Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാമൂഴം; ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി

randamoozham-mohanlal

എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴവുമായി ബന്ധപ്പെട്ട കേസില്‍ ആർബിട്രേറ്ററെ (മധ്യസ്ഥൻ) നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. മധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകുമെന്നും കോഴിക്കോട് അഡിഷണൽ മുൻസീഫ് കോടതി അറിയിച്ചു. കേസ് അടുത്ത മാസം ഏഴാം തിയതി വീണ്ടും പരിഗണിക്കും 

കരാറിൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങാതിരുന്നതിനാൽ, സംവിധായകൻ വി.എ. ശ്രീകുമാർ മേനോനെതിരെയാണ് എംടി കോടതിയെ സമീപിച്ചത്. ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായാൽ ആർബിട്രേഷനിലൂടെ പ്രശ്നം പരിഹരിക്കാമെന്നു കരാറിലുണ്ടെന്നു ശ്രീകുമാർ മേനോനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ, കരാർ റദ്ദായ സ്ഥിതിക്ക് ആർബിട്രേറ്റർക്കു വിടേണ്ടതില്ലെന്നായിരുന്നു എംടിയുടെ അഭിഭാഷകന്റെ വാദം. കരാർ റദ്ദായതിനാൽ കോടതി ഇടപെട്ടു തിരക്കഥ തിരികെ വാങ്ങിത്തരണമെന്നും വാദിച്ചു.

മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍, മൂന്നുവര്‍ഷത്തിനുശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. ഈയിടെ നടത്തിയ അഭിമുഖത്തിൽ എം.ടി സാറുമായി ചർച്ച ചെയ്തു പ്രശ്നം പരിഹരിച്ച് സിനിമ ചെയ്യുമെന്നായിരുന്നു ശ്രീകുമാർ മേനോൻ അറിയിച്ചത്.

എന്നാൽ മധ്യസ്ഥനില്ലാതെ കോടതി നടപടികള്‍ മുനോട്ടുപോകുന്നതോടെ രണ്ടാമൂഴം സിനിമ ഇനിയും നീളുമെന്നു തന്നെയാണ് സൂചനകൾ.