Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാഹൂ ചാറ്റ് വഴി പ്രപ്പോസ്, 23ാം വയസ്സില്‍ വിവാഹം; വിജയ് സേതുപതിയുടെ പ്രണയകഥ

vijay-sethupathi-wife

കുട്ടിക്കാലത്ത് സെയിൽസ്മാന്‍ ആയും ടെലിഫോൺ ഓപ്പറേറ്ററുമായും ജോലി ചെയ്തിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് വിജയ് സേതുപതി.  അച്ഛന്റെ കടം വീട്ടാനാണ് ഗൾഫിലേക്ക് പോയത്. കൂടുതല്‍ പണം സമ്പാദിക്കാനാണ് സിനിമയിൽ അവസരം തേടിയതെന്നും വിജയ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

വിജയ് സേതുപതിയുടെ വാക്കുകൾ

സംവിധായകൻ സി. പ്രേംകുമാർ ഒരു കഥ പറയാനുണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ കരുതിയത് ഏതോ കൊറിയൻ സിനിമ കോപ്പിയടിച്ചതാകുമെന്നാണ്. പക്ഷേ, കേട്ടുകഴിഞ്ഞപ്പോൾ ഉള്ളിലൊരു തുടിപ്പ്. 1996ൽ തഞ്ചാവൂരിലെ സ്കൂളിൽ നിന്നു പത്താം ക്ലാസ് പാസ്സായ ഒരുകൂട്ടം വിദ്യാർഥികള്‍ 20 വർഷത്തിനു ശേഷം കൂടിച്ചേർന്ന കഥയാണ്. അതിൽ നൊസ്റ്റാൾജിയയുടെ കുളിരു മാത്രമല്ല, രാമചന്ദ്രനു ജാനുവിനോടുള്ള ഉള്ളുതൊട്ട പ്രണയവുമുണ്ട്.

എട്ടു വർഷമായി സ്കൂൾ സുഹൃത്തുക്കളോടൊപ്പം റീയൂണിയനിൽ പങ്കെടുക്കാറുണ്ട് ഞാന്‍. ആ നൊസ്റ്റാൾജിയയുള്ളതു െകാണ്ട് കഥ വല്ലാതെ ഇഷ്ടമായി. ഓപ്പണിങ് സോങ്ങാണ് കുറച്ച് ബുദ്ധിമുട്ടി ചെയ്തത്. ആൻഡമാനിലാണ് ആദ്യത്തെ ഷോട്ടുകൾ, പിന്നെ കൊൽക്കത്ത, ജയ്പുർ, ജയ്സാൽമീർ, കുളു മണാലി... രാത്രി മുഴുവൻ യാത്ര ചെയ്ത് ഓരോ സ്ഥലത്തേക്കെത്തും. പകൽ ഷൂട്ടിങ്. അതു കഴിഞ്ഞ് പിന്നെയും യാത്ര. ഈ യാത്രകൾക്കിടെ കാറിൽ സുഖമായി കിടന്നുറങ്ങും.

സിനിമാരംഗത്ത് എന്നേക്കാൾ വളരെ സീനിയറാണ് തൃഷ. അവരെ നേരിൽ കാണുന്നതുവരെ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ, അടുത്ത വീട്ടിലെ കുട്ടിയെ പോലെ വളരെ അടുപ്പത്തിൽ ഇടപെട്ട് അവർ സീൻ കൂളാക്കി. മിക്ക ഷോട്ടുകളും ആദ്യ ടേക്കിൽ തന്നെ ഓക്കെയായി. ആ സെറ്റിന്റെ എനർജിയായിരുന്നു അതിനു കാരണം. സൈലന്റായി തനിച്ചിരിക്കാൻ ഇഷ്ടമുള്ളയാളാണ് ഞാനും. എന്നോടു തന്നെ സംസാരിച്ചും എന്നെത്തന്നെ അറിഞ്ഞും സമയം ചെലവഴിക്കുന്ന ശീലവുമുണ്ട്. അപ്പോഴല്ലേ നമ്മളോടു സ്നേഹമുണ്ടാകൂ. പക്ഷേ, യാത്രകളൊന്നും അധികം ചെയ്തിട്ടില്ല. തനിച്ചു യാത്ര ചെയ്യുന്ന ശീലം ഒട്ടുമില്ല.

മധുരയിൽ നിന്ന് 85 കിലോമീറ്റർ അകലെ രാജപാളയത്താണ് ഞാൻ ജനിച്ചതും വളർന്നതും. നാലു മക്കളാണ് ഞങ്ങൾ. അപ്പ കാളിമുത്തു സിവിൽ എൻജിനീയറായിരുന്നു, അമ്മ സരസ്വതി സാധാരണ തമിഴ് വീട്ടമ്മ. അച്ഛൻ ബിസിനസിൽ പരാജയപ്പെട്ടതോടെ സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് ഉണ്ടായി. അമ്മ വീട്ടിൽ പശുവിനെ വളർത്തിയിരുന്നു. അമ്മ അറിയാതെ രഹസ്യമായി പശുവിന്റെ പാൽ കറന്നു കുടിക്കുന്നത് എന്റെ പ്രധാന വികൃതിയായിരുന്നു.

സ്കൂൾ ഓർമകളൊന്നും അത്ര നിറമുള്ളതല്ല. ക്ലാസ്സിൽ ശരാശരിയിൽ താഴെയുള്ള കുട്ടി. വലിയ പൊക്കവും വണ്ണവും ഇല്ലാത്തതിനാൽ സ്കൂൾ സ്പോർട്സ് ടീമിലുമില്ല. വിജയ് ഗുരുനാഥ േസതുപതി എന്നാണു മുഴുവന്‍ പേര്. പേരിന്റെ നീളക്കൂടുതലും കുറച്ച് പ്രശ്നമായിരുന്നു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നിയത്. അവളെ കാത്തുനിൽക്കുന്നതും എന്റെ കാത്തിരിപ്പിന് അവൾ പുഞ്ചിരി പകരം തരുന്നതും കണ്ട്, കൂട്ടുകാരനാണ് ഇത് ‘ലവ്’ ആണെന്നു പറഞ്ഞത്.

‘ലവ്’ എന്ന വാക്ക് പോലും ആദ്യമായി കേൾക്കുന്നത് അ ന്നാണ്. പക്കാ തമിഴ് മീഡിയം സ്കൂളാണ്. അഞ്ചാം ക്ലാസ്സ് വരെ സൺഡേ, മണ്‍ഡേ, ട്യൂസ്ഡേ പോലും അറിയില്ലായിരുന്നു.

കടം കൂടിയതോടെ എല്ലാം വിറ്റുപെറുക്കി ഞങ്ങൾ ചെന്നൈയിലേക്കു താമസം മാറി. ആറാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേർന്ന ശേഷം ജീവിതം മാറി. എന്റെ ‘ജാനു’ ആ നാലാംക്ലാസ്സുകാരിയാണ്. അവളുടെ പേരു പോലും ഓർമയില്ല. ആ നാളുകളോടു വല്ലാത്ത സ്നേഹമുണ്ട്. പക്ഷേ, തേടിപ്പോകാനോ പിന്നാലെ നടക്കാനോ ഞാനില്ല.

ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നാട്ടിലെ ജോലികളെക്കാൾ നാലിരട്ടി ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോൾ 20ാം വയസ്സിൽ ഗൾഫിലേക്കു പോയി. എന്റെ സുഹൃത്ത് ചന്ദ്രുവിന് ജെസിയുടെ കമ്പനിയിലായിരുന്നു ജോലി. അവനാണ് ജെസിയെക്കുറിച്ചു പറഞ്ഞത്. മലയാളിയാണ്, കൊല്ലമാണ് നാട് എന്നൊക്കെയറിഞ്ഞു. യാഹൂ ചാറ്റ് വഴി ഞാനാണ് പ്രപ്പോസ് ചെയ്തത്. ‘ഐ ലവ് യൂ’ എന്നല്ല ‘നമുക്ക് കല്യാണം കഴിച്ചാലോ’ എന്നു നേരേയങ്ങു ചോദിക്കുകയായിരുന്നു. ഒട്ടും ആലോചിക്കാതെ അവൾ ഓക്കെ പറഞ്ഞു. മൂന്നു വർഷത്തെ പ്രണയത്തിനു ശേഷം എന്റെ 23ാം വയസ്സില്‍ വിവാഹം. നിശ്ചയത്തിന്റെയന്നാണ് നേരിൽ കാണുന്നത്. പിന്നെ, ഗൾഫിലേക്കു പോയില്ല.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം