Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷ് ശിവൻ–മഞ്ജു വാരിയർ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ തുടങ്ങി

jack-and-jill-movie-shoot

2011ൽ റിലീസായ 'ഉറുമി'ക്കു ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ ചിത്രീകരണം ആരംഭിച്ചു. സന്തോഷ് ശിവൻ തന്നെ ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിൻ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

ദുബായിലുള്ള ലെൻസ്മാൻ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ്‌ ശിവൻ ഈ ചിത്രം തയാറാക്കുന്നത്. ആലപ്പുഴ ഹരിപ്പാടിൽ ആദ്യഘട്ട ചിത്രീകരണം ആരംഭിച്ചു. കേരളത്തിലെ പല ഭാഗങ്ങളെക്കൂടാതെ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്.

സന്തോഷ് ശിവനും, മഞ്ജു വാരിയരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിലുള്ളത്. ത്രില്ലർ ഗണത്തിൽപെടുത്താവുന്ന മുഴുനീള എന്റർടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ആർട്–അജയൻ ചാലശ്ശേരി, സംഗീതം–റാം സുരേന്ദർ, ഗോപിസുന്ദർ, ചിത്രസംയോജനം–രഞ്ജിത്ത് ടച്ച്റിവർ, കോസ്റ്റ്യൂംസ്–സമീറ സനീഷ്.

ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ള വലിയൊരു ടീമാണ് ചിത്രത്തിനുവേണ്ടി സന്തോഷ് ശിവനൊപ്പം അണിനിരക്കുന്നത്. വിദേശ ചിത്രങ്ങളുടെ തിരക്കിലായിരുന്ന സന്തോഷ് ശിവൻ, മലയാളത്തിൽ സംവിധാനം ചെയ്യാൻ പദ്ധതിയിട്ടിട്ടുള്ള 'കുഞ്ഞാലി മരയ്ക്കാർ' എന്ന ബിഗ് ബജറ്റ് ചിത്രത്തിനു മുൻപ് ഇത് ചെയ്തു തീർക്കാനാണ് ആലോചന.

മഞ്ജു വാരിയരോടും കാളിദാസ് ജയറാമിനോടൊമൊപ്പം ഏറെ ശ്രദ്ധേയമായ ഒരു വേഷമാണ് ചിത്രത്തിൽ സൗബിൻ ഷാഹിർ ചെയ്യുന്നത്.ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്തു വിട്ടിട്ടില്ല.