Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു ഹെലികോപ്റ്ററുകൾ; കാർ ചെയ്സ്; ദിലീപ് നാളെ ബാങ്കോക്കിൽ

professor-dinkan-dileep-namitha

പ്രൊഫസർ ഡിങ്കന്റെ ചിത്രീകരണത്തിനായി ദിലീപ് നാളെ ബാങ്കോക്കിലേയ്ക്കു തിരിക്കും. ദിലീപ്, സംവിധായകൻ രാമചന്ദ്രബാബു, തിരക്കഥാകൃത്ത് റാഫി തുടങ്ങിയവരാണ് ആദ്യ ഘട്ടത്തിൽ ബാങ്കോക്കിലേയ്ക്കു പോകുക.

വിദേശ യാത്രയ്ക്കുള്ള ദിലീപിന്‍റെ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ചിരുന്നു. ഈ മാസം 15 മുതൽ ജനുവരി അഞ്ചു വരെ ബാങ്കോക്കിലേക്കു പോകാനാണ് അനുവാദം ചോദിച്ചത്. പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. നമിതാ പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ എന്നിവരാണ് മറ്റുതാരങ്ങൾ. നിർമാണം സനൽ തോട്ടം.

കാർ ചെയ്സ് പോലുള്ള ആക്​ഷൻ രംഗങ്ങളാണ് ബാങ്കോക്കിൽ ചിത്രീകരിക്കുന്നത്. ജാപ്പനീസ്, തായ്‍ലണ്ട് സിനിമകളിലെ വിഖ്യാത സ്റ്റണ്ട് മാസ്റ്റർ കേച്ച കംബക്ഡിയാണ് സിനിമയുടെ ഫൈറ്റ് മാസ്റ്റർ. തായ‌്‌ലൻഡിൽ നിന്നുള്ള സാങ്കേതികപ്രവർത്തകരും ചിത്രത്തിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ചിത്രത്തിലെ ഒരു ഫൈറ്റ് രംഗത്തിനായി മൂന്നു ഹെലികോപ്റ്ററുകളാണ് അണിയറപ്രവർത്തകർ വാടകയ്ക്കു എടുത്തിരിക്കുന്നത്. 

പട്ടായയിലും സിനിമയുടെ ചിത്രീകരണം ഉണ്ടാകും. നമിത പ്രമോദ് ഉൾപ്പെടുന്ന ഗാനരംഗങ്ങളാകും പട്ടായയിൽ ചിത്രീകരിക്കുക. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. രജനി–ശങ്കർ ചിത്രം 2.0യുടെ ത്രിഡി ക്യാമറാ ക്രൂ ആണ് ഡിങ്കനു പിന്നിലും പ്രവര്‍ത്തിക്കുന്നത്. ദിലീപ് മൂന്നുവേഷത്തിൽ എത്തുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.