Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രഹ്മാണ്ഡചിത്രം 2.0 കേരളത്തിലെത്തിക്കാൻ മുളകുപാടം; വിതരണാവകാശം സ്വന്തമാക്കിയത് കോടികൾക്ക്

2.0-mulakupadam

ശങ്കർ–രജനികാന്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം 2.0 വിതരണത്തിനെത്തിക്കാൻ മുളകുപാടം ഫിലിംസ്. 600 കോടി  മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ വിതരണാവകാശം ടോമിച്ചൻ മുളകുപാടം സ്വന്തമാക്കിയത് 15 കോടിക്ക് മുകളിൽ നൽകിയാണെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിൽ ഒരു അന്യഭാഷ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന വിതരണാവകാശ തുക കൂടിയാണ് 2.0 യ്ക്കു ലഭിച്ചിരിക്കുന്നത്. നേരത്തെ വിജയുടെ സർക്കാർ, ബാഹുബലി 2 എന്നീ ചിത്രങ്ങളാണ് വിതരാണവകാശത്തിൽ വൻതുകയ്ക്ക് കേരളത്തില്‍ വിറ്റുപോയത്.

കേരളത്തില്‍ വമ്പന്‍ റിലീസ് ആണ് മുളകുപാടം ഫിലിംസ് ആലോചിക്കുന്നത്. ഏകദേശം 450 തീയറ്ററുകളില്‍ ത്രിഡിയിലും 2ഡിയിലും ചിത്രം പ്രദർശനത്തിനെത്തും.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ലോകമൊട്ടാകെ 10,000 സ്ക്രീനുകളിൽ ചിത്രം റിലീസിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യൻ റിലീസിന് ശേഷമാകും വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുകയുള്ളൂ. ഹിന്ദിയിൽ കരൺ ജോഹറാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

രജനി നായകനാകുന്ന യന്തിരൻ 2വിൽ അക്ഷയ് കുമാർ ആണ് വില്ലൻ വേഷത്തിലെത്തുന്നത്. 2010ൽ പുറത്തിറങ്ങിയ യന്തിരന്റെ തുടർച്ചയാണ് 2.0. രജനി ഡബിൾ റോളിലാണ് എത്തുന്നത്. സുധാൻഷു പാണ്ഡെ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, റിയാസ് ഖാൻ എന്നിവരാണ് മറ്റുതാരങ്ങൾ.

രജനിക്ക് അക്ഷയ് കുമാർ വില്ലനായി എത്തുന്നു എന്നതാണ് യന്തിരൻ 2വിന്റെ പ്രധാന ആകർഷണ ഘടകം. ഒരു ബോളിവുഡ് സൂപ്പർതാരം രജനിക്ക് വില്ലനായി എത്തുന്നത് തന്നെ ആദ്യം. ആമി ജാക്സൺ ആണ് നായിക. നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു.

മുത്തുരാജ് ആണ് കലാസംവിധാനം. യന്തിരന്റെ ആദ്യഭാഗത്തിൽ സാബു സിറിൽ ആയിരുന്നു ആർട് ഡയറക്ഷൻ. ആന്റണിയാണ് എഡിറ്റിങ്. വിഷ്വൽ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹൻ കൈകാര്യം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.

ത്രീഡിയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്സ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്സ് കമ്പനിയായ ലെഗസി ഇഫക്റ്റ്സ് ആണ് സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ട്രാൻസ്ഫോർമേഴ്സ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച ആക്ഷൻ ഡയറ്കടർ കെന്നീ ബേറ്റ്സ് ആണ് യന്തിരൻ 2വിന്റെ ആക്‌ഷൻ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. വിഎഫ്എക്സ് ലൈഫ് ഓഫ് പൈ ടീമായ ജോൺ ഹഗ്സ്, വാൾട്. നവംബർ 29ന് ചിത്രം തിയറ്ററുകളിലെത്തും.