Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനിയാ ഇതിനൊക്കെ എന്തിനാണ് മെസേജ്: ജയറാമിനു വേണ്ടി ലാലും മമ്മൂട്ടിയും

mammootty-mohanlal-jayaram

ജയറാം നായകനാകുന്ന ‘ഗ്രാൻഡ് ഫാദർ’ സിനിമയുടെ പൂജയ്ക്ക് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തി. മലയാളത്തിന്റെ താരരാജാക്കാന്മാരെ കൂടാതെ നിരവധി താരങ്ങൾ ചടങ്ങിനെത്തിയിരുന്നു. തന്നെ സംബന്ധിച്ചടത്തോളം ഇതു സ്വപ്നസാക്ഷാത്കാരമാണെന്ന് ജയറാം പറഞ്ഞു. 

‘എന്നെ സംബന്ധിച്ചടത്തോളം സ്വപ്നസാക്ഷാത്കാരത്തിന്റെ സമയമാണിത്. കഴിഞ്ഞ എത്രയോ വർഷങ്ങളായി എന്റെ ചിത്രങ്ങളുടെ പൂജ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ന് അതിനേക്കാളൊക്കെ ഉപരി സന്തോഷിക്കുന്നത് രണ്ടുപേരുടെ സാനിധ്യം കൊണ്ടാണ്.’

ലാലേട്ടനും മമ്മൂക്കയും വീണ്ടും ഒരുമിച്ച് | Grand Father Pooja Ceremony

‘ഞാൻ സിനിമയിൽ എത്തുന്നതിനും വർഷങ്ങൾക്കു മുമ്പ് വളരെ ദൂരെ നിന്നും അദ്ഭുതത്തോടെയും ആശ്ചര്യത്തോടെയും മാത്രം നോക്കിക്കണ്ടിരുന്ന ഞാൻ മനസ്സിൽ ആരാധിച്ചുകൊണ്ടിരുന്ന ഇപ്പോഴും ആരാധിച്ചുകൊണ്ടിരിക്കുന്ന രണ്ട് ജ്യേഷ്ഠന്മാർ. ഞാൻ സിനിമയിലെത്തി മുപ്പതുവർഷം പിന്നിടുമ്പോഴും ഒരനുജനെപ്പോലെ അവർ എനിക്ക് സ്നേഹം നൽകികൊണ്ടിരിക്കുന്നു. ചേട്ടന്മാരെപ്പോലെ ഞാൻ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മാത്രമാണെന്ന് എനിക്കുതോന്നുന്നു, വെറുമൊരു ഫോൺ മെസേജിലൂടെ അവർ ഇവിടെ വരാമെന്നു പറഞ്ഞത്.’

‘ലാൽ സാറിനാണ് ഞാൻ ആദ്യം മെസേജ് അയക്കുന്നത്. ‘ലാലേട്ടാ എന്റെയൊരു പടത്തിന്റെ പൂജയ്ക്ക് വന്നൊന്ന് വിളക്കുകൊളുത്തി തരുമോ?’. ‘അനിയാ ഇതിനൊക്കെ എന്തിനാണ് മെസേജ്, എവിടെയാ എത്തേണ്ടതെന്നുമാത്രം പറയൂ,’–ഇങ്ങനെയായിരുന്നു അദ്ദേഹം എനിക്കു തിരിച്ച് അയച്ച മെസേജ്’.

‘അതുപോലെ തന്നെ മമ്മൂക്കയ്ക്കും മെസേജ് അയച്ചു. അദ്ദേഹം മൂന്നാം തിയതി രാവിലെ അവിടെ ഉണ്ടാകുമെന്നാണ് തിരിച്ച് അയച്ചത്. രാവിലെ വന്നുവെന്ന് മാത്രമല്ല ഈ സ്റ്റേജ് കെട്ടുന്നതിനു മുമ്പേ അദ്ദേഹം ഇവിടെ എത്തിയിരുന്നു. ‘എല്ലാം ആയോടാ’ എന്നുചോദിച്ച് രണ്ടുപ്രാവിശ്യം വന്നുപോകുകയും ചെയ്തു. ഇതൊക്കെ പറഞ്ഞറിയിക്കാൻ വയ്യാത്ത കാര്യങ്ങളാണ്.’–ജയറാം പറഞ്ഞു.

ചടങ്ങിലേയ്ക്ക് ക്ഷണിച്ച ജയറാമിന് നന്ദി പറഞ്ഞായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. ‘ഇത്തരമൊരു ചടങ്ങ് തന്നെ വളരെ നാളുകൾക്കു ശേഷമാണ്. ഐശ്വര്യത്തിന്റെ തുടക്കമായി മാറി ഈ സിനിമ വലിയൊരു വിജയമായി മാറട്ടെ. ഞങ്ങളെ വിളിച്ചതിന് ജയറാമിന് നന്ദി.’–മോഹൻലാൽ പറഞ്ഞു.

‘വളരെ അപൂർവമായി സംഭവിക്കുന്ന നിമിഷങ്ങളാണ് ഈ ചടങ്ങിലേതെന്നാണ് എനിക്കുതോന്നുന്നത്. സാധാരണ സിനിമയുടെ പൂജകൾക്ക് ആ സിനിമയുമായി ബന്ധപ്പെട്ട ആളുകളാകും കൂടുതൽ ഉണ്ടാകുക. പക്ഷേ ഇത് എല്ലാ സിനിമയുമായും ബന്ധപ്പെട്ട് കിടക്കുന്ന ആളുകൾ ഒന്നിച്ചു വന്നിരിക്കുകയാണ്. അല്ലെങ്കിൽ പിന്നെ വലിയ സിനിമകളുടെ വേദിയായിരിക്കണം. ഇതൊരു അപൂർവഭാഗ്യമാണ്, നമുക്കും ഈ സിനിമയുടെ അണിയറക്കാര്‍ക്കും. ഗ്രാൻഡ് ഫാദർ എന്ന സിനിമ ഗ്രാൻഡ് സക്സസ്സ് ആയി മാറട്ടെ.’–മമ്മൂട്ടി പറഞ്ഞു. 

കുമ്പസാരം എന്ന ചിത്രത്തിനു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഗ്രാൻഡ് ഫാദർ. ഷാനി ഖാദറിന്റേതാണ് കഥ. അജിത സിനിമാസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 20നു ആരംഭിക്കും.

ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് വിഷ്ണുമോഹന്‍ സിത്താരയാണ്. അനുശ്രീയാണ് നായിക. ദിവ്യ പിള്ള, സുരഭി സന്തോഷ്, ബാബുരാജ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബൈജു സന്തോഷ്, സംവിധായകൻ ജോണി ആന്റണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സമീർഹക്ക് ഛായാഗ്രഹണവും രഞ്ജിത്ത് ടച്ച് റിവര്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളാണ് പ്രധാന ലൊക്കേഷന്‍.