Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജു വാരിയരെ തേടിയെത്തിയ അതിഥി !

manju-warrier-ammoomma

കാർത്യായനി അമ്മയും മ‍ഞ്ജു വാരിയരും കണ്ടുമുട്ടി; ചേർത്തു പിടിച്ചു മഞ്ജു ഒരു സെൽഫിയെടുത്തു. അതിൽ കാർത്യായനിയമ്മയുടെ ചിരിക്കും താരത്തിളക്കം. പൊന്നുപോലെ മിന്നുന്ന സാക്ഷരതാ പരീക്ഷാജയം നേടിയ മുത്തശ്ശിക്കു മഞ്ജു മുണ്ടുംനേര്യതും സമ്മാനിച്ചു. പൊന്നാടയണിയിച്ചു. കേക്ക് മുറിച്ച് ആഘോഷിച്ചു.

സെൽഫിയെടുത്ത ശേഷം മഞ്ജു കാർത്യായനിയമ്മയോടു ചോദിച്ചു: ‘ഇനിയെന്താണ് ആഗ്രഹം?’‘കംപ്യൂട്ടർ പഠിക്കണം.’ ‘സിനിമയിൽ അഭിനയിക്കുന്നോ?’തൊഴുകൈയോടെ മറുപടി: ‘വേണ്ട. പഠിക്കാനാണിഷ്ടം.’ചുറ്റും നിന്നവരുടെ പൊട്ടിച്ചിരിയിൽ കാർത്യായനി അമ്മയും കൂടി.97–ാം വയസ്സിൽ അക്ഷരലക്ഷം പരീക്ഷയിൽ ഗംഭീര ജയം നേടി കാർത്യായനി അമ്മ വാർത്താതാരമായപ്പോൾ അവരെ കാണണമെന്ന ആഗ്രഹം സാക്ഷരതാ മിഷൻ അംബാസഡറായ മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

നവംബർ ഏഴിനു രാവിലെ അതിനു സന്ദർഭമൊരുങ്ങി.സന്തോഷ് ശിവന്റെ ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിനായി ഹരിപ്പാട്ടുണ്ടായിരുന്നു മഞ്ജു. ക്രയോൺസ് ഫൗണ്ടേഷൻ എന്ന സാമൂഹിക സംഘടനയുടെ പ്രവർത്തകരാണു രണ്ടു ‘താരങ്ങളുടെ’ സംഗമത്തിനു വഴിയൊരുക്കിയത്. മഞ്ജുവിനെ അപ്രതീക്ഷിതമായി നേരിട്ട് കണ്ട കാര്‍ത്യായനിയും ഒരു നിമിഷം അത്ഭുതപ്പെട്ടുപോയി.  കാര്‍ത്യായനി അമ്മയോട് മുൻകൂട്ടി പറഞ്ഞിരുന്നില്ല. . ദീപാവലി സര്‍പ്രൈസ് എന്ന് മാത്രമാണ് വീട്ടുകാരോടും പറഞ്ഞിരുന്നത്. ഹരിപ്പാട്ടെ ഹോട്ടല്‍ ലോഞ്ചിലായിരുന്നു ചടങ്ങ്. കണ്ടയുടന്‍ അമ്മച്ചിക്ക് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ച് മഞ്ജു അടുത്തിരുന്നു. ”അയ്യോ, സിനിമയൊന്നും വേണ്ട, എനിക്ക് ഇങ്ങനെ പഠിച്ച് പോയാല്‍ മതി” എന്നായിരുന്നു മറുപടി.

ഹരിപ്പാട് സ്വദേശിയായ ക്രയോൺസ് ചെയർമാൻ ഏബ്രഹാം കോശി മുൻകൈയെടുത്തു.‘വലിയ സന്തോഷമുള്ള കാര്യം’ എന്ന ആമുഖത്തോടെയാണു മഞ്ജു കാർത്യായനി അമ്മയുമായി കുശലം പറഞ്ഞത്. 

അമ്മയ്ക്കൊപ്പമുള്ള ചിത്രം മഞ്ജു പിന്നീട് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ‘ഇന്ന് എന്നെത്തേടി വന്ന അതിഥി, 97ാം വയസില്‍ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ 98മാര്‍ക്ക് നേടി സംസ്ഥാനത്ത് ഒന്നാമതെത്തി പ്രായത്തെ ‘തോല്‍പിച്ച’ കെ.കാര്‍ത്യായനി അമ്മ.’–ചിത്രത്തോടൊപ്പം മഞ്ജുവിന്റെ കുറിപ്പ്.