാനുള്ള പ്രധാന കാരണം സംഘടനയിലെ ദിലീപിന്റെ അംഗത്വമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട് ദിലീപ് അറസ്റ്റിലായ സാഹചര്യത്തിലാണ് സംഘടനയിൽ നിന്ന് ദിലീപിനെ പുറത്താക്കാൻ സമ്മർദ്ദമേറിയത്. ലഭ്യമായ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ യോഗം ചേർന്ന് ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം എടുത്തു. ഒരു വർഷത്തിനു ശേഷം താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിക്കാൻ ധാരണയായി.

ഇതിൽ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടി സംഘടനയിൽ നിന്നു രാജി വച്ചത്. ജനറൽ ബോഡിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരും അമ്മയിൽ നിന്ന് രാജി വച്ചു. ദിലീപിന്റെ രാജി വീണ്ടും വാർത്തകളിൽ ഇടം നേടി. വാദപ്രതിവാദങ്ങൾ സജീവമായി. സംഘടനയിൽ നിന്നു മാറി നിൽക്കുകയാണെന്നും വിവാദം അവസാനിപ്പിക്കാൻ രാജി വയ്ക്കുകയാണെന്നും വ്യക്തമാക്കി ദിലീപ് കത്ത് നൽകിയതോടെ വിവാദങ്ങൾ മറ്റൊരു വഴിത്തിരിവിലെത്തി.  

രാജിയിൽ തീരുമാനമാകാതെ

വിഷയങ്ങൾ അടിയന്തരമായി പരിഗണിക്കമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. ആദ്യഘട്ട ചർച്ചകൾക്കുശേഷം സംതൃപ്തരാണെന്ന് മാധ്യമങ്ങളോടു പറഞ്ഞ ഡബ്ല്യുസിസി രണ്ടു മാസങ്ങൾക്കു ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. അവർ ഉയർത്തിയ പ്രശ്നങ്ങളോടു അമ്മ നേതൃത്വം പുലർത്തിയ തണുപ്പൻ മനോഭാവത്തിന്റെ ധാർമികതയെ ചോദ്യം ചെയ്താണ് വനിതാ ചലച്ചിത്രപ്രവർത്തകർ മാധ്യമങ്ങളെ കണ്ടത്. 

ചേർത്തു നിർത്തേണ്ട സംഘടനയിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ആക്രമിക്കപ്പെട്ട നടി രാജി വച്ചപ്പോൾ അത് സ്വീകരിക്കാൻ അമ്മ നേതൃത്വത്തിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ലെന്ന് ഓർമപ്പെടുത്തിയാണ് അവർ മാധ്യമങ്ങളോടു സംസാരിച്ചു തുടങ്ങിയത്. 'ലൈംഗികാതിക്രമത്തിനെതിരെ ശക്തമായി പ്രതികരിച്ച നടിയെ ഒപ്പം നിറുത്താനോ അവരുടെ പ്രശ്നങ്ങളെ കേൾക്കാനോ ഉള്ള ശ്രമം പോലും നടത്താതെ അവരുടെ രാജി സംഘടന സ്വീകരിച്ചു. അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുറത്തുപോയ മൂന്നു പേരോടും സമാനമായ നിലപാടു തന്നെ അമ്മ നേതൃത്വം കൈകൊണ്ടു. എന്നാൽ ദിലീപിന്റെ രാജിയിൽ തീരുമാനം എടുക്കാനോ അതിൽ വ്യക്തത വരുത്താനോ ഈ തിടുക്കം അമ്മ നേതൃത്വത്തിൽ നിന്നുണ്ടായില്ല. രണ്ടു ദിവസത്തിനകം വ്യക്തത വരുത്താമെന്ന അമ്മയുടെ ഉറപ്പു വെള്ളത്തിൽ വരച്ച വരയായി,'- അമ്മ നേതൃത്വത്തിനോട് അടച്ചിട്ട മുറിയിൽ ഉന്നയിച്ച കാര്യങ്ങൾ ഡബ്ല്യുസിസി പരസ്യമാക്കി. 

അമ്മ നേതൃത്വം സ്വാഭാവികമായും സമ്മർദത്തിലായി. ഡബ്ല്യുസിസി ഉന്നയിക്കുന്ന രീതിയിലുള്ള പ്രശ്നങ്ങൾ ഇല്ലെന്നും സംഘടനപരമായി ചില കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് സമയമെടുക്കുന്ന പ്രക്രിയ ആണെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ നിലപാടെടുത്തു. 

അമ്മ ഉരുണ്ടു കളിയ്ക്കുന്നത് ആർക്കു വേണ്ടി?

ഡബ്ല്യുസിസിയുടെ വാർത്താസമ്മേളനത്തിനു ശേഷം വ്യത്യസ്തമായ നിലപാടുകളാണ് സിദ്ദിഖും ജഗദീഷും ബാബുരാജും സ്വീകരിച്ചത്. രണ്ടു ദിവസത്തിനുള്ളിൽ ഇവരെല്ലാവരും മോഹൻലാലിന്റെ അധ്യക്ഷതയിൽ നിരന്നിരുന്നപ്പോൾ ആരെയും തള്ളാതെ അതെല്ലാം അമ്മയുടെ നിലപാടുകൾ തന്നെയെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ചിലർ കടുത്ത ഭാഷയിലും ചിലർ സൗമ്യമായും പറയുന്നുവെന്ന് വിശദീകരണവും നൽകി. പക്ഷേ, ചോദ്യങ്ങൾ ഉന്നയിക്കുകയും അഭിപ്രായവ്യത്യാസം തുറന്നുപറയുകയും ചെയ്യുന്ന വനിതാ അംഗങ്ങളോട് ഈ വിശാലമനസ് കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് വിമർശകർ ചോദ്യമെറിയുന്നു. 

ഉയരുന്ന സംശയങ്ങൾ

അമ്മയുടെ ഓരോ പത്രസമ്മേളനത്തിലും ആവർത്തിക്കുന്ന പ്രസ്താവനയുണ്ട്. അമ്മ സംഘടന ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പമാണെന്ന്. കേസിൽ പ്രതി ചേർക്കപ്പെട്ട ദിലീപിനെ സിനിമയിൽ നിന്നു മാറ്റി നിറുത്തുന്നത് തികഞ്ഞ തൊഴിൽനിഷേധമാണെന്നു പറയുന്ന സിദ്ദിഖും പറയുന്നത് അദ്ദേഹം ആക്രമിക്കപ്പെട്ട ആ പെൺകുട്ടിയ്ക്ക് ഒപ്പമാണെന്നാണ്. രാജി വച്ചവർ തിരികെ വരണമെങ്കിൽ മാപ്പു പറയണമെന്ന് നിർദേശിക്കുന്ന കെപിഎസി ലളിതയോടു ചോദിച്ചാലും പറയും അവർ ആ പെൺകുട്ടിക്കൊപ്പമാണെന്ന്. കുറ്റാരോപിതനായ ദിലീപിനു വേണ്ടി പ്രാർത്ഥിക്കും എന്ന് പറയുന്ന മോഹൻലാലും ആ പെൺകുട്ടിയ്ക്കു നേരിട്ട ലൈംഗികാതിക്രമത്തെ അപലപിക്കും. വ്യക്തിപരമായി ഇങ്ങനെ നിലപാട് എടുക്കൽ എളുപ്പമാണെന്ന് ഡബ്ല്യുസിസി അംഗമായ റിമ കല്ലിങ്കൽ ചൂണ്ടിക്കാട്ടുന്നു. 'വ്യക്തിപരമായി ഫോണിൽ വിളിച്ച് ഞാൻ നിന്റെ ഒപ്പമുണ്ടെന്ന് പറഞ്ഞാൽ മാത്രം പോര. ഇതൊരു സാമൂഹിക പ്രശ്നമാണ്,' റിമ പറയുന്നു.  

പേടിയില്ലാതെ ജോലി ചെയ്യണം

ദിലീപിന്റെ രാജിയെക്കാൾ സംഘടനയുടെ അടിയന്തരശ്രദ്ധ ആവശ്യമുള്ള വിവിധ വിഷയങ്ങൾ രേവതിയും പാർവതി തിരുവോത്തും ഇവരോടൊപ്പമുള്ളവരും ഉയർത്തുന്നുണ്ട്. അത് പേടിയില്ലാതെ ചോദ്യങ്ങൾ ചോദിക്കാനും പ്രതികാരനടപടിയുടെ സമ്മർദ്ദമില്ലാതെ സിനിമയിൽ ജോലി ചെയ്യാനുമൊക്കെയുള്ള സാഹചര്യം ഒരുക്കാനുള്ള നിർദേശമാണ്. എന്നാൽ അത്തരത്തിലുള്ള ഒരു സാഹചര്യവും മലയാളസിനിമിയിൽ ഇല്ലെന്നാണ് അമ്മ സെക്രട്ടറി സിദ്ദിഖിന്റെ പക്ഷം. ഡബ്ല്യുസിസിയുടെ നിർദേശം കൂടി പരിഗണിച്ച രൂപീകരിച്ച വുമൺ സെല്ലിനെതിരെയും സാമൂഹ്യമാധ്യമങ്ങളിൽ വിമർശനമുണ്ടായി. അമ്മ നേതൃത്വത്തിന്റെ തീരുമാനങ്ങളോട് യോജിപ്പ് മാത്രം പുലർത്തുന്നവരെ ഉൾപ്പെടുത്തി രൂപീകരിച്ച സെല്ലിൽ ക്രിയാത്മക ഇടപെടലുകൾ സാധ്യമാണോ എന്ന സംശയമാണ് അവർ ഉയർത്തിയത്. 

മൂടിവയ്ക്കൽ പരിഹാരമല്ല

മറ്റേതു തൊഴിലിടം പോലെയും സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവർ ഒരുമിച്ചു പ്രവർത്തിക്കുന്ന വലിയൊരു തൊഴിൽമേഖലയാണ് സിനിമ. ഒരിക്കൽപോലും അവിടത്തെ കീഴ്‌വഴക്കങ്ങൾ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ചോദ്യം ചെയ്തവരെ ഒതുക്കിയ ചരിത്രം തന്നെയാണ് മലയാള സിനിമയ്ക്കുമുള്ളത്. അങ്ങനെയൊരു ഇടത്തേക്കാണ് ലിംഗനീതി, തൊഴിൽസുരക്ഷ തുടങ്ങിയ വിഷയങ്ങളുമായി ഒരു കൂട്ടം സ്ത്രീകൾ മുന്നോട്ടു വരുന്നത്. നടി അക്രമിക്കപ്പെട്ട കേസും മീ ടൂ ക്യാംപെയ്നും അതിന് നിമിത്തവും ചാലകവുമായെന്നു മാത്രം. പഴയ ശീലങ്ങൾ പലതും മാറ്റിയില്ലെങ്കിൽ നിങ്ങൾ ചോദ്യം ചെയ്യപ്പെടുമെന്ന് വിളിച്ചു പറയുന്നുണ്ട് പുതിയ കാലത്തെ ഈ പെൺ സിനിമാപ്രവർത്തകർ.