Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎംഡബ്ല്യുവിൽ സഞ്ചരിക്കുന്ന ഞാനാണോ ലളിത ജീവിതം നയിക്കുന്നത്: രജനികാന്ത്

rajinikanth-2-point-zero-1

സൂപ്പർസ്റ്റാർ രജനികാന്തിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ എളിമ തന്നെയാണ്. നാല് പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമാലോകം അടക്കിഭരിക്കുന്ന മുടിചൂടാ മന്നൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ യന്തിരൻ 2 നാളെ റിലീസിനെത്തുകയാണ്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സീ ടി.വി.ക്ക് നല്‍കിയ അഭിമുഖത്തില്‍ പുതിയ ചിത്രത്തെക്കുറിച്ചും ജീവിതത്തിലെ ചില രസകരമായ ഓര്‍മകളെക്കുറിച്ചും രജനി മനസ്സുതുറന്നിരുന്നു. ആ സംഭാഷണങ്ങളിലേയ്ക്ക്–

2.0യും യന്തിരനും

ചിട്ടി, വസീഗരൻ, 2.0 ഈ മൂന്നുകഥാപാത്രങ്ങൾ യന്തിരൻ ആദ്യഭാഗത്തിലുമുണ്ട്. അതല്ലാതെ ആദ്യഭാഗവുമായി 2.0യ്ക്കു യാതൊരു സാമ്യവുമില്ല. വലിയൊരു മെസേജ് ഈ ചിത്രത്തിലൂടെ സംവിധായകൻ ശങ്കർ നൽകുന്നുണ്ട്. മൊബൈൽ റേഡിയേഷൻ മൂലം സമൂഹത്തിനു സംഭവിക്കുന്ന മാറ്റങ്ങളാണ് സിനിമ. അതൊരു ത്രില്ലറായി സയൻസ് ഫിക്​ഷൻ വിഭാഗത്തിൽ ശങ്കർ അവതരിപ്പിക്കുന്നു എന്നതാണ് പ്രശംസനീയം.

ചിത്രത്തിൽ ഗാനങ്ങൾ വേണ്ടെന്നുപറഞ്ഞായിരുന്നു 2.0 ആരംഭിച്ചത്. പിന്നെ ഒരു ടൈറ്റില്‍ സോങ് ഉള്‍പ്പെടുത്താമെന്ന് വിചാരിച്ചു. എന്നാൽ ടൈറ്റിൽ ഗാനത്തിലും പശ്ചാത്തലസംഗീതത്തിനും ശേഷം ഗാനങ്ങൾ വേണമെന്നു തീരുമാനിക്കുകയായിരുന്നു. അതിഗംഭീരമായ പശ്ചാത്തലസംഗീതമാണ് റഹ്മാൻ ചിത്രത്തിനായി അണിയിച്ചൊരുക്കിയിരിക്കുന്നത്.

കട്ടൗട്ട്

സ്വന്തം പേരിൽ കട്ടൗട്ട് ഇറങ്ങണമെന്ന് ആദ്യകാലത്ത് സ്വപ്നം കണ്ടിട്ടുണ്ട്. എന്നാൽ സത്യമാകുമ്പോൾ വലിയ സന്തോഷം തോന്നിയിരുന്നില്ല. പലപ്പോഴും സ്വപ്നം കാണുമ്പോഴുണ്ടാകുന്ന സന്തോഷം ആ സ്വപ്നം യാഥാർഥ്യമാകുമ്പോൾ തോന്നാറില്ല.എല്ലാത്തിലും അങ്ങനെ തന്നെയാണ്. വിവാഹത്തിലും. (രജനികാന്ത് ചിരിക്കുന്നു)

ലളിതമായ ജീവിതം നയിക്കുന്ന സൂപ്പർസ്റ്റാർ

ലളിതമായ ജീവിതം എന്നുപറയുന്നത് തെറ്റാണ് ഞാന്‍ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറില്‍, താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളില്‍. ഇതാണോ ലളിത ജീവിതം.

2.0യിലെ കഥാപാത്രം

ചിട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് കൂടുതൽ കഷ്ടപ്പെട്ടത്. കാരണം അതിന്റെ മനസ്സ് മനുഷ്യന്റേതും ശരീരം റോബോട്ടിന്റേതുമാണ്. ശങ്കറും ഞാനും ഒരുമിച്ച് നിന്നാണ് ചിട്ടിയുടെ ശരീരസ്വഭാവം ചിട്ടപ്പെടുത്തിയത്. ശങ്കർ ഒരുപാട് സഹായിച്ചു. 2.0യിൽ അക്ഷയ് കുമാർ ആണ് കുറച്ചുകൂടി കഷ്ടപ്പെട്ടിരിക്കുന്നത്.

എന്റെ അഭിനയം നന്നായെന്നുപറയുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് മുഴുവൻ ശങ്കറിനാണ്. അദ്ദേഹം സംവിധായകൻ മാത്രമല്ല മികച്ച അഭിനേതാവും കൂടിയാണ്. സിനിമയിലെ പല രംഗങ്ങളും എനിക്ക് അഭിനയിച്ചുകാണിച്ചുതരുമായിരുന്നു. ശങ്കറിന് അഭിനയിക്കണം എന്ന മോഹം ഉണ്ടായിരുന്നെങ്കിൽ നമ്മുടെ കാര്യം കഷ്ടമായാനേ. അത്ര മനോഹരമായാണ് അദ്ദേഹം അഭിനയിക്കുന്നത്. ചിട്ടിയും അക്ഷയ് കുമാറിന്റെ വില്ലൻ കഥാപാത്രവും തമ്മിലുള്ള പോരാട്ടമാണ് ഈ സിനിമ. രജനികാന്ത് ചിത്രം ആകണമെന്നതുകൊണ്ട് മാത്രമാണ് വസീഗരൻ എന്ന കഥാപാത്രത്തെ കൊണ്ടുവന്നതു തന്നെ. (ചിരിക്കുന്നു)

സി.ജി ഗ്രാഫിക്സ് വർക്കുകളും ആക്‌ഷനുമാണ് 2.0യുടെ ജീവൻ. അതെല്ലാം ഹോളിവുഡിൽ നിന്നുള്ള സാങ്കേതികപ്രവർത്തകരാണ്. സിനിമയിലെ സൂപ്പർസ്റ്റാനു കൊടുക്കുന്ന അതേ പരിഗണന തന്നെയാണ് അതിലെ ജൂനിയർ ആർടിസ്റ്റുകൾക്കും സ്റ്റണ്ട് ടീമിനും നൽകിയത്.

ഇഷ്ടപ്പെട്ട തിരക്കഥ

ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ബാഷയാണ്. അതുകഴിഞ്ഞാല്‍ ശങ്കറിന്റെ 2.0 എന്ന സിനിമയുടെ തിരക്കഥയാണ്.

എല്ലാം നേരം

കരിയറിന്റെ തുടക്കകാലത്ത് പെട്ടന്നാണ് എന്നെത്തേടി പേരും പ്രശസ്തിയും എത്തുന്നത്. കണ്ടക്ടറായിരുന്ന സമയത്ത് 350 രൂപയാണ് ശമ്പളം. അവിടെ നിന്നും മൂന്നുലക്ഷവും നാലുലക്ഷവും കിട്ടുന്ന സമയത്ത് എനിക്ക് പല ചിന്തകളും ഉണ്ടായിട്ടുണ്ട്. ഈശ്വരൻ എന്നെ പ്രത്യേകം സൃഷ്ടിച്ചതാണോ പ്രത്യേക പിറവിയാണോ അങ്ങനെയുള്ള ചിന്തകൾ. അതിനു ശേഷമാണ് എല്ലാം സമയത്തിന്റെ പ്രത്യേകതയാണെന്ന ബോധ്യം വരുന്നത്. ഞാനും ഒരു സാധാരണമനുഷ്യനാണെന്ന ചിന്താഗതി വന്നു. 

സിനിമ എന്ന മാധ്യമത്തിലൂടെ ഒരു ചാൻസ് ലഭിച്ചു, എന്റെ ഭാഗ്യത്തിന് എംജിആറും ശിവാജിയും അന്ന് ഇല്ല. അറുപതുകളിലാണ് ഞാന്‍ വന്നിരുന്നതെങ്കില്‍ എം.ജി.ആറിന്റെയും ശിവാജിയുടെയും പിന്നില്‍ എവിടെയെങ്കിലും ഒതുങ്ങി ഇരുന്നു പോയേനേ. എല്ലാം സമയം തന്നെയാണ്. എന്നെ സഹായിച്ച സംവിധായകർ, നിർമാതാക്കൾ, തിരക്കഥാകൃത്തുക്കൾ അവരെല്ലാം കാരണമാണ് ഇവിടെ വന്നുനിൽക്കുന്നത്.

മറക്കാനാകാത്ത പ്രശംസ

ബാഷ സിനിമ കണ്ട് അമിതാഭ് ബച്ചൻ വിളിച്ചത്. അദ്ദേഹം ഹിന്ദിയിൽ ചെയ്ത ഹം എന്ന സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബാഷ ചെയ്യുന്നത്. ആ സിനിമയിൽ ഞാനും അഭിനയിച്ചിട്ടുണ്ട്. എന്നാൽ അത് ചെയ്യുമ്പോൾ തന്നെ ഈ സിനിമയ്ക്ക് എന്തോ തകരാറുണ്ടെന്ന തോന്നൽ മനസ്സിൽ ഉണ്ടായിരുന്നു. പിന്നീട് ആ സിനിമ റിലീസ് ആയതിനു ശേഷം ഞാൻ അതിന്റെ റൈറ്റ്സ് മേടിച്ച് തമിഴിൽ ചെയ്തു.

Manikkam Threatens College Principal - Drama Scene

ബാഷ സിനിമ കണ്ട ശേഷം അമിതാഭ് ജി. നേരെ വന്നത് എന്റെ വീട്ടിലേയ്ക്കാണ്. ആ സമയത്ത് ഞാൻ വീട്ടിൽ ഇല്ല. എന്നിട്ടും ഞാൻ വരുന്നതു വരെ അദ്ദേഹം കാത്തുനിന്നു. എന്റെ കണ്ട ശേഷം അദ്ദേഹം ഓടിവന്നു കെട്ടിപ്പിടിച്ചു. ‘ഇങ്ങനെയാണ് സിനിമ ചെയ്യേണ്ടത്, പക്ഷേ നമുക്ക് അത് ചെയ്യാൻ സാധിച്ചില്ല, ഹാറ്റ്സ് ഓഫ്. അങ്ങനെയാണ് അദ്ദേഹം പറഞ്ഞത്. അതൊരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷമാണ്.

ഫാൻ മൊമന്റ്

എംജിആർ സിനിമകളുടെ ആദ്യചിത്രത്തിന് ഉറക്കം ഉളച്ച് പോയിട്ടുണ്ട്. വെളുപ്പിനു നാല് മണിക്ക് പോയാണ് ടിക്കറ്റ് എടുത്തത്.

രജനികാന്ത് ചിത്രം ചെയ്യണമെങ്കിൽ എന്തു തിരക്കഥയാണ് വേണ്ടത്

ആദ്യം തന്നെ പറയാം മാസ്. ഈ ക്ലാസ്, അവാർഡ് അത്തരം സാധനങ്ങൾ എനിക്ക് അറിയില്ല. കുട്ടികള്‍ മുതലുള്ളവരാണ് നമ്മുടെ പ്രേക്ഷകർ, അതിലുമുപരി ആ കഥ നമ്മുടെ മനസ്സിൽ തൊടണം. കൂടാതെ മുൻചിത്രങ്ങളുമായി സാമ്യവും തോന്നരുത്.

വേഷംമാറി പുറത്തുപോകുമ്പോൾ

ബെംഗലൂരുവില്‍ ഒരു ക്ഷേത്രത്തില്‍ പോയിരുന്നു. മുഷിഞ്ഞ് ഒരു പിച്ചക്കാരനെപോലെ തോന്നുന്ന വേഷത്തിലായിരുന്നു. വന്നപ്പോൾ മുതൽ അവിടെ വന്ന സ്ത്രീ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഈ പിച്ചക്കാരെയൊക്കെ ആരാണ് ക്ഷേത്രത്തിലേക്ക് കടത്തിവിട്ടതെന്നാകും അവർ ചിന്തിച്ചുകൊണ്ടിരുന്നത്. തൊഴുത് പ്രദക്ഷിണം ചെയ്യാനൊരുങ്ങുമ്പോള്‍ ഒരു സ്ത്രീ എനിക്ക് പത്തുരൂപ വെച്ചുനീട്ടി. ഞാനത് വാങ്ങി പോക്കറ്റിലിട്ടു. അവരെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചുറ്റിവന്ന ഞാന്‍ ഇരുനൂറു രൂപയെടുത്ത് ഭണ്ഡാരത്തില്‍ ഇട്ടു. അതുകണ്ട അവര്‍ ഞെട്ടി. പിന്നെ പുറത്തിറങ്ങിയപ്പോള്‍ അവരും എന്റെ പുറകെ കൂടി. കുറച്ച് കഴിഞ്ഞപ്പോൾ എന്റെ കാറ് വന്നു. എന്താണ് സംഭവിക്കുന്നതെന്ന് അവർക്കൊന്നും മനസ്സിലാകുന്നില്ല. ഞാൻ വണ്ടിയിൽ കയറി. ഗ്ലാസ് താഴ്ത്തി മുഖം മറച്ചിരുന്ന തുണി പതുക്കെ മാറ്റി. എന്നെ കണ്ടതും അദ്ഭുതപ്പെട്ട് വന്നതുപോലെ തന്നെ ഓടുകയായിരുന്നു. 

മറ്റൊരു സംഭവവുമുണ്ട്. സൂപ്പര്‍ഹിറ്റായ പടത്തിന്റെ സമയത്ത് ഒരു തിയറ്ററിൽ പോയി. വന്‍ ജനക്കൂട്ടം. അതിലൂടെ വേഷപ്രച്ഛന്നനായി നില്‍ക്കുമ്പോള്‍ എവിടെ നിന്നോ ഒരു വിളി തലൈവാ... ഞാന്‍ ഞെട്ടി. എന്റെ കൈയും കാലുമെല്ലാം വിറയ്ക്കാന്‍ തുടങ്ങി. എങ്ങനെ രക്ഷപ്പെടും. കാറാണെങ്കില്‍ കുറേ ദൂരെ കിടക്കുന്നു. ഞാന്‍ ജനക്കൂട്ടത്തെ വകഞ്ഞ് ഒരു വിധം രക്ഷപ്പെട്ട് പുറത്തെത്തി. അടുത്ത ഓട്ടോപിടിച്ച് പോന്നു.  ഭാഗ്യം രണ്ടാമതൊരു വിളി ഉണ്ടായില്ല. അയാള്‍ മറ്റാരേയോ ആയിരുന്നു വിളിച്ചത്..

2.0യുടെ ചിത്രീകരണത്തിനിടെ മറക്കാനാകാത്ത സംഭവം

ഡൽഹിയിൽ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് എനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്. സിനിമയുടെ ക്ലൈമാക്സ് ആണ്. നാല്‍പത് ദിവസത്തെ ഷൂട്ട് ആണ്, എനിക്ക് ഏഴുദിവസവും. ചികിത്സ അമേരിക്കയിലാണ്. ആ സമയത്ത് അമേരിക്കയിൽ പോയാൽ ഷൂട്ട് മുടങ്ങും. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഷൂട്ട്. അവിടെ ഷൂട്ടിങിന് അനുമതി ലഭിക്കുന്നതുതന്നെ കഷ്ടം. കൃത്യസമയത്ത് ഷൂട്ട് തീർത്തില്ലെങ്കിൽ പിന്നീട് അനുമതി ലഭിക്കണമെങ്കിൽ ഒരുവർഷം കഴിയണം.

വയ്യാതെയാണെങ്കിലും അഭിനയിക്കാൻ തീരുമാനിച്ചു. വലിയ ചൂടത്തും ആ ഇരുമ്പുസ്യൂട്ട് ധരിച്ച് അഭിനയിച്ചു. അവസാനഷോട്ട് പൂർത്തിയാക്കി, കടലാസിൽ ഒപ്പിട്ട് എനിക്കു തന്നപ്പോഴാണ് മനസ്സിനുതന്നെ സമാധാനമായത്.

rajinikanth-himalayam-1

കമൽ എന്റെ സൂപ്പർസ്റ്റാർ

ഞാൻ സിനിമയിൽ വരുന്ന സമയം തന്നെ കമൽഹാസൻ സൂപ്പർസ്റ്റാർ ആണ്. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഇഷ്ടതാരം. പാട്ടും ഡാൻസും ആക്‌ഷനും എന്തുമാകട്ടെ എല്ലാം മനോഹരമായി ചെയ്യും. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ആന്ധ്രയിലും അദ്ദേഹത്തിന് ആരാധകർ ഉണ്ടായിരുന്നു. ഞാൻ തന്നെ അദ്ഭുതപ്പെട്ടാണ് അദ്ദേഹത്തെ നോക്കുന്നത്. ഒരുസമയത്ത് ഷൂട്ട് തീർന്നപ്പോൾ കമലിന്റെ വണ്ടിയിലാണ് എന്നെ കൊണ്ടെവിട്ടത്. കമലിന്റെ കൂടെ ഇരിക്കുന്നതുതന്നെ അഹങ്കാരമായി ഞാൻ കൊണ്ടുനടന്നിരുന്നു. അങ്ങനെയായിരുന്നു കമൽഹാസനെ കണ്ടിരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചു, സുഹൃത്തായി. എന്നാൽ ഇപ്പോഴും കമൽ, കമൽ തന്നെയാണ് എന്റെ മനസ്സിൽ.

rajinikanth-himalayam

ഹിമാലയത്തിലെ ഉറക്കം

ഹിമാലയത്തിൽപോയപ്പോൾ എടുത്ത ചിത്രമാണിത്. ലോകത്ത് എവിടെയും ലഭിക്കാത്ത സന്തോഷം അവിടെ കിട്ടും. ദൈവികമായ സ്ഥലമാണത്. അവിടെ കിട്ടുന്ന പച്ചക്കറികൾ, വെള്ളം അതൊക്കെ ഭക്ഷിക്കുമ്പോൾ നമുക്ക് തന്നെ ദൈവികമായ അനുഭവം ഉണ്ടാകും.

annamalai to kabali rajini title card

സൂപ്പർസ്റ്റാർ എന്ന ടൈറ്റിൽ കാർഡ്

സൂപ്പർസ്റ്റാർ എന്ന ശബ്ദത്തോടുകൂടിയ ടൈറ്റിൽ കാർഡ് എനിക്കു തന്നത് സുരേഷ് കൃഷ്ണയാണ്. അണ്ണാമലൈ ചിത്രത്തിന് വേണ്ടിയാണ് ആദ്യം ഉപയോഗിക്കുന്നത്. ഒരു സർപ്രൈസ് എനിക്കായി ഈ സിനിമയിൽ വെച്ചിട്ടുണ്ടെന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും നിങ്ങളുടെ ആരാധകർ ഇത് ആഘോഷമാക്കുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെ ആ സിനിമ അവസാനം കാണുന്ന സമയത്താണ് ഞാനും ഈ ടൈറ്റിൽ കാർഡ് കാണുന്നത്.