Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണു കിടക്കുന്നവരെ ചവിട്ടാൻ കഴിയില്ല: ദീപാ നിശാന്ത് വിഷയത്തിൽ മാലാ പാർവതി

deepa-mala-parvathy

ദീപാ നിശാന്തുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടി മാലാ പാർവതി. വീണു കിടക്കുന്നവരെ ചവിട്ടുക എന്നത് തനിക്കു കഴിയില്ലെന്ന് മാലാ പാർവതി വ്യക്തമാക്കുന്നു. ഇടത് അനുഭാവി ആയതു കൊണ്ടുള്ള മൗനമാണെന്ന വിമർശനത്തിനു മറുപടി നൽകുകയായിരുന്നു നടി.

മാലാ പാർവതിയുടെ കുറിപ്പിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ–

കുറപ്പേര് എന്നോടു ചോദിക്കുന്നു ദീപാ നിശാന്തിന്റെ വിഷയത്തിൽ എന്താ ഒന്നും പറയാത്തത് എന്ന്? ഇടത് അനുഭാവി ആയതു കൊണ്ടുള്ള മൗനം ആണെന്ന് തോന്നുന്നു എന്നൊക്കെ.. പ്രിയപ്പെട്ടവരെ.. അല്ല. വീണു കിടക്കുന്നവരെ ചവിട്ടുക എന്നത് എനിക്ക് പറ്റാത്ത ഒരു പരിപാടിയാ. ചെയ്തതിലെ അബദ്ധവും തെറ്റും നമ്മളെ ഓരോരുത്തരെക്കാളും മനസ്സിലാക്കുന്നുണ്ടാവും ടീച്ചർക്ക്.

അതേപോലെ ആ കവിത ടീച്ചറിന്റെ പേരിൽ വന്നപ്പോൾ കലേഷിന്റെ മനസികാവസ്ഥയും മനസ്സിലാക്കുന്നു. കലേഷിനോട് ആദരവ് മാത്രം. രണ്ടു പേർ തമ്മിലുള്ള കാര്യമാണ്. സിനിമയിൽ ഇതു നിറയെ കേൾക്കാറുണ്ട്. കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്ന് ദ്യശ്യം എന്ന സിനിമയുടെ കഥയെ സംബന്ധിച്ച്, ഞാനും അഭിനയിച്ച കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥയെ സംബന്ധിച്ചെല്ലാം.

മൗലികമായ ഒരു കൃതിയെ അനുവാദം ഇല്ലാതെ തന്റേതാക്കുന്നത് തെറ്റാണ് എന്ന് അറിയാത്തവരല്ല ആരും. എങ്കിലും സംഭവിക്കുന്നുണ്ട്. തീരെ യോജിക്കുന്നില്ല. അതിനപ്പുറം, പരിഹസിച്ച് ഭ്രഷ്ഠ് കല്പിക്കുന്ന കലാരൂപത്തോട് യോജിക്കുന്നില്ല. വ്യക്തികളെ ആക്രമിക്കാൻ എനിക്ക് വ്യക്തിപരമായി സാധിക്കാറില്ല. ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യ എന്നെ വല്ലാതെ വിഷമിപ്പിച്ച ഒന്നാണ്. കരുതിക്കൂട്ടി കൊന്നതൊന്നുമല്ല എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. പരിഹാസം പരിധി വിടുമ്പോൾ, ആത്മാഭിമാനത്തോടെ ആരെയും ഫേസ് ചെയ്യാൻ വയ്യാത്തവന്റെ നിസ്സഹായവസ്ഥയാണ് എന്നെ കൂടുതൽ ബാധിക്കാറ്. അവരുടെ സ്വകാര്യമായ ആത്മഗതങ്ങളാണ് എന്നെ വേട്ടയാടാറ്.

ആരോപണം വരുമ്പോൾത്ന്നെ ഭ്രഷ്ഠ് കല്പിക്കുന്ന അവസ്ഥ ദിലീപിന്റെ കാര്യത്തിൽ കണ്ടു. ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. അത് മമത ഉള്ളതു കൊണ്ടല്ല. വീണു എന്നതാണ് ശിക്ഷ എന്നാണ് എന്റെ അഭിപ്രായം. ബാക്കി നിയമം തീരുമാനിക്കുന്നതും. ബസ്‌സ്റ്റാൻഡിൽ ഒക്കെ പോക്കറ്റ് അടിച്ച് പിടിച്ചു എന്നു പറയുന്നവരെ കാണുന്നവർ കാണുന്നവർ തല്ലും. തല്ലുന്നത് കണ്ടും തല്ലും, കാരണം പോലും ചോദിക്കാതെ. കേരളത്തിൽ അങ്ങനെയും മരിച്ചിട്ടുണ്ട് ആൾക്കാർ.

പിന്നീട് ആ മരിച്ച ആൾ അല്ല കുറ്റക്കാരൻ എന്നു തെളിഞ്ഞിട്ടുള്ള വിഷയങ്ങളും ഉണ്ടായിട്ടുണ്ട്. അവരിൽ മധുവിന്റെ മുഖം മാത്രമേ നമ്മൾക്ക് അറിയു എന്നു മാത്രം. വീണു കിടക്കുന്നവരെ തല്ലാൻ ഞാനില്ല.

രാഷ്ട്രീയം പറയും . രാഷ്ട്രത്തെ മതങ്ങളുടെ പേരിൽ ഭിന്നിപ്പിക്കുന്നവർക്കെതിരെ തീർച്ചയായും പറയും. ദൈവത്തെ വിറ്റ് വോട്ടാക്കുന്നവരെക്കുറിച്ച് പറയാവുന്നതൊക്കെ പറയും. ഫാസിസത്തിനെതിരെ പറഞ്ഞുകൊണ്ടേയിരിക്കും. അത‌ുപോലെ ബലാത്സംഗങ്ങൾക്കെതിരെയും അതിക്രമങ്ങൾക്കെതിരെയും. അതിന്റെ പേരിൽ എല്ലാ വിഷയങ്ങളിലും പറയണമെന്ന് നിർബന്ധം പിടിക്കരുത്. എല്ലാ മീടുവും സപ്പോർട്ട് ചെയ്യാൻ എനിക്ക് സാധിക്കാറില്ല. സാധിച്ചിട്ടില്ല.

സമൂഹ മാധ്യമങ്ങളുടെ ശക്തി അപാരമാണ്. സ്മാർത്തവിചാരം പോലെയുള്ള വിചാരണകളിൽ കുടുങ്ങുന്നത് കാണുമ്പോൾ പക്ഷേ ഭയവും ആകുലതയും തോന്നാറുണ്ട് അല്ല തോന്നുന്നുണ്ട്.കൂട്ടമായി കല്ലെറിയുന്നതിനോടൊപ്പം കൂടാൻ എന്നെ ദയവ് ചെയ്ത് നിർബന്ധിക്കരുത്.ഞാനില്ല.

related stories