Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ഒന്നാംറാങ്ക് വ്യക്തിപരമായി പ്രിയപ്പെട്ടതാകുന്നു: മഞ്ജു വാരിയർ

manju-ammomma

കേരളത്തിന്റെ പഠിപ്പിസ്റ്റ് അമ്മൂമ്മ കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടും താരമായിരിക്കുകയാണ്. കേരളത്തിലും വിദേശത്തുള്ളവരും അമ്മൂമ്മയെ തേടിയെത്തുകയാണ്. ഒടുവിലിതാ സാക്ഷരതാ മിഷന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായ മഞ്ജു വാരിയറും കാർത്യായനിയമ്മയ്ക്ക് ആശംസകളുമായി എത്തി.

മഞ്ജുവിന്റെ കുറിപ്പ് വായിക്കാം–

”97ാം വയസില്‍ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ 98മാര്‍ക്ക് നേടി സംസ്ഥാനത്ത് ഒന്നാമതെത്തി പ്രായത്തെ ‘തോല്പിച്ച’ കെ.കാര്‍ത്യായനിഅമ്മ എന്ന അമ്മൂമ്മയെക്കുറിച്ചുള്ള വാര്‍ത്ത ഏറെ ആഹ്ലാദത്തോടെയാണ് വായിച്ചത്. സാക്ഷരാതാ മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുഡ്‌വില്‍ അംബാസിഡര്‍ എന്ന നിലയില്‍ സഹകരിക്കുന്നതുകൊണ്ട് ഈ ഒന്നാംറാങ്ക് വ്യക്തിപരമായി പ്രിയപ്പെട്ടതാകുന്നു. 

ഇനി എന്താണ് ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ കാര്‍ത്യായനി അമ്മൂമ്മ പറഞ്ഞ വാക്കുകള്‍ കൂടുതല്‍ അതിശയിപ്പിച്ചു: ‘കംപ്യൂട്ടറും ഇംഗ്ലീഷും പഠിക്കണം. നൂറാംവയസില്‍ പത്താംക്ലാസ് പരീക്ഷയെഴുതി നൂറില്‍ നൂറും വാങ്ങണം.’ സാധാരണ പലരും വെറ്റിലയില്‍ നൂറുതേച്ചിരിക്കുന്ന പ്രായത്തിലാണ് അമ്മൂമ്മ ഇത് പറയുന്നതെന്നോര്‍ക്കണം!

സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയൊക്കെ ലക്ഷ്യത്തിലെത്തുന്നതും ‘നല്ലമാര്‍ക്ക്’നേടുന്നതും കാണുമ്പോള്‍ അതിനൊപ്പം പ്രവര്‍ത്തിക്കാനായതില്‍

അഭിമാനം തോന്നുന്നു. അക്ഷരത്തിന്റെ വെളിച്ചം ഇങ്ങനെ അനേകരിലേക്ക് പടരട്ടെ. കാര്‍ത്യായനി അമ്മൂമ്മ നൂറാം വയസില്‍ നൂറില്‍ നൂറുനേടട്ടെ….”

ജനുവരിയിൽ 97–ാം വയസ്സിലേക്കു കടക്കുന്ന ഹരിപ്പാട് ചേപ്പാട് ചിറ്റൂർപടീറ്റതിൽ കെ.കാർത്യായനിയമ്മ സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ പ്രായത്തേക്കാൾ ഒരു മാർക്ക് അധികം നേടി സംസ്ഥാനത്ത് ഒന്നാം റാങ്കുകാരിയായിരുന്നു. ഹരിപ്പാട്, കണിച്ചനല്ലൂർ സ്കൂളിൽ അക്ഷരലക്ഷം പരീക്ഷയെഴുതുന്ന കാർത്യായനിയമ്മയുടെ ചിത്രം മലയാള മനോരമ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരുന്നു.