Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറുകോടിയുടെ ‘മരക്കാർ’; ചിത്രീകരണം ആരംഭിച്ചു

marakkar-arabikkadalinte-simham

നൂറുകോടി മുതൽമുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ ചിത്രീകരണം ആരംഭിച്ചു. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലാണ് മലയാളത്തിലെ ഏറ്റവും വലിയ സിനിമയ്ക്കു തുടക്കമായത്.

മോഹൻലാൻ–പ്രിയദർശൻ  കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും സി.ജെ. റോയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകൻ. തിരുവാണ് ഛായാഗ്രഹണം. 

marakkar-arabikkadalinte-simham-7

സിനിമയുടെ പൂജയും ആദ്യഷോട്ടും ഇന്നു ചിത്രീകരിച്ചു. സംവിധായകൻ പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി. കുരുവിളി, തിരു എന്നിവർ സെറ്റിൽ ഉണ്ടായിരുന്നു. ചിത്രത്തിലെ ഭൂരിഭാഗവും റാമോജി സിറ്റിയിലാണ് ചിത്രീകരിക്കുന്നത്. ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍.

marakkar-arabikkadalinte-simham-5

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ്, മധു, കല്യാണി പ്രിയദർശൻ എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാലും ഒരു കാമിയോ റോളില്‍ ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും

marakkar-arabikkadalinte-simham-2

ചരിത്രവും ഭാവനയും കൂടികലര്‍ന്ന ചിത്രമായിരിക്കും 'മരക്കാര്‍' എന്ന് മുന്‍പ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെ ചിത്രത്തെക്കുറിച്ച് പ്രിയദർശന്റെ വാക്കുകൾ–

marakkar-arabikkadalinte-simham-1

‘വളരെ നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമാണ് ഈ സിനിമ. ടി. ദാമോദരനുമായി ചിത്രത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ചർച്ച ചെയ്തിരുന്നു. അദ്ദേഹം നൽകിയ ആശയങ്ങളും സാധ്യതകളും തിരക്കഥയിലുണ്ട്. ചരിത്രത്തിനൊപ്പം ഫിക്‌ഷനും ചേർത്താണ് കഥ തയാറാക്കിയിരിക്കുന്നത്. എനിക്കൊപ്പം ഐ.വി ശശിയുടെ മകൻ അനിയും തിരക്കഥയിൽ പങ്കാളിയാണ്’.

marakkar-arabikkadalinte-simham-8

കുഞ്ഞാലിമരക്കാരുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയപ്പോൾ കൃത്യമായ ചരിത്രം എവിടെയും പ്രതിപാദിക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് പ്രിയന്‍ പറഞ്ഞു. കുഞ്ഞാലിമരക്കാരുടെ പേരിൽ ഇതിനു മുമ്പ് സിനിമ വന്നിട്ടുണ്ട്. എന്നാൽ പ്രിയദർശനും മോഹൻലാലും ചെയ്യുന്നത് കുഞ്ഞാലി നാലാമന്റെ കഥയാണ്.

 തീരദ്ദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിത്രത്തില്‍ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്‌ഷന്‍ കാര്യങ്ങള്‍ വിദേശത്തായിരിക്കും നടക്കുക. പ്രിയദർശന്റെ 95 ാമത്തെ ചിത്രമാണ് മരക്കാർ; ആശീർവാദിന്റെ 25 ാമത്തേതും.