Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രമാദിത്യൻ ചെയ്യാൻ കഴിയില്ലെന്ന് ദുൽഖർ പറഞ്ഞു, കാരണം ആ രംഗം: ലാൽ ജോസ്

dulquer-lal-jose

വിക്രമാദിത്യൻ ചെയ്യാൻ കഴിയില്ലെന്ന് ദുൽഖർ പറഞ്ഞിരുന്നതായി ലാൽ ജോസ്. സിനിമയുടെ തിരക്കഥയിലെ രംഗം കാരണമാണ് ദുൽഖർ അതുപറഞ്ഞതെന്നും പിന്നീട് അതേരംഗം തന്നെ വളരെ മനോഹരമായി അദ്ദേഹം അവതരിപ്പിച്ചെന്നും ലാൽ ജോസ് പറഞ്ഞു.

ലാൽ ജോസിന്റെ വാക്കുകളിലേയ്ക്ക്–

വിക്രമാദിത്യൻ സിനിമയുടെ സ്ക്രിപ്റ്റ് ദുൽഖറിനെ വായിച്ചുകേൾപിച്ചു. അദ്ദേഹത്തിനു കഥയും ഇഷ്ടമായി. സിനിമ ചെയ്യാമെന്ന ധാരണയിൽ സ്ക്രിപ്റ്റും കൊടുത്തുവിട്ടു. ഷൂട്ടിങ് തുടങ്ങുന്ന ദിവസവും ഞാൻ തീരുമാനിച്ചു. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് ദുൽഖർ വിളിച്ചു. ‘ലാലുവേട്ടാ എനിക്ക് ഈ സിനിമ െചയ്യാൻ പറ്റുമെന്ന് തോന്നണില്ല. ആകെ ടെൻഷന്‍ ആണ്. ഞാൻ ഈ സിനിമ ചെയ്യുന്നില്ല.’

Vikramadithyan l Adhi's mother revealing the truth behind the cheat l Mazhavil Manorama

ഇതുകേട്ടതും എനിക്ക് ആകെ വിഷമമായി. എല്ലാ സെറ്റപ്പും ഞാൻ അപ്പോൾ റെഡിയാക്കി കഴിഞ്ഞിരുന്നു. ആളുകൾക്ക് അഡ്വാൻസ് കൊടുത്തു, പാട്ട് കംപോസ് ചെയ്തു. ഇതു ചെയ്യാൻ തനിക്ക് കോൺഫിഡൻസ് ഇല്ലെന്നായിരുന്നു ദുൽഖർ പറയുന്നത്. കഥയിൽ എന്തെങ്കിലും പ്രശ്നമുണ്ടായിട്ടാണോ എന്ന് ഞാൻ ദുൽഖറിനോടു ചോദിച്ചു. എന്നാൽ കഥ നല്ലതാണെന്നായിരുന്നു മറുപടി. തിരക്കഥയുടെ കുഴപ്പമാണോ എന്നുചോദിച്ചപ്പോൾ അതിന്റെയും അല്ലെന്നു പറഞ്ഞു. സിനിമയിലെ ഒരു രംഗത്തെക്കുറിച്ച് ആലോചിച്ചിട്ടാണ് ടെൻഷനാകുന്നതെന്ന് ദുൽഖർ പറഞ്ഞു. 

അമ്മയാണ് എംപ്ലോയ്മെന്റ് എക്സേഞ്ചിൽ നിന്നും വന്ന നോട്ടിഫിക്കേഷൻ മറച്ചുവെച്ച് തന്റെ അവസരം നഷ്ടപ്പെടുത്തിയതെന്ന് ആദിത്യൻ അറിയുന്ന രംഗമുണ്ട്. അതു അറിഞ്ഞ ശേഷം മരിച്ചുപോയ അച്ഛന്റെ യൂണിഫോം ധരിച്ച് അമ്മയ്ക്കു മുന്നിൽ വന്ന് ഡയലോഗ് പറയുന്നതാണ് സീൻ. അതുകഴിഞ്ഞാണ് ആ കഥാപാത്രം നാടുവിടുന്നത്. ആ രംഗമാണ് ദുൽഖറിനെ അലട്ടിയത്. താൻ എത്ര ആലോചിച്ചിട്ടും അതെങ്ങനെ െചയ്യണമെന്ന് പിടികിട്ടുന്നില്ലെന്ന് ദുൽഖർ പറഞ്ഞു.

അപ്പോഴാണ് എനിക്ക് സമാധാനമായത്. ‘നിനക്ക് പിടികിട്ടണ്ട, നീ ഇങ്ങുവന്നാൽ മതി നമുക്ക് പിടികിട്ടിച്ച് തരാമെന്നു’പറഞ്ഞു. ദുൽഖർ അതിനു മുമ്പ് അഭിനയിച്ച സിനിമകളൊക്കെ ന്യൂജനറേഷൻ ആളുകളുടെ സിനിമകളിലായിരുന്നു. മറ്റൊരു തരത്തിലുള്ള സിനിമകളായിരുന്നു അത്. ഇതൊരു ഡ്രമാറ്റിക്ക് സിറ്റുവേഷൻ ആയിരുന്നു. എന്നെ വിശ്വാസമുണ്ടെങ്കിൽ സെറ്റിലേയ്ക്കുപോരൂ എന്ന് ദുല്‍ഖറിനോടു പറഞ്ഞു.

Namitha Pramod agrees for marriage | Vikramadithyan Movie Scenes | Bana Har Song | Dulquer intro

പിന്നീട് ഷൂട്ട് തുടങ്ങി, ഈ രംഗം ഷൂട്ട് ചെയ്യുന്നതിനു മുമ്പേ നിരവധി രംഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ആദ്യം പറഞ്ഞ ഭീകരമായ ടെൻഷൻ ഉണ്ടായിരുന്നില്ല. ഷോട്ട് തുടങ്ങുന്നതിനു മുമ്പ് എന്നോട് ചോദിച്ചു, എന്താണ് ലാലുവേട്ടൻ വിചാരിക്കുന്നതെന്ന്. ഞാൻ ഒന്നും വിചാരിക്കുന്നില്ലെന്നും സിറ്റുവേഷൻ എന്താണെന്ന് വിവരിച്ചുകൊടുക്കുകയും ചെയ്തു.

അമ്മ ഇത്രയും വലിയൊരു ചതി നിന്നോട് ചെയ്തിരിക്കുന്നു. അച്ഛന്‍ ആത്മഹത്യ ചെയ്യാൻ കാരണം അമ്മയാണെന്നു തോന്നുന്ന അവസ്ഥയിൽ നിൽക്കുന്ന മകൻ. അതു മനസ്സിൽ ഉൾക്കൊള്ളാൻ പറഞ്ഞു. അകത്തുപോയി വാതിൽ അടച്ചുനിൽക്കുക, ആ ഷർട്ട് ധരിച്ച് പുറത്തുവന്ന് അമ്മയുടെ മുഖത്ത് നോക്കുമ്പോൾ നിനക്ക് എന്താണോ തോന്നുന്നത് അത് അഭിനയിക്കുക. ഇതാണ് ദുൽഖറിനുപറഞ്ഞുകൊടുത്തത്. 

ആ ഫസ്റ്റ് ടേക്ക് തന്നെ ഓക്കെ ആയിരുന്നു. കാരണം അത് രണ്ടാമതൊരു ടേക്കിലേയ്ക്കുപോകാൻ പറ്റില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ദുല്‍ഖർ അഭിനയിക്കുമ്പോൾ തന്നെ സ്വാഭാവികമായി കരയുകയും മറ്റും ചെയ്തിരുന്നു.–ലാൽ ജോസ് പറഞ്ഞു.