Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല സംരക്ഷണയാത്ര; സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുമോ?

suresh-gopi-sabarimala

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ഗതാഗതം തടഞ്ഞ് നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ സംസ്ഥാനമൊട്ടാകെ പൊലീസ് നടപടി എടുക്കുകയാണ്. ഇതിന്റെ ഭാഗമായി ആറ്റിങ്ങലിൽ ശബരിമലസംരക്ഷണയാത്രയ്ക്ക് നേതൃത്വം കൊടുത്ത 42 പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംരക്ഷണയാത്രയ്ക്ക് നേതൃത്വം നൽകിയവരിൽ ഒരാൾ നടനും എംപിയുമായ സുരേഷ് ഗോപിയാണ്. താരത്തെ അറസ്റ്റ് ചെയ്യുമോ എന്ന ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്.

suresh-gopi-sabarimala-1

ജാഥയ്ക്ക് നേതൃത്വം നൽകിയ നേതാക്കളായ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, സുരേഷ് ഗോപി എംപി എന്നിവർക്കെതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് കേസ്. 

സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഏകദേശം രണ്ടായിരം പേർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും അതിൽ അൻപത് പേർ സ്റ്റേഷൻ ജാമ്യത്തിൽ പോയിട്ടുണ്ടെന്നും ആറ്റിങ്ങൽ പൊലീസ് അറിയിച്ചു.

ശബരിമല വിഷയത്തിൽ വിശ്വാസി സമൂഹത്തിന്റെ ഹൃദയത്തിൽ തൊട്ടുകളിക്കാൻ സർക്കാർ ശ്രമിക്കരുതെന്ന് സംരക്ഷണയാത്രയിൽ പങ്കെടുത്ത് സുരേഷ്‌ ഗോപി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

ആചാരാനുഷ്ഠാനങ്ങളുടെ നൈരന്തര്യവും ശുദ്ധിയും ഉറപ്പുവരുത്താൻ മാറിമാറിവരുന്ന സർക്കാരുകൾക്ക് ബാധ്യതയുണ്ട്. ശബരിമലയിലെ വിശ്വാസങ്ങൾ സംരക്ഷിക്കുന്നതിന് വിശ്വാസിയെന്ന നിലയിൽ അവസാനനിമിഷം വരെ പോരാടുമെന്നും സുരേഷ്‌ ഗോപി പറഞ്ഞിരുന്നു.