Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആ മഞ്ഞഫ്രോക്കിട്ടായിരുന്നു സുരേഷ്ഗോപിയുടെ മകളുടെ അന്ത്യയാത്ര’

maniyanpilla-raju-suresh-gopi

സുരേഷ് ഗോപിയുമായുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ് മണിയൻപിള്ളരാജു. അദ്ദേഹം തന്നെ എഴുതിയ പുസ്തകത്തിലാണ് സുരേഷ് ഗോപിയെക്കുറിച്ചുള്ള അറിയാക്കഥകൾ വെളിപ്പെടുത്തുന്നത്. സുരേഷ് ഗോപിയെ ആദ്യം കണ്ടുമുട്ടിയ നിമിഷങ്ങളും പിന്നീട് നടന്റെ ജീവിതത്തിലുണ്ടായ വലിയൊരു ദുരന്തവും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

1986 കാലഘട്ടത്തിലാണ് സുരേഷ് ഗോപിയും മണിയൻപിള്ള രാജുവും സൗഹൃദത്തിലാകുന്നത്. അന്ന് മണിയൻപിള്ള സിനിമാ തിരക്കുകളുമായി ഓടിനടക്കുന്ന കാലമാണ്. സുരേഷ് ഗോപി സിനിമയിൽ എത്തിയിട്ടില്ല.

കൊല്ലത്തെ ഷൂട്ടിങ് കഴിഞ്ഞ് ചെന്നൈയിലേക്ക് പോവുകയായിരുന്നു മണിയൻപിള്ള രാജു‍. ചിത്രീകരണം പറഞ്ഞതിലും താമസിച്ച് തീർന്നതുകൊണ്ട് ഭക്ഷണം കഴിക്കാതെയാണ് മദ്രാസ് മെയിലിൽ കയറുന്നത്. മണിയൻപിള്ളയാകട്ടെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്ന ആളാണ്.

അന്ന് ട്രെയിനില്‍ നിന്നും ഭക്ഷണമൊന്നും ലഭിച്ചിരുന്നില്ല. ആകെ വിശന്ന് ക്ഷീണിച്ച് നില്‍ക്കുന്നതിനിടയിലായിരുന്നു വെളുത്ത് മെലിഞ്ഞ ആ ചെറുപ്പക്കാരന്‍ മണിയൻ പിളളയുടെ അരികിലേക്കെത്തിയത്. ഞാന്‍ സുരേഷ് ഗോപിയാണെന്നും സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും രാജാവിന്റെ മകനില്‍ അഭിനയിക്കാനായി ചെന്നൈയിലേക്ക് പോവുകയാണെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. 

ടിപി ബാലഗോപാലാന്‍ എംഎയുടെ ചിത്രീകരണത്തിനിടയില്‍ താന്‍ ചാന്‍സ് ചോദിച്ച് വന്നിരുന്നുവെന്നും അന്ന് നിങ്ങളെ പരിചയപ്പെടാനായില്ലെന്നും സുരേഷ് ഗോപി മണിയൻപിളളയോട് പറഞ്ഞു.

പരിചയപ്പെട്ട് സംസാരിക്കുന്നതിനിടയിലാണ് മണിയൻപിള്ളയുടെ കൈ വിറക്കുന്നത് സുരേഷ് ഗോപി ശ്രദ്ധിച്ചത്. രാവിലെ മുതല്‍ താന്‍ ഷൂട്ടിങിലായിരുന്നുവെന്നും വിശപ്പ് സഹിക്കാനാവുന്നില്ലെന്നും പറഞ്ഞപ്പോൾ സുരേഷ് ഗോപി ഒരു പൊതിയെടുത്ത് മുന്നില്‍ വെയ്ക്കുകയായിരുന്നു. 

രാത്രിയില്‍ കഴിക്കാനായി അമ്മ തന്നയച്ചതാണെന്നും ഇപ്പോള്‍ ചേട്ടന്‍ കഴിച്ചോളൂയെന്നും രാത്രി നമുക്ക് പുറത്തുനിന്നും വല്ലതും കഴിക്കാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ചപ്പാത്തിയും ആടിന്റെ ബ്രെയിന്‍ ഫ്രൈയുമാണ് അന്ന് കഴിച്ചത്. ആ സംഭവം ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നും അതിനുശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായെന്നും മണിയൻപിള്ള പറയുന്നു.

പിന്നീട് സുരേഷ് ഗോപി സിനിമയിൽ സജീവസാനിധ്യമായി മാറി. അതിനുശേഷവും മണിയൻപിള്ളയും സുരേഷ് ഗോപിയും ഇടക്കൊക്കെ പരിചയം പുതുക്കുമായിരുന്നു.  അങ്ങനെ ഒരുനാളിലാണ് സുരേഷ് ഗോപിയുടെ മകളുടെ മരണമുണ്ടാകുന്നതെന്ന് മണിയൻപിളള ഓർക്കുന്നു.

‘തിരുവനന്തപുരത്തിനും കഴക്കൂട്ടത്തിനും ഇടയില്‍ പള്ളിപ്പുറം എന്ന സ്ഥലത്ത് വെച്ച് നടന്ന അപകടത്തിലായിരുന്നു സുരേഷ് ഗോപിയുടെ മകളായ ലക്ഷ്മി മരിച്ചത്. തലയ്‌ക്കേറ്റ ക്ഷതമായിരുന്നു മരണകാരണം. മുറിവുകളൊന്നും കാണാനുണ്ടായിരുന്നില്ല. ഉറങ്ങിക്കിടക്കുകയാണെന്നേ തോന്നുമായിരുന്നുള്ളൂ. അറിഞ്ഞയുടനെ ഞാന്‍ മെഡിക്കല്‍ കോളജില്‍ പോയി മോളെ കണ്ടു. സുന്ദരിക്കുട്ടി. മരിച്ചെന്നു തോന്നില്ല.  അന്നു ഞാന്‍ പുറത്തുപോയി അവള്‍ക്കിടാന്‍ ഒരു മഞ്ഞ ഫ്രോക്ക് വാങ്ങി. അവള്‍ക്ക് മഞ്ഞ ഫ്രോക്ക് ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട്. അതിട്ടാണ് കൊല്ലത്തേക്കു കൊണ്ടുപോയത്. ......

ആ സംഭവത്തിന് ശേഷം ഇന്നുവരെ താന്‍ ആടിന്റെ ബ്രെയിന്‍ ഫ്രൈ കഴിച്ചിട്ടില്ലെന്നും ഇനി ഒരിക്കലും കഴിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞതായും മണിയന്‍പിള്ള രാജു കുറിച്ചിട്ടുണ്ട്.  കൊല്ലത്ത് ഒരു വിവാഹത്തില്‍ പങ്കെടുത്ത് ഭാര്യയും മകളും സഹോദരനും തിരുവനന്തപുരത്തേക്കും സുരേഷ് ഗോപി കൊച്ചിയിലേക്കുമായിരുന്നു പോയത്. ആ യാത്രയ്ക്കിടയില്‍ സംഭവിച്ച അപകടത്തെ തുടര്‍ന്നാണ് ലക്ഷ്മിയെ നഷ്ടമായത്. ഇന്നും അദ്ദേഹം മകളെക്കുറിച്ച് വാചാലനാവാറുണ്ട്.