Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭയത്തോടെയാണ് മണിസാറിന് അടുത്തെത്തിയത്: ദുൽഖർ

dulquer-mani

രജനീകാന്തും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ച മണിരത്നം ചിത്രം ദളപതിയുടെ വിശേഷങ്ങൾ പങ്കുവച്ച് ദുൽഖർ സൽമാൻ. ദളപതി സെറ്റിൽ താനും പോയിരുന്നുവെന്ന് ദുൽഖർ അഭിമുഖത്തിൽ പറഞ്ഞു. മണിരത്‌നത്തിന് കീഴില്‍ നടനായി അഭിനയിക്കാന്‍ കഴിയുന്നത് ലോകത്തിലെ പ്രസിദ്ധ സര്‍വകലാശാലയില്‍ പഠിക്കാനുള്ള അവസരം ലഭിക്കുന്നതുപോലെ ഭാഗ്യമാണെന്ന് ദുൽഖർ വ്യക്തമാക്കി.

‘അനുഭവങ്ങള്‍ അതിശയിപ്പിക്കുന്നതായിരുന്നു. ദളപതിക്കു ശേഷവും എന്റെ വാപ്പിച്ചിയും മണിരത്‌നം സാറും നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തുകയും പല സിനിമകളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയുമുണ്ടായി. 'ഇരുവര്‍' എന്ന ചിത്രം ചെയ്യുന്ന സമയത്ത് അവര്‍ രണ്ടുപേരും വളരെ അടുത്തു. മണിസാറിനെ എന്റെ വീടിന്റെ പരിസരത്ത് എത്രയോ തവണ ഞാന്‍ കണ്ടിട്ടുണ്ട്. മാത്രമല്ല, ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസ് എന്റെ വീടിന്റെ തൊട്ടടുത്താണ്, ദുല്‍ഖര്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം മണിരത്‌നത്തിന്റെ സിനിമയില്‍ നിന്നും അവസരം ലഭിച്ചപ്പോള്‍ വല്ലാത്ത ഭയമായിരുന്നെന്ന് ദുല്‍ഖര്‍ പറയുന്നു. 'മണിസാറിനൊപ്പം ഇരിക്കുമ്പോള്‍ ഒന്നുമല്ലെങ്കില്‍ നിങ്ങള്‍ക്കെന്തെങ്കിലും പറയാന്‍ ഉണ്ടാകണം. അദ്ദേഹം പൊതുവെ വളരെയധികം നിശബ്ദനായ ആളാണ്. സംസാരിക്കുകയേ ഇല്ല. ഷോട്ടുകള്‍ക്കിടയിലുള്ള സമയത്ത് ഞാനദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോള്‍ സ്വയം പറയാറുണ്ട് എന്തെങ്കിലും പറയൂ, ബുദ്ധിപരമായി എന്തെങ്കിലും പറയൂ എന്ന്. പക്ഷെ അവിടെ അത്രമേല്‍ നിശബ്ദമായിരിക്കും,' ദുല്‍ഖര്‍ ഓര്‍ത്തെടുക്കുന്നു.

'എനിക്കുറപ്പാണ് ആ സമയങ്ങളിലെല്ലാം അദ്ദേഹത്തിന്റെ തലയിലൂടെ സിനിമയിലെ ഓരോ രംഗങ്ങളും പാഞ്ഞുപോകുകയായിരിക്കും. ഒരു നടന്‍ എന്ന നിലയില്‍, മണി സാറിന്റെ ചിത്രത്തില്‍ അവസരം ലഭിക്കുക എന്നുവച്ചാല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചതു പോലെയാണ്. അദ്ദേഹം വിളിക്കുന്നതു പോലും ഒരു അംഗീകാരമാണ്. എവിടെയോ നിങ്ങളുടെ വര്‍ക്കുകള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്, അല്ലെങ്കില്‍ നിങ്ങള്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് തോന്നും,' ദുല്‍ഖര്‍ പറയുന്നു.

ഹിന്ദി ഇൻഡസ്ട്രിയാണ് തനിക്ക് കൂടുതലായും ചേരുന്നതെന്നും ദുൽഖർ പറഞ്ഞു. ‘സത്യസന്ധമായി പറഞാല്‍ എനിക്ക് കൂടുതലായി ഹിന്ദി ഇന്‍ഡസ്ട്രിയുമായാണ് ചേര്‍ച്ച തേന്നുന്നത്. അവിടത്തെ സഹസംവിധായകര്‍, ക്രൂ മെമ്പേഴ്‌സെല്ലാം എന്നെ പോലെയാണ് വളര്‍ന്നിട്ടുള്ളത്. അവര്‍ വളര്‍ന്നത് വലിയ നഗരങ്ങളിലാണ്. അവര്‍ നല്ലവണ്ണം യാത്രചെയ്യുന്നവരാണ്, ഞങ്ങള്‍ കാണുന്ന സിനിമകള്‍, വായിക്കുന്ന പുസ്തകങ്ങളെല്ലാം ഒട്ടുമിക്കതും ഒരുപോലെയുള്ളതാണ്. എന്നാല്‍ ചെറിയ ഇന്‍ഡസ്ട്രിയില്‍ ഇത്രത്തോളം ഇല്ലെങ്കിലും അവരും പുതിയ സാധ്യതകള്‍ തുറന്നിടുന്നു. ഇതാണ് ഞാന്‍ കാണുന്ന വലിയ വ്യത്യാസം.’–ദുല്‍ഖര്‍ പറഞ്ഞു.