Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുപാട് പേർ എന്നെ പരിഹസിച്ചിട്ടുണ്ട്: വെളിപ്പെടുത്തി ബാബു ആന്റണി

babu-antony

തങ്ങള്‍ എന്ന കഥാപാത്രത്തിന് ലഭിച്ച വലിയ വരവേൽപിൽ നന്ദി പറയുന്നുവെന്ന് ബാബു ആന്റണി. കായംകുളം കൊച്ചുണ്ണി കണ്ടിറങ്ങിയ ഒരുപാട് പേർ തന്നെ അഭിനന്ദനം അറിയിച്ച് വിളിച്ചെന്നും അമേരിക്കയിൽ നിന്നും നടത്തിയ ഫെയ്സ്ബുക്ക് ലൈവില്‍ താരം പറഞ്ഞു.

‘റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ ഉൾപ്പെടുന്ന അണിയറ പ്രവര്‍ത്തകർ ഒരുപാട് കഷ്ടപ്പെട്ട് പൂർത്തിയാക്കിയ  സിനിമയാണിത്. യഥാർത്ഥ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കുക വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഇത്തരം ചരിത്ര സിനിമകളാകുമ്പോൾ അതിനനുസരിച്ചുള്ള ഗവേണഷവും ആവശ്യമാണ്. സംവിധായകൻ റോഷൻ കൃത്യമായ പഠനത്തിന് ശേഷമായിരുന്നു സിനിമ ആരംഭിച്ചത്.‌’–ബാബു ആന്റണി പറഞ്ഞു.

‘സിനിമയുടെ ക്ലൈമാക്സ് ഭാഗം ചിത്രീകരിച്ചത് ശ്രീലങ്കയിൽ വെച്ചാണ്. ആദ്യമൊക്കെ എല്ലാം നന്നായി തന്നെ പോയി. എന്നാല്‍ അടുത്തദിവസങ്ങളിൽ കാലാവസ്ഥ മോശമാകാൻ തുടങ്ങി. മഴയുള്ള ഒരു രംഗത്തില്‍ നിവിന് അപകടംപറ്റി. അങ്ങനെ കുറച്ച് നാൾ താമസം വന്നു. അതിന്റെ ഫലം സിനിമയിൽ നന്നായി വരുകയും ചെയ്തു.’–ബാബു ആന്റണി പറഞ്ഞു.

‘ഒരുപാട് പേർ എന്നോട് മോശമായി സംസാരിച്ചിട്ടുണ്ട്. അഭിനയം നിർത്തുന്നതാണ് നല്ലതെന്ന് പറഞ്ഞ സാഹചര്യങ്ങളൊക്കെയുണ്ട്. എന്നാല്‍ അതൊന്നും വകവെക്കാതെ പിടിച്ചു നിന്നു, തിരിച്ചുവന്നു. അതിനൊക്കെ കാരണം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാണ്.’–ബാബു ആന്റണി പറഞ്ഞു.

തമിഴിലെ ബ്രഹ്മാണ്ഡസംവിധായകൻ ശങ്കര്‍, ബാബു ആന്റണിയുടെ അടുത്തസുഹൃത്താണ്. അദ്ദേഹത്തിന്റെ നായക് എന്ന സിനിമയിൽ ബാബു ആന്റണി അഭിനയിച്ചിട്ടുണ്ട്. തന്റെ ആദ്യത്തെ തമിഴ് സിനിമയായ സൂര്യനിൽ അസോഷ്യേറ്റ് സംവിധായകനായിരുന്നു ശങ്കറനെന്ന് ബാബു ആന്റണി പറയുന്നു. 32 വർഷത്തിനിടയിൽ സിനിമയിൽ ഒരുപാട് ബന്ധങ്ങളുണ്ടെങ്കിലും അതൊന്നും തനിക്കായി ഉപയോഗിച്ചിട്ടില്ലെന്ന് ബാബു ആന്റണി വ്യക്തമാക്കി. വേഷത്തിന് വേണ്ടി അവരെ വിളിച്ചാൽ സ്നേഹം കൊണ്ട് അവർ അവസരം നൽകുമെന്നും എന്നാൽ അങ്ങനെ ചെയ്യാൻ തന്റെ മനസ്സിന് തോന്നാറില്ലെന്നും അദ്ദേഹം പറയുന്നു.

എന്നാൽ സിനിമയിൽ നിന്നും ഒരുപാട് നാൾ മാറിനിന്നപ്പോൾ പണ്ട് ഒരുമിച്ച് പ്രവർത്തിച്ച സുഹൃത്തുക്കളായ സിനിമാപ്രവർത്തകരോട് അവസരം ചോദിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ആരും തന്നെ സഹായിച്ചില്ലെന്നും ഇപ്പോൾ അവരുടെയൊന്നും സഹായമില്ലാതെ വീണ്ടും സിനിമയിലെത്താൻ കഴിഞ്ഞെന്നും ബാബു ആന്റണി പറഞ്ഞു.

ഗ്രാൻഡ്മാസ്റ്റര്‍, എസ്ര, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകളിലും ബാബു ആന്റണി അഭിനയിച്ചിരുന്നു. 22 വർഷങ്ങളോളം സഹതാരമായി ജോലി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പതിനഞ്ച് വര്‍ഷത്തിന് ശേഷം അദ്ദേഹമൊരു മുഴുനീള നായകകഥാപാത്രത്തെ അവതരിപ്പിക്കാൻ പോകുകയാണ്. ഒമർലുലു സംവിധാനം ചെയ്ത പവർസ്റ്റാറിൽ ആക്​ഷൻ ഹീറോ ആയാകും ബാബു ആന്റണി എത്തുക.

‘ഇനി നായകകേന്ദ്രീകൃതമായ സിനിമകളായും കൂടുതലായും ചെയ്യുക. ഒമർ ലുലുവിന്റെ പവർസ്റ്റാർ എന്ന സിനിമയാണ് അടുത്ത പ്രോജക്ട്. അതൊരു മാസ് സിനിമയായിരിക്കും. ജനങ്ങളെ എന്റർടെയ്‍ൻ ചെയ്യുക എന്നതാണ് എന്റെ ഉദ്ദേശം. അതിലൂടെ എന്തെങ്കിലും അവാര്‍ഡ് കിട്ടിയാൽ സന്തോഷം. ഇതുവരെ പഞ്ചായത്തിന്റെ പോലും അവാർഡ് എനിക്ക് ലഭിച്ചിട്ടില്ല.’–ബാബു ആന്റണി പറഞ്ഞു.

‘സിനിമാ ജീവിതത്തിൽ ഇതുവരെ ഒഡീഷനിൽ പങ്കെടുത്തിട്ടില്ല. അതൊരു അത്ഭുതമായാണ് എനിക്ക് തോന്നുന്നത്. മാത്രമല്ല ഇൻഡസ്ട്രിയുടെ നിയമങ്ങളൊന്നും ഞാൻ പിന്തുടരാറില്ല. എനിക്ക് സെക്രട്ടറിയോ മാനേജറോ ഇല്ല. സിനിമയിൽ ഗോഡ്ഫാദറും ഫാൻസ് അസോസിഷേനും ഇല്ല. നിങ്ങളോടൊക്കെ നേരിട്ട് ബന്ധപ്പെടാനാണ് എനിക്ക് ഇഷ്ടം.–ബാബു ആന്റണി പറഞ്ഞു.