Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിരാജിന്‍റെ വളർച്ച അമ്പരപ്പിച്ചു: ടൊവിനോ

tovino-prithviraj

സംവിധാനമോഹം തനിക്കുമുണ്ടെന്നും എന്നാൽ സംവിധായകനെന്ന രീതിയിൽ പൃഥ്വിരാജിന്‍റെ വളർച്ച തന്നെ അമ്പരപ്പിച്ചുവെന്നും ടൊവിനോ തോമസ്. വലിയ അനുഭവ സമ്പത്തുള്ള സംവിധായകനെപ്പോലെയാണ് പൃഥ്വി പ്രവർത്തിക്കുന്നത്. നല്ല ആസൂത്രണത്തോടെയും ബോധ്യത്തോടെയുമാണ് മുന്നോട്ടു പോകുന്നതെന്നും ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ മനസു തുറന്നു. ലൂസിഫറിൽ ശ്രദ്ധേയമായ റോളിൽ ടൊവിനോയും പ്രത്യക്ഷപ്പെടുന്നുണ്ട്.

നല്ല സിനിമകളിൽ ചിലത് കാണുമ്പോള്‍ ഭയം തോന്നാറുണ്ട്. അതിനുള്ള ധൈര്യം എന്നുണ്ടാകുന്നോ അന്ന് ശ്രമിക്കും. മള്‍ട്ടിസ്റ്റാര്‍ താത്പര്യക്കുറവില്ല‍. ആമി എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തില്‍ ആറ് ദിവസമാണ് പങ്കെടുത്തത്. പക്ഷേ പ്രേക്ഷകരുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. മുഖ്യധാരാ സിനിമയുടെ ഭാഗമാവുമ്പോള്‍ കൂടുതലാളുകൾ നമ്മുടെ സിനിമ കാണണമെന്ന് ആഗ്രഹിക്കാറുണ്ട്, അത് സ്വാഭാവികമാണ്. ലൂസിഫറില്‍ ഒരു ചെറിയ വേഷമാണ് ലഭിച്ചത്. പക്ഷേ അതൊരു വലിയ ചിത്രമാണ്. ആ ഓഫര്‍ സ്വീകരിക്കാന്‍ എനിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. നായകവേഷമില്ലാതെ ഒരു സിനിമയില്‍ അഭിനയിക്കുമ്പോൾ അഭിനേതാവ് എന്ന രീതിയിൽ നമ്മൾ വളരുകയാണെന്നും ടൊവിനോ പറയുന്നു.

മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. വിവേക് ഒബ്റോയി വില്ലനായി എത്തുന്നു എന്ന പ്രത്യേകയുമുണ്ട്. ഇന്ദ്രജിത്തും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതായി വാർത്തകൾ ഉണ്ട്. മഞ്ജു വാര്യർ, മംമ്ത മോഹൻദാസ്, ക്വീൻ ഫെയിം സാനിയ എന്നിവരും ചിത്രത്തിലുണ്ട്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

സുജിത് വാസുദേവാണ് ഛായാഗ്രാഹകൻ. പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയായിരിക്കും ലൂസിഫറെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.