Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനൊപ്പം മഞ്ജു വാരിയർ; ചിത്രത്തിനു കടപ്പാട്- പൃഥ്വിരാജ്

lucifer-manju-mohanlal-prithvi

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ലൊക്കേഷൻ ചിത്രങ്ങൾക്കുപോലും വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ.

ഇപ്പോഴിതാ ലൂസിഫറിലെ ഹീറോയെയും ഹീറോയിനെയും പരിചയപ്പെടുത്തി ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ലൂസിഫറിന്റെ ഔദ്യോഗിക പേജിലാണ് മോഹൻലാലും മഞ്ജു വാരിയരും ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു മറ്റൊരു പ്രത്യേകതയുമുണ്ട്. സിനിമയുടെ സംവിധായകൻ പൃഥ്വിരാജ് ആണ് ഈ ചിത്രമെടുത്തിരിക്കുന്നത്.

അതേസമയം, ലൂസിഫറിന്റെ ചിത്രീകരണം ബോംബെയിൽ പുരോഗമിക്കുകയാണ്. മോഹൻലാൽ അടക്കമുളള താരങ്ങൾ ബോംബെയിൽ ജോയിൻ ചെയ്തു. തിരുവനന്തപുരം, വാഗമൺ, വണ്ടിപ്പെരിയാർ, എറണാകുളം, ബെംഗളൂരു, ദുബായ്, ലക്ഷദ്വീപ് തുടങ്ങിയവയാണ് സിനിമയുടെ മറ്റു ലൊക്കേഷനുകൾ.

വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയാണ് ലൂസിഫർ. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ. ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, ടൊവിനോ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. മാർച്ച് 28ന് ചിത്രം തിയറ്ററുകളിലെത്തും.