Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദിവാസികൾക്കൊപ്പം തുടികൊട്ടി പാടി മമ്മൂട്ടി; തുടക്കമായത് പുതിയ പദ്ധതിക്ക്

mammootty-care-and-share-3

സംസ്ഥാനം ഒട്ടാകെയുള്ള  അംഗപരിമിതരായ ആദിവാസികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ തുടക്കമിട്ടു. തന്നെ കാണാൻ ഊരിലെ തൊണ്ണൂറു വയസുള്ള ആലമി മൂപ്പരെ സാക്ഷി നിർത്തി കാസറഗോഡ് ജില്ലാ കലക്ടർ സജിത്തിന്‌ ആണ് മമ്മൂട്ടി ഉപകരണങ്ങൾ ആദ്യമായി  കൈമാറിയത്. കാസറഗോഡ് ജില്ലയിലെ അർഹരായ മുഴുവൻ ആദിവാസികൾക്കും കലക്ടർ വഴി സഹായം എത്തിക്കും. സമാനമായ ആവശ്യമുള്ള കേരളത്തിലെ മുഴുവൻ ആദിവാസികൾക്കും വരും ദിവസങ്ങളിൽ ഉപകരണങ്ങൾ എത്തിച്ചു കൊടുക്കും.

ആദിവാസികളുടെ കുടികളിൽ അടിയന്തിരമായി ആവശ്യമുള്ള കാര്യങ്ങൾ ബേളകം കോളനിയിലെ ആദിവാസികളുടെ സാന്നിധ്യത്തിൽ കളക്ടർ മമ്മൂട്ടിയുമായി ചർച്ച നടത്തി. അടുത്ത സാമ്പത്തിക വർഷം കെയർ ആൻഡ് ഷെയറിന്റ   കൂടുതൽ സഹായങ്ങൾ കാസറഗോഡ് ജില്ലയിൽ എത്തിക്കാൻ സംഘടനയുടെ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയെ മമ്മൂട്ടി ചുമതലപ്പെടുത്തി. സഹായം ആവശ്യമുള്ളവർ  04842377369 എന്ന നമ്പറിൽ പ്രൊമോട്ടർമാർ മുഖേന ബന്ധപ്പെടണം എന്ന് ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അറിയിച്ചു.

മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസികൾക്കായി ചെയ്യുന്ന സേവനങ്ങൾക്കു  നന്ദി പറയാനും കൂടുതൽ സഹായങ്ങൾ ആവശ്യപ്പെടാനുമാണ് മൂപ്പനും സംഘവും കാടിറങ്ങി വന്നത്. വന്നവരാകട്ടെ തങ്ങളുടെ പരമ്പരാഗത ശൈലിയിൽ ഉള്ള തുടി കൊട്ടി പാടിയപ്പോൾ, മെഗാസ്റ്റാർ അവരോടൊപ്പം ചേർന്ന്ത. ഒരു തുടി ചോദിച്ചു വാങ്ങി അവരോടൊപ്പം ചേർന്നു പതിനഞ്ചു മിനിറ്റോളം ആണ് മമ്മൂട്ടി കൊട്ടാൻ ശ്രമിച്ചത്. തങ്ങളുടെ തനതു ശൈലിയിലുള്ള കരകൗശല വസ്തുക്കളും പലഹാരങ്ങളുമെല്ലാം മമ്മൂട്ടിക്ക് സമ്മാനിക്കാനായി വന്ന മൂപ്പരുടെ നേതൃത്വത്തിൽ മമ്മൂട്ടിയെ മുളകൊണ്ടുള്ള മാല അണിയിച്ചത് കൗതുകം ഉണർത്തി. കലക്ടറേയും മാല അണിയിക്കാൻ അവർ മറന്നില്ല. 

mammootty-care-and-share-1

സമൂഹത്തിൽ അവശത അനുഭവിക്കുന്ന ജന വിഭാഗങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ടു പത്തു വർഷം മുമ്പ് മമ്മൂട്ടിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ രൂപീകരിച്ച ജീവകാരുണ്യ സംഘടനയാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ. ആദിവാസിക്ഷേമത്തിനായി " പൂർവ്വികം " എന്നൊരു പദ്ധതി വഴി പലവിധ സഹായങ്ങൾ കെയർ ആൻഡ് ഷെയർ ലഭ്യമാക്കുന്നുണ്ട്. 

നിർധനരായ ഹൃദ്രോഗികളായ കുട്ടികൾക്ക് ശസ്ത്രക്രിയാ സഹായം എത്തിക്കുന്ന "ഹൃദയ സ്പർശം", അനാഥ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം എത്തിക്കുന്ന "വിദ്യാമൃതം", ലഹരി ബോധവൽക്കരണം ലക്ഷ്യമാക്കിയുള്ള " വഴികാട്ടി ", വൃക്ക രോഗികൾക്ക് ശസ്ത്രക്രിയാ സഹായം ലഭ്യമാക്കുന്ന "സുകൃതം " എന്നിവയാണ് കെയർ ആൻഡ് ഷെയറിന്റെ മറ്റു പദ്ധതികൾ.  

mammootty-care-and-share

കെയർ ആൻഡ് ഷെയർ ഡയറക്ടർമാരായ റോബർട്ട്‌ കുര്യാക്കോസ്, എസ് ജോർജ് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. മമ്മൂട്ടി ഫാൻസ്‌ ജില്ലാ ഭാരവാഹികൾ ആയ ഷാജഹാനും അൻഷാദ് ചെമ്മാടും ചേർന്നാണ് മൂപ്പനും സംഘത്തിനും മമ്മൂട്ടിയെ കാണാൻ ഉള്ള സഹായം ഏർപ്പാട് ചെയ്തത്. കാസറഗോഡ് മുള്ളേരിയിലുള്ള " ഉണ്ട " സിനിമയുടെ ലൊക്കേഷൻ ആയിരുന്നു കൂടിക്കാഴ്ച്ച വേദി.

related stories