Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.ടി.യുമായി സഹകരിക്കില്ല: ഇനി രണ്ടാമൂഴവുമില്ല, വരുന്നത് മഹാഭാരതം: ബി.ആർ. ഷെട്ടി

mt-b-r-shetty-mohanlal

എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിർമിക്കുമെന്ന് നിർമാതാവ് ബി.ആർ. ഷെട്ടി. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ളതാകില്ല സിനിമയെന്നും ഷെട്ടി വ്യക്തമാക്കി. സംവിധായക സ്ഥാനത്ത് നിന്ന് ശ്രീകുമാർ മേനോനെ നീക്കുമെന്ന സൂചനയും ബി.ആർ. ഷെട്ടി നൽകി. േദശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

‘തിരക്കഥ തനിക്ക് തിരികെ വേണമെന്ന ആവശ്യത്തില്‍ തന്നെ എം.ടി ഉറച്ചു നില്‍ക്കുകയാണ്. ഇനി രണ്ടാമൂഴം എന്ന സിനിമയ്ക്കു വേണ്ടി എം.ടിയുമായി സഹകരിക്കില്ല. ആ തിരക്കഥയില്‍ ഒരു ചിത്രം ചെയ്യുന്നതിനായി കോടതി വ്യവഹാരങ്ങളിലും വിവാദങ്ങളിലും പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’.–ഷെട്ടി പറയുന്നു

‘1000 കോടിക്കോ അതിന്‍റെ ഇരട്ടിയിലോ സിനിമ ചെയ്യാൻ തയാറാണ്. മഹാഭാരതം സിനിമയായി കാണണം. ആര് സംവിധാനം ചെയ്താലും കഥാമൂല്യം ചോരാതെ ആ സിനിമ പൂർത്തിയാകണമെന്നാണ് ആഗ്രഹം. ഇതിഹാസത്തിലെ ഒരു പ്രധാന ഭാഗങ്ങളൊന്നും വിട്ടുപോകാതെ എക്കാലവും ഓർമിക്കപ്പെടുന്ന ബ്രഹ്മാണ്ഡസിനിമയാകണം. മലയാളം ഉൾപ്പെടെ ആറ് ഭാഷകളിലാകും സിനിമയുടെ റിലീസ്. വിദേശഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും.’–ഷെട്ടി പറഞ്ഞു.

‘മഹാഭാരതം എന്‍റെ സ്വപ്നപദ്ധതിയാണ്. മഹാഭാരതത്തെക്കുറിച്ചുള്ള ഒരു സിനിമ നിർമിക്കുക തന്നെ ചെയ്യും.’–ഷെട്ടി പറഞ്ഞു. എന്നാൽ ശ്രീകുമാർ മേനോൻ തന്നെ സംവിധായകനാകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ അദ്ദേഹം തയാറായില്ല. അടുത്ത വർഷം മാർച്ചിൽ മഹാഭാരതത്തിന്‍റെ ചിത്രീകരണം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2020ൽ സിനിമ തീയറ്ററുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള വമ്പൻ താരങ്ങളെയാണ് പരിഗണിക്കുന്നത്. മുൻനിരയിലുള്ള സാങ്കേതികവിദഗ്ദ്ധരും അണിനിരക്കും.

എം.ടിയുടെ രണ്ടാമൂഴം എന്ന നോവലിനെ ആധാരമാക്കി സിനിമ നിർമിക്കും എന്നായിരുന്നു ബി.ആർ ഷെട്ടിയുടെ ആദ്യ പ്രഖ്യാപനം. സിനിമയുടെ ചിത്രീകരണം നീണ്ടുപോയതോടെ അതൃപ്തി അറിയിച്ച് എം.ടി രംഗത്തുവരികയും തിരക്കഥ തിരികെ ആവശ്യപ്പെടുകയുമായിരുന്നു.