Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം ആദ്യം പറഞ്ഞത് ശാലു: ആ രഹസ്യം വെളിപ്പെടുത്തി ലിജോമോൾ

shalu-lijomol

പ്രണയം തുറന്നുപറഞ്ഞ് ശാലുവും ലിജോ മോളും. വിവാഹത്തെക്കുറിച്ച് ഉടൻ ചിന്തിക്കുന്നില്ലെന്നും പ്രണയബന്ധത്തിൽ രണ്ടുപേരുടെയും വീട്ടുകാർക്ക് എതിർപ്പില്ലെന്നും ശാലുവും ലിജോയും പറഞ്ഞു. ഇതാദ്യമായാണ് ഇരുവരും പ്രണയം തുറന്നുപറയുന്നത്.

ലിജോമോളുടെ വാക്കുകൾ–

വിവാഹവാർത്ത ഞെട്ടിക്കുന്നതു തന്നെയായിരുന്നു. എന്റെ സുഹൃത്താണ് ഇങ്ങനെയൊരു വാർത്ത ഓൺലൈൻ മാധ്യമങ്ങളിൽ പോകുന്നുണ്ടെന്ന കാര്യം അറിയിക്കുന്നത്. പിന്നെ അവർക്കും സംശയമായി. നിങ്ങൾ ശരിക്കും വിവാഹം കഴിച്ചോ എന്നു ചോദിച്ചായിരുന്നു പിന്നീടുളള ഫോൺ കോളുകൾ. അവരോടൊക്കെ ഞാനും ശരിക്കും ദേഷ്യപ്പെട്ടു. മീഡിയ ഫീൽഡിൽ രണ്ടുകൊല്ലം ജോലി ചെയ്തതുകൊണ്ട് പല ചാനലുകളിലും സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരെ വിളിച്ച് കാര്യം പറഞ്ഞു. പിന്നീട് ആ വാർത്ത അവരൊക്കെ പിൻവലിക്കുകയും ചെയ്തു.

ഞങ്ങൾ പ്രണയത്തിലാണ് - Chat With Shalu Rahim & Lijo Mol

വാർത്ത എങ്ങനെയാണ് വന്നതെന്നു അറിയില്ല.  ഇതിനു മുമ്പാണെങ്കിലും ശാലുവിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ ഞങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അങ്ങനെയുള്ള ‍‍ഞങ്ങൾ, വിവാഹം കഴിച്ചിട്ടുണ്ടെങ്കിൽ അതുതുറന്നുപറയാൻ എന്തിനു മടിക്കണം. അതുകൊണ്ടാണ് അങ്ങനെയൊരു വാർത്ത വന്നപ്പോൾ സങ്കടം ഉണ്ടായത്.

ഞങ്ങളുടെ ഇടയിൽ പ്രണയം തുറന്നുപറഞ്ഞത് ശാലുവാണ്. വേറെ മതത്തിൽപെട്ട ആളെ വിവാഹം കഴിക്കുന്നതിൽ എന്റെ കുടുംബത്തിനു ബുദ്ധിമുട്ടൊന്നുമില്ല, ശാലുവിന്റെ കുടുംബത്തിലും എന്നെ സ്വീകരിച്ചുകഴിഞ്ഞു. വിവാഹത്തെക്കുറിച്ച് ഉടനൊന്നും ചിന്തിക്കുന്നില്ല. രണ്ടുപേർക്കും സിനിമയുണ്ട്. കുറച്ചുനാൾ ഇങ്ങനെ മുന്നോട്ടുപോകാനാണ് തീരുമാനം.

എനിക്കെതിരെ അങ്ങനെ ഗോസിപ്പ് ഒന്നും ഉണ്ടായിട്ടില്ല. വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പ് ആണ് ആകെ വന്നത്. അതുവളരെ വിഷമമുണ്ടാക്കി. വിവാഹവാർത്ത കാരണം ഒന്നുരണ്ടുദിവസം പുറത്തിറങ്ങാൻ പോലും പേടിയായിരുന്നു. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചുപോകുമ്പോൾ ആളുകൾ വല്ലാതെ ശ്രദ്ധിക്കുന്നുണ്ട്. അതിന്റെ ആവശ്യം എന്താണ്. ഈ വാർത്ത വന്നതിനുശേഷമാണ് ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായത്. വിവാഹവാർത്ത ഉണ്ടാക്കിയതു തന്നെ എന്തിനാണെന്നു അറിയില്ല. പ്രണയത്തിലാണെന്ന കാര്യം ഞങ്ങൾ തന്നെ തുറന്നുപറഞ്ഞതാണ്. ഇത്തരം വാർത്തകൾ മീഡിയയിൽ എന്തിനാണ് ആഘോഷമാക്കുന്നതെന്ന് അറിയില്ല.